തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തക തുളസി ഭാസ്‌കരൻ (77) മാഞ്ഞാലിക്കുളം ധർമ്മാലയം റോഡ് അക്ഷയയിൽ നിര്യാതയായി. നെടുമങ്ങാട് സ്വദേശിയാണ്. ദേശാഭിമാനിയുടെ ആദ്യ വനിതാ ന്യൂസ് എഡിറ്ററായിരുന്നു.
1984ൽ ദേശാഭിമാനി കൊച്ചി യൂണിറ്റിൽ സബ്എഡിറ്റർ ട്രെയിനിയായി മാദ്ധ്യമപ്രവർത്തനം ആരംഭിച്ചു. 1989 മുതൽ തിരുവനന്തപുരത്ത് 'സ്ത്രീ' പ്രത്യേക പതിപ്പിന്റെ ചുമതലയിലും തുടർന്ന് ന്യൂസ്എഡിറ്ററായും പ്രവർത്തിച്ചു. 2008 സെപ്തംബറിൽ വിരമിച്ചു. 'ഇ.കെ. നായനാരുടെ ഒളിവുകാല ഓർമകൾ', സ്‌നേഹിച്ച് മതിയാവാതെ' എന്നീ പുസ്തകങ്ങളും ഏഴ് വിവർത്തന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിൽ സംസ്ഥാന സർക്കാർ പ്രതിനിധിയായിരുന്നു.
എസ്.എഫ്.ഐയുടെ പ്രഥമ ദേശീയ പ്രസിഡന്റും ചിന്ത പബ്ലിഷേഴ്സ് മുൻ എഡിറ്ററും സി.പി.എം നേതാവുമായ പരേതനായ സി. ഭാസ്‌കരനാണ് ഭർത്താവ്. മക്കൾ: മേജർ ദിനേശ് ഭാസ്‌കർ (മുഖ്യമന്ത്രി പിണറായി വിജയന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി), പരേതനായ മനേഷ് ഭാസ്‌കരൻ. മരുമക്കൾ: ശ്രീലേഖ ദിനേശ്, പൊന്നി മനേഷ്.
സംസ്‌കാരം ഇന്നുരാവിലെ ഒൻപതിന് തൈക്കാട് ശാന്തികവാടത്തിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |