SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.51 AM IST

എൽ.ഡി.എഫ് കൺവീനർ  ടി.പി.രാമകൃഷ്ണൻ ഒഴിഞ്ഞേക്കും, പി. രാജീവിന് സാദ്ധ്യത

READ ENGLISH VERSION
s

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ സ്ഥാനം ടി.പി.രാമകൃഷ്ണൻ ഒഴിഞ്ഞേക്കുമെന്ന് സൂചന. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണിത്. സി.പി.എം നേതൃത്വത്തെ അദ്ദേഹം ഇക്കാര്യം അറിയിച്ചെന്നും സൂചനയുണ്ട്. പകരം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ പി.രാജീവിന് സാദ്ധ്യത.

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾതന്നെ ടി.പി.രാമകൃഷ്ണൻ കൺവീനർ സ്ഥാനം ഒഴിയാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്ന നിലപാടിലായിരുന്നു സി.പി.എം നേതൃത്വം. ഘടകകക്ഷികളടക്കം തിരഞ്ഞെടുപ്പ് അവലോകനം പൂർത്തിയാക്കിയശേഷം ഇടതുമുന്നണി യോഗം അടുത്ത മാസം ചേരും. മുന്നണിയുടെ പ്രവർത്തനം കൂടുതൽ ഊർജസ്വലമാക്കുന്നതിനൊപ്പം സർക്കാരിനെതിരായ പ്രക്ഷോഭങ്ങളും സജീവമാക്കാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് പുതിയ കൺവീനറെക്കുറിച്ചുള്ള ആലോചന സി.പി.എം സജീവമാക്കിയത്.

കേന്ദ്ര കമ്മിറ്റി അംഗമായ പി.രാജീവിനെ പാർട്ടി സെന്ററിന്റെ ഭാഗമായി നിറുത്തുന്നത് കൂടുതൽ പ്രയോജനകരമാകുമെന്നും നേതൃത്വം വിലയിരുത്തുന്നു. പല വിഷയങ്ങളിലും വേഗത്തിലുള്ള പ്രതികരണങ്ങളും ഇടപെടലുകളും ആവശ്യമാണ്. സംസ്ഥാന സെക്രട്ടറി സ്ഥലത്തില്ലെങ്കിൽ സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിനെയാണ് ഇതിനായി ചുമതലപ്പെടുത്താറുള്ളത്.

പി.രാജീവ് കൂടി സെന്ററിന്റെ ഭാഗമായാൽ പാർട്ടിക്കും മുന്നണിക്കും കരുത്താകുമെന്നാണ് വിലയിരുത്തൽ. പാർട്ടി സെന്ററിന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കണമെന്ന തീരുമാനവുമുണ്ട്. പാർട്ടിയിൽ പുതിയ തലമുറയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള മാറ്റങ്ങളുടെ ഭാഗമായി കൂടിയാണ് രാജീവിനെ പരിഗണിക്കുന്നത്.

പ്രതിപക്ഷ നേതൃസ്ഥാനത്ത് പിണറായി വിജയൻ തുടരുമ്പോഴും നിയമസഭയിൽ കെ.എൻ.ബാലഗോപാൽ കൂടി സജീവമാകണമെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. സഭയിൽ ഉയർന്നു വരുന്ന വിഷയങ്ങളിൽ പ്രതികരണങ്ങൾ നൽകേണ്ട ചുമതല ബാലഗോപാലിന് നൽകിയേക്കും. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് സി.പി.എം വ്യക്തമാക്കുന്നത് ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA