SignIn
Kerala Kaumudi Online
Monday, 21 September 2026 11.16 PM IST

ട്രഷറി തട്ടിപ്പ്; ബിജുലാലിന്റെ വീട്ടിൽ പൊലീസ് റെയ്‌ഡ്

bijulal

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജുലാലിന്റെ തിരുവനന്തപുരം കരമനയിലുള്ള വാടക വീട്ടിൽ പൊലീസ് റെയ്‌ഡ് നടത്തുന്നു. ബിജുലാലിനെ കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്‍ച പൊലീസ് അപേക്ഷ നൽകും. ഇക്കഴിഞ്ഞ ഡിസംബറിൽ 3000 രൂപ ഒരിടപാടുകാരനിൽ നിന്ന് തട്ടിയെടുത്താണ് ബിജുലാൽ സാമ്പത്തിക തിരിമറി തുടങ്ങിയത്. ഇടപാടുകാരന്റെ ചെക്ക് ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. ഇത് പിടിക്കപ്പെടാതിരുന്നതോടെ ബിജുവിന്റെ ആത്മവിശ്വാസം കൂടി. പിന്നീട് മുൻ സബ് ട്രഷറി ഓഫിസറുടെ യൂസർ നെയിമും പാസ്‍വേർഡും മനസിലാക്കിയ ശേഷമാണ് വൻ തട്ടിപ്പ് തുടങ്ങിയത്.

ഏപ്രിൽ, മെയ് മാസങ്ങളിലായി 74 ലക്ഷം രൂപ പല തവണകളായി ട്രഷറിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ഒറ്റത്തവണ തട്ടിയെടുത്ത ഏറ്റവും ഉയർന്ന തുക 58 ലക്ഷം രൂപയാണ്. പിന്നെ ചെറിയ തുകകളായി പല ഘട്ടങ്ങളിൽ പണം തട്ടിയെടുത്തു. ട്രഷറിയിലെ സോഫ്റ്റ് വെയർ പിഴവുകൾ മുതലെടുത്തായിരുന്നു ബിജുലാലിന്റെ ഓരോ തിരിമറിയും നടന്നത്. തുടർച്ചയായി ബിജു തട്ടിപ്പ് നടത്തിയിട്ടും മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടാതിരുന്നതും ഈ പിഴവുകൾ കാരണമാണ്. ഇതിനായി മേലധികാരികളുടെയടക്കം ഒപ്പും ബിജു തന്നെ ഇട്ടു.

ജൂലായ് 27നായിരുന്നു ഏറ്റവും ഒടുവിൽ തട്ടിപ്പ് നടത്തിയത്. അന്ന് ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് 2 കോടി രൂപ മാറ്റിയെങ്കിലും സോഫ്റ്റ് വെയറിൽ തെളിവ് നശിപ്പിക്കാൻ കഴിയാതിരുന്നതാണ് പ്രതിക്ക് കുരുക്കായത്. ഈ പണം ബിജുവിന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിൽ തന്നെയുണ്ട്. അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ പണം തിരിച്ചെടുക്കാൻ ആകുമെന്നും സർക്കാരിന് നഷ്‌ടമുണ്ടാകില്ലെന്നുമാണ് അധികൃതർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TREASURY SCAM, BIJULAL, POLICE RAID, KERALAPOLICE, KERALA GOVERNMENT, THOMAS ISSAC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA