SignIn
Kerala Kaumudi Online
Friday, 23 October 2026 6.38 PM IST

സിനിമാ മേഖലയിൽ പ്രത്യേക ട്രൈബ്യൂണൽ രൂപീകരിക്കണം അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയിൽ

p

കൊച്ചി: സിനിമാ മേഖലയ്‌ക്കായുള്ള പ്രത്യേക നിയമത്തിൽ ഉൾപ്പെടുത്താനുള്ള കരട് നിർദ്ദേശങ്ങൾ അമിക്കസ് ക്യൂറി അഡ്വ. മിത സുധീന്ദ്രൻ ഹൈക്കോടതിയിൽ സമർപ്പിച്ചു. സിനിമ- ടെലിവിഷൻ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഗണിക്കാൻ പ്രത്യേക ട്രൈബ്യൂണൽ വേണം. കേരള എന്റർടെയ്‌ൻമെന്റ് ഇൻഡസ്ട്രി (ഇക്വാളിറ്റി ആൻഡ് എംപവ‌ർമെന്റ്) ആക്ട് എന്നാകണം നിയമത്തിന്റെപേര്. ട്രൈബ്യൂണൽ (കെ.ഇ.ഐ.ടി) ചെയർമാൻ റിട്ട. ഹൈക്കോടതി ജഡ്ജിയായിരിക്കണം.


വനിതാ കമ്മിഷനും വിമൻ ഇൻ സിനിമ കളക്ടീവ് അടക്കമുള്ളവരും നൽകിയ അഭിപ്രായങ്ങൾ പരിഗണിച്ചാണ് റിപ്പോർട്ട്. ഡിജിറ്റലായി പരാതി നൽകാൻ കേന്ദ്രം നടപ്പാക്കിയ ഷീ ബോക്‌സ് പോലുള്ള സംവിധാനം, പോഷ് ആക്ട് പ്രകാരം പരാതി ഉന്നയിക്കാൻ കഴിയുന്ന നോഡൽ ഓഫീസർ തുടങ്ങിയ നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്.

ഫെമിനിസ്റ്റിക് സമീപനത്തോടൊപ്പം സാമുദായിക സാമ്പത്തിക വെല്ലുവിളികൾ അടക്കമുള്ള വിഷയങ്ങളും പരിഗണിച്ചുള്ള സമഗ്ര നിയമമാണ് വേണ്ടതെന്ന് ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി.എസ്.സുധയും അടങ്ങിയ ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. സിനിമയിൽ തന്നെ ദളിത് സ്ത്രീകളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളും നേരിടുന്ന വിവേചനം ഭിന്നമായിരിക്കും.

ഇത്തരം വിഷയങ്ങൾ പരിഗണിക്കുന്നതല്ല നിലവിലുള്ള നിയമങ്ങൾ. നിയമ നിർമ്മാണത്തിനുള്ള സ‌ർക്കാരിന്റെ അധികാരത്തിൽ ഇടപെടില്ല. സഹായകമായ ശുപാർശകൾ നൽകുകയാണ് ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി. വിഷയം ഫെബ്രുവരി 6ന് വീണ്ടും പരിഗണിക്കും.

ഹേമ റിപ്പോർട്ട്: 8
പരാതികൾ കൂടി

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേക ടീമിന് എട്ട് പരാതികൾ കൂടി ലഭിച്ചതായി സർക്കാർ അറിയിച്ചു. അഞ്ചെണ്ണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മൂന്നെണ്ണം തുടർ നടപടികൾക്കായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്ക് അയച്ചെന്നും അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ് വിശദീകരിച്ചു. 35 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRIBUNAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA