SignIn
Kerala Kaumudi Online
Saturday, 08 August 2026 1.45 AM IST

വിഴിഞ്ഞം തുറമുഖ റെയിൽപ്പാത നിർമ്മാണം കേന്ദ്രപദ്ധതിയിൽ

READ ENGLISH VERSION
v

തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ പ്രധാന റെയിൽപ്പാതയുമായി ബന്ധിപ്പിക്കുന്ന വിഴിഞ്ഞം - ബാലരാമപുരം റെയിൽപ്പാതയുടെ നിർമ്മാണം കേന്ദ്രസർക്കാർ ഏറ്റെടുത്തു. പി.എം.ഗതിശക്തി മാസ്റ്റർ പ്ളാനിൽ ഉൾപ്പെടുത്തിയതായി കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

രാജ്യസഭയിൽ പി. പി. സുനീർ എം.പിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ കരാർ പ്രകാരം ഇന്ത്യൻ റെയിൽവേയുടെ മേൽനോട്ടത്തിൽ പാതയുടെ നിർമ്മാണവും പരിപാലനവും സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന് (വി.ഐ.എസ്.എൽ) ആയിരുന്നു. . സാമ്പത്തിക പരിമിതി കാരണം നീണ്ടുപോകാൻ സാദ്ധ്യത ഉണ്ടായിരുന്നു. പി.എം.ഗതിശക്തിയിൽ ഉൾപ്പെടുത്തിയതോടെ പാതയുടെ നിർമ്മാണവും പരിപാലനവും റെയിൽവേ ഏറ്റെടുത്തു. യാതൊരു സാമ്പത്തിക പ്രതിസന്ധിയും ഇല്ലാതെ അതിവേഗം പൂർത്തിയാക്കാൻ കഴിയും.

തിരുവനന്തപുരം-നാഗർകോവിൽ പാതയിലെ ബാലരാമപുരം സ്റ്റേഷനുമായി വിഴിഞ്ഞം തുറമുഖത്തെ ബന്ധിപ്പിക്കുന്ന 10.7 കിലോമീറ്റർ പാതയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. റെയിൽവേ മന്ത്രാലയത്തിന്റെ പൊതു സ്വകാര്യ പങ്കാളിത്ത നയം അനുസരിച്ചാണ് ദക്ഷിണ റെയിൽവേയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡും (വി.ഐ.എസ്.എൽ) തമ്മിലുള്ള നിർമ്മാണ കരാർ.

ട്രെയിൻ സർവീസുകളുടെ നടത്തിപ്പും ഗതാഗത നിയന്ത്രണവും പൂർണ്ണമായും ഇന്ത്യൻ റെയിൽവേയുടെ ചുമതലയിലായിരിക്കും.

തുറമുഖത്തെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നത് ചരക്കുനീക്കം വേഗത്തിലാക്കാനും ഇന്ത്യൻ റെയിൽവേയുടെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് ശേഷി വർദ്ധിപ്പിക്കാനും ഏറെ സഹായകരമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VZM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA