SignIn
Kerala Kaumudi Online
Thursday, 24 September 2026 10.03 PM IST

സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം സർക്കാരിന്റെ ധൂർത്ത്; സിപിഎമ്മിന്റെ കിളിപോയെന്ന് വി  ഡി  സതീശൻ

v-d-satheesan

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇലക്ട്രിസിറ്റി ബോർഡിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന്ന അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഫലമായി ഉണ്ടായ ഭീമമായ ബാദ്ധ്യത സാധാരണക്കാരായ ജനങ്ങളുടെ മേൽ കെട്ടിവയ്ക്കുന്നതാണ് സർക്കാരിന്റെ പുതിയ തീരുമാനമെന്ന് വി ഡി സതീശൻ ആരോപിച്ചു. നിരക്ക് വർദ്ധനവിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉമ തോമസ് എംഎൽഎയുടെ ഓഫീസ് ഉദ്ഘാടന ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

'വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കേണ്ട സാഹചര്യമല്ല ഇന്ന് കേരളത്തിലുള്ളത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ ജനങ്ങൾ കടന്നു പോകുന്നത്. നിരക്ക് വർദ്ധനവിലൂടെ വലിയൊരു ഭാരമാണ് ജനങ്ങൾക്ക് നൽകുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി കാറു വാങ്ങുന്നതിനെക്കുറിച്ചൊന്നും വിമർശിക്കുന്നില്ല. എന്നാൽ എന്തുകൊണ്ടാണ് ഇത്രയും വലിയ കടുത്ത പ്രതിസന്ധി സംസ്ഥാനം നേരിടുന്നത്. സർക്കാരിന് വരുമാനമില്ല. അതിന് പ്രധാന കാരണം നികുതി പിരിവിൽ സർക്കാർ പരാജയപ്പെട്ടു, മറ്റൊന്ന് ദുർചെലവും. എന്തിനാണ് സർക്കാർ ധൂർത്തടിക്കുന്നത്. ധനകാര്യവകുപ്പ് നിഷ്‌ക്രിയമായ അവസ്ഥയിലാണ് നിൽക്കുന്നത്. കടബാദ്ധ്യത സംബന്ധിച്ചും കിട്ടാനുള്ള പണത്തെ സംബന്ധിച്ചും സർക്കാ‌ർ അടിയന്തരമായി ധവളപത്രം പുറത്തിറക്കണം'-വി ‌സതീശൻ ആവശ്യപ്പെട്ടു.

'വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധിയെ തുരത്താനുള്ള ക്വട്ടേഷൻ സിപിഎം ഏറ്റെടുത്തിരിക്കുകയാണ്. അതിനുള്ള ശേഷിയുള്ളവർ സിപിഎമ്മിലില്ല. വയനാട്ടിൽ സിപിഎം ആർക്കെതിരെയാണ് പ്രതിഷേധം നടത്തുന്നത്. അന്തരീക്ഷത്തിലേയ്ക്ക് നോക്കിയിട്ടാണോ? സിപിഎമ്മിന് എന്തോ പറ്റി. കിളി പറന്നുപോയതുപോലെയാണ്. ബാലൻസ് തെറ്റിയിരിക്കുന്നു. പേടിയും വെപ്രാളവും പ്രകടിപ്പിക്കുന്നു'- അദ്ദേഹം പറഞ്ഞു.

'2019ൽ പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ മന്ത്രിസഭാ യോഗം ചേർന്ന് വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോ മീറ്റർ ദൂരം ബഫർ സോണാക്കണമെന്ന് തീരുമാനമെടുത്തു. ഇത് തന്നെയാണ് സുപ്രീം കോടതി വിധിയായി പുറത്തുവന്നത്. ഇതിനെതിരെയായി പിന്നീട് സിപിഎം വയനാടിൽ പ്രതിഷേധിച്ചത്. എങ്ങനെയാണ് ഇത്തരത്തിൽ ആളുകളെ പറ്റിക്കാൻ സാധിക്കുന്നത്'- അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, ELECTRICUTY, RATE, HIKE, V D SATHEESAN, PINARAYI, VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA