
തിരുവനന്തപുരം:പൊതുപരിപാടികളിലും യാത്രകളിലും സുരക്ഷ കൂട്ടണമെന്ന് പൊലീസും രഹസ്യാന്വേഷണവിഭാഗവും ആവശ്യപ്പെട്ടെങ്കിലും വേണ്ടെന്ന നിലപാടിൽ മുഖ്യമന്ത്രി വി.ഡി സതീശൻ.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സുരക്ഷ തനിക്ക് വേണ്ടെന്ന് അദ്ദേഹം ഡി.ജി.പിയെ അറിയിച്ചു. പതിവുള്ള എസ്‌കോർട്ട്, പൈലറ്റ് വാഹനങ്ങൾക്ക് പുറമെ ഏതാനും വാഹനങ്ങൾ കൂടി പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. അനിയന്ത്രിതമായി ജനക്കൂട്ടം മുഖ്യമന്ത്രിക്ക് അടുത്തെത്തുകയും ശരീരത്തിൽ സ്പർശിക്കുന്ന വിധത്തിൽ അടുത്തിടപഴകുകയും ചെയ്യുന്നതിനാൽ ജാഗ്രത വേണമെന്ന് ഇന്റലിജൻസ് എ.ഡി.ജി.പി ദിനേന്ദ്രകശ്യപ് നിർദേശം നൽകി. പൊതുപരിപാടികളിലും അദ്ദേഹം യാത്ര ചെയ്യുന്ന ഇടങ്ങളിലും യൂണിഫോം ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കു പുറമേ മഫ്തിയിലും ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും നിർദേശത്തിലുണ്ട്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി യുവമോർച്ച കരിങ്കൊടി കാണിക്കുന്ന സാഹചര്യത്തിൽ, യാത്രയിൽ സുരക്ഷ ഉയർത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ മാത്രം മതിയെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇസഡ്-പ്ലസ് കാറ്റഗറി സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. തൻറെ യാത്ര കാരണം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവരുതെന്ന് മുഖ്യമന്ത്രി പൊലീസിന് കർശനനിർദ്ദേശം നൽകിയിട്ടുണ്ട്. തനിക്ക് കടന്നുപോവാൻ ജനങ്ങളെ വഴിയിൽ തടയരുതെന്നും സാധാരണക്കാരനെപ്പോലെ നേരത്തെ സഞ്ചരിച്ചിരുന്ന രീതിയിൽ പോയാൽ മതിയെന്നും ഒരുതരത്തിലുള്ള ഗതാഗതക്രമീകരണങ്ങളും പാടില്ലെന്നും റോഡ് അടച്ചിടരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |