
തിരുവനന്തപുരം: അമ്മാളു അമ്മ വന്നപ്പോൾ ജനസാഗരം വികാരപ്പുഴയായി. പോറ്റമ്മയെ എന്നപോലെ മുഖ്യമന്ത്രി വി.ഡി. സതീശൻ അവരെ വാരിപ്പുണർന്നു. അടുത്തിരുന്ന രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പരിചയപ്പെടുത്തി- 'ഇത് എനിക്ക് അമ്മ'. വിലക്കുകളുടെയും നിയന്ത്രണങ്ങളുടെയും കാലം കഴിഞ്ഞെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു ആ രംഗം.
മക്കളില്ലാത്ത സീതാലക്ഷ്മി അമ്മാളിന് മഹാപ്രളയകാലത്ത് കൈത്താങ്ങായതും അമ്മാളുഅമ്മ എന്നു വിളിപ്പേരിട്ടതും അന്ന് എം.എൽ.എയായിരുന്ന വി.ഡി.സതീശനാണ്. വീട് ഉൾപ്പെടെ നിർമ്മിച്ചുനൽകാൻ അദ്ദേഹം സഹായിച്ചു. എറണാകുളം കടുങ്ങല്ലൂർ സ്വദേശി അമ്മാളു അമ്മയ്ക്ക് സതീശൻ സ്വന്തം മകനാണ്. മകനെ കാണണമെന്നു പറഞ്ഞാണ് അമ്മാളു എത്തിയത്. സതീശനൊപ്പം നിൽക്കുന്ന ഫോട്ടോയും ഉയർത്തിപ്പിടിച്ചായിരുന്നു വരവ്.
വലതുകൈ സാക്ഷി
ഒരു പൂച്ചെണ്ടുമായാണ് പാലക്കാട്ടു നിന്ന് ഒൻപതുകാരി വിനോദിനി സെൻട്രൽ സ്റ്റേഡിയത്തിലെത്തിയത്. മുഖ്യമന്ത്രിക്ക് പൂച്ചെണ്ടു നൽകി, ഇത്തിരി കൊച്ചുവർത്തമാനവും പറഞ്ഞാണ് അവൾ മടങ്ങിയത്.
വി.ഡി.സതീശന്റെ ഇടപെടലിനെത്തുടർന്നാണ് വിനോദിനിയുടെ വലതുകൈ ചലിക്കുന്നത്. ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വിനോദിനിയുടെ വലതുകൈ മുറിച്ചുമാറ്റിയിരുന്നു.
ഈ വാർത്ത പുറത്തുവന്നതിനു പിന്നാലെ, പ്രതിപക്ഷ നേതാവായിരുന്ന സതീശൻ ഇടപെട്ട് കൃത്രിമ കൈ വച്ചുപിടിപ്പിക്കാനുള്ള ക്രമീകരണമൊരുക്കി. മുഴുവൻ തുകയും സ്വയം നൽകി. കൊച്ചിയിൽ വിദഗ്ദ്ധ പരിശോധനകൾക്കുശേഷം കൃത്രിമ കൈ വിദേശത്തു നിന്ന് എത്തിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കൈ വച്ചുപിടിപ്പിച്ചത്.
വി.ഡി.സതീശൻ മുഖ്യമന്ത്രിയാകുന്നത് ഏറ്റവും സന്തോഷകരമായ അനുഭവമെന്ന് വിനോദിനിയും മാതാപിതാക്കളും പറഞ്ഞു. ഒരു കൊച്ചുകുട്ടിയും ചടങ്ങിനിടയിൽ വേദിയിലെത്തി മുഖ്യമന്ത്രിക്ക് ആശംസ നേർന്ന് ഓടിപ്പോയി. അവളെയും സ്നേഹത്തോടെ പരിഗണിച്ചു. രാഹുൽഗാന്ധിയും ആ കുട്ടിയെ അഭിവാദ്യം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |