
തിരുവനന്തപുരം: നടൻ സലിം കുമാർ മരിച്ചുകഴിഞ്ഞിട്ടും അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇത് കേരളത്തിലാണ് നടക്കുന്നതെന്നത് ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം സുഖമില്ലാതെ കിടന്നപ്പോൾ 'ചത്തുകൂടെ' എന്നാണ് ചിലർ സോഷ്യൽ മീഡിയയിലൂടെ ചോദിച്ചത്. ആരാണ് ഇതിന് പിറകിലെന്നും അവരെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സലിം കുമാറിന്റെ വീട്ടിൽ വലിയ രീതിയിൽ നവമാദ്ധ്യമങ്ങൾ തടിച്ചുകൂടി. ഞാൻ തന്നെ ദേഷ്യപ്പെട്ടുപോയി. കാരണം ഔദ്യോഗിക ബഹുമതി അദ്ദേഹത്തിന് നൽകാനോ കുടുംബാംഗങ്ങൾക്ക് കർമങ്ങൾ ചെയ്യാനോ കഴിയാത്ത അവസ്ഥ വന്നു. അന്ന് വല്ലാത്ത ഒരു സ്ഥിതി ആയിരുന്നു അവിടെ. ഞാനാണ് ആദ്യം അതിനോട് പ്രതികരിച്ചത്. നിങ്ങൾ മാറി നിൽക്കണമെന്ന് ഞാൻ പറഞ്ഞു. അതുമാത്രമല്ല സലിം കുമാർ രോഗബാധിതനായി കിടക്കുമ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ആക്രമണം അദ്ദേഹത്തിന് എതിരെ ഉണ്ടായി.
മരിച്ചുകഴിഞ്ഞിട്ടും അദ്ദേഹത്തിന് നേരെ സെെബർ ആക്രമണം നടന്നു. ദേശീയ അവാർഡ് നേടിയ നടനാണ്. മലയാളികളെ ഒരുപാട് ചിരിപ്പിച്ച നടനാണ്. മലയാളികളുടെ പ്രിയങ്കരനായ അദ്ദേഹത്തെക്കുറിച്ച് എന്തൊക്കെ മോശം പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ നടന്നത്. ആരാണ് ഇതിന്റെ പിറകിൽ. ഇവിടെ എല്ലാവർക്കും രാഷ്ട്രീയമുണ്ട്. അവരുടെ രാഷ്ട്രീയത്തിന്റെ പേരിൽ ഒരാൾ രോഗബാധിതനായി കിടക്കുമ്പോൾ അവർക്കെതിരെ നടന്ന ഒരു സെെബർ ആക്രമണം ഉണ്ടല്ലോ, ഇത് നമ്മുടെ കേരളത്തിന് യോജിച്ചതല്ല. അത് കേരളം തിരിച്ചറിയും'- മുഖ്യമന്ത്രി വ്യക്തമാക്കി.
ആലപ്പുഴയിലെ രക്ഷാപ്രവർത്തനകേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് മുൻകൂർ ജാമ്യം ലഭിച്ചതിൽ കോടതി വിധി സംബന്ധിച്ച് പഠിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. സിപിഎമ്മിനെ തോൽപിക്കുന്നതിനേക്കാൾ തോറ്റെന്ന് അവരെ ബോദ്ധ്യപ്പെടുത്താനാണ് പ്രയാസമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |