
കൊച്ചി: കണ്മുന്നിൽ വാഹനാപകടം കണ്ട് വാഹനവ്യൂഹം നിറുത്തി അപകടത്തിൽപെട്ട യുവാവിനെ ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി വി.ഡി.സതീശൻ. പിന്നിൽ നിന്ന് വന്ന കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മുളവുകാട് സ്വദേശി ആൽവിൽ പെരേരയെ എസ്കോർട്ട് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. പൊലീസ് അകമ്പടിയില്ലാതെ മുഖ്യമന്ത്രി യാത്ര തുടർന്നു. ആൽവിന്റെ പരിക്ക് ഗുരുതരമല്ല.
കണ്ടെയ്‌നർ റോഡിൽ കോതാട് നിഹാര റിസോർട്ടിന് സമീപം ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ കുഡുംബി സേവാസംഘം സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പറവൂരിൽ നിന്ന് വരികയായിരുന്നു മുഖ്യമന്ത്രി. ചോരയൊലിച്ച് ബോധമില്ലാതെ, റോഡിൽ വീണുകിടക്കുന്ന ആൽവിനെ കണ്ട് വാഹനവ്യൂഹം നിറുത്തിക്കുകയായിരുന്നു. ആൽവിനെ ആശുപത്രിയിലാക്കാൻ എസ്കോർട്ട് വന്ന മരട് സി.ഐ വിപിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആൽവിനെ ആശുപത്രിയിലേക്ക് വിട്ട ശേഷമാണ് മുഖ്യമന്ത്രി പുറപ്പെട്ടത്. ആശുപത്രിയിലെത്തിയ ഉടൻ ആൽവിന് ബോധം തെളിഞ്ഞതായി സി.ഐ വിപിൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |