
തിരുവനന്തപുരം:പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരു യൂണിറ്റ് വിഭജിക്കുന്നതിനെതിരായ കേരളത്തിന്റെ പ്രതിഷേധങ്ങൾ അവഗണിച്ച്, വിഭജന നടപടികൾ വേഗത്തിലാക്കി റെയിൽവേ.
മംഗളുരു മേഖല പാലക്കാടിൽ നിന്ന് മൈസുരു ഡിവിഷനിലേക്ക് മാറുന്നതിന്റെ അധികാര കൈമാറ്റം കഴിഞ്ഞയാഴ്ച തുടങ്ങി. റെയിൽപ്പാളം, പാലങ്ങൾ, കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള ആസ്തികൾ രേഖാമൂലം കൈമാറും. അധികാര പരിധി നിശ്ചയിച്ചുള്ള സ്‌കെച്ച്, പ്രവൃത്തികളുടെ പട്ടിക ഉൾപ്പെടെയുള്ള കരാറുകൾക്കും, സാമ്പത്തിക ബാധ്യതകളുടെ കൈമാറലിനും ധാരണയായി.നിലവിൽ പാലക്കാട് ഡിവിഷനിലുള്ള 83 കിലോമീറ്റർ ട്രാക്ക്(മെയിൻ ലൈൻ) ,32.4 കിമീ. ലൂപ്പ് ലൈൻ,പടീൽ, കുലശേഖര ടണലുകൾ, എന്നിവയും,അഞ്ച്.ലെവൽ ക്രോസിങുകളും 17പാലങ്ങളും 12 മേൽപ്പാലങ്ങളും ഉള്ളാലിലെ 25ഉം,മംഗളൂരുവിലെ 320ഉം ജംഗ്ഷനിലെ 48 ഉം ഉൾപ്പെടെ മൊത്തം 393 കെട്ടിടങ്ങളും മൈസൂരുവിന് കൈമാറും.
പാലക്കാട് ഡിവിഷന്റെ അധികാര പരിധിയിൽ വരുന്ന പ്രവൃത്തികൾ/കരാറുകൾ/അനുമതികൾ എന്നിവ കരാറുകളിൽ നിശ്ചയിച്ചിട്ടുള്ള കാലാവധി പൂർത്തിയാകുന്നത് വരെ പാലക്കാട് ഡിവിഷൻ നിർവ്വഹിക്കും. പാലങ്ങൾ, കാൽനട മേൽപ്പാലങ്ങൾ, സംരക്ഷണ ഭിത്തികൾ, സിവിൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രൂപരേഖയും (ഡ്രോയിങ്) പാലക്കാട് ഡിവിഷൻ മൈസുരു ഡിവിഷന് കൈമാറാനും ധാരണയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |