SignIn
Kerala Kaumudi Online
Sunday, 27 September 2026 2.09 AM IST

മുഖ്യമന്ത്രിയുടെ പരിപാടിയിൽ മാദ്ധ്യമങ്ങളെ വിലക്കി പൊലീസ്

1

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്ത കൊച്ചിയിലെ പരിപാടികളിൽ മാദ്ധ്യമപ്രവർത്തകർക്ക് കടുത്ത നിയന്ത്രണവും വിലക്കും ഏർപ്പെടുത്തി പൊലീസ്. കലൂർ ഗോകുലം പാർക്കിൽ നടന്ന ചടങ്ങിലുൾപ്പെടെ പ്രതികരണം തേടാനെത്തിയ മാദ്ധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു.

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ കെ.ജെ. പീറ്റർ പറഞ്ഞു. മുഖ്യമന്ത്രിക്ക് മറുപടി നൽകാൻ താത്പര്യമില്ലെന്നും ഇസെഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിയായതിനാൽ മാദ്ധ്യമപ്രവർത്തകർ മാറിനിൽക്കണമെന്നുമായിരുന്നു പൊലീസ് നിലപാട്.

ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് എം.പി മന്മഥൻ പുരസ്‌കാരം സമ്മാനിച്ച എറണാകുളം ബി.ടി.എച്ച് ഹോട്ടലിലും മാദ്ധ്യമങ്ങളെ തടയാൻ പൊലീസ് ഇടപെട്ടു. മാദ്ധ്യമപ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്താൻ കഴിയാത്തവിധം പൊലീസ് ഉദ്യോഗസ്ഥർ കൈകോർത്ത് നിലയുറപ്പിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് വാർത്ത കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചത് പൊലീസായിരുന്നെന്നും കേരളത്തെ ഒരു അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുകയാണോ മുഖ്യമന്ത്രിയുടെ ഉദ്ദേശ്യമെന്നും മുൻ മന്ത്രി പി. രാജീവ് ചോദിച്ചു. എത്ര സമയം വേണമെങ്കിലും മാദ്ധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാനാവുന്ന ഒരാൾ താൻ മാത്രമാണെന്നാണ് മുഖ്യമന്ത്രി മുമ്പ് പറഞ്ഞിരുന്നത്. അദ്ദേഹമാണ് ഇപ്പോൾ മാദ്ധ്യമങ്ങളോട് മോശപ്പെട്ട സമീപനം സ്വീകരിക്കുന്നതെന്നും പി. രാജീവ് വിമർശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA