
കൊച്ചി: വീണാ വിജയനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള നടപടികൾ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ഊർജിതമാക്കി. വീണയുടെ എക്‌സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിൽ നടത്തിയ ഇടപാടുകളെക്കുറിച്ച് സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) സമർപ്പിച്ച രേഖകൾ ഇ.ഡി ശേഖരിക്കും. കൊച്ചിയിലെ പ്രത്യേക പി.എം.എൽ.എ കോടതിയിൽ എസ്.എഫ്.ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിലെ രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ സമർപ്പിച്ചു. സി.എം.ആർ.എല്ലിൽ നിന്ന് മാസപ്പടി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട മുഴുവൻ അന്വേഷണങ്ങളുടെയും രേഖകളാണ് തേടുന്നത്. 54 വാല്യങ്ങളിലായി സമർപ്പിച്ച 134 രേഖകളുടെ അംഗീകൃത പകർപ്പ് ആവശ്യപ്പെട്ടാണ് അപേക്ഷ. കോടതി അപേക്ഷ ഇന്ന് പരിഗണിച്ചേക്കും.
വീണയുടെ മൊഴി, സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌തപ്പോൾ ലഭിച്ച വിവരങ്ങൾ, എക്‌സാലോജിക്കും സി.എം.ആർ.എല്ലും തമ്മിൽ നടത്തിയ കത്തിടപാടുകൾ, സാമ്പത്തികയിടപാടുകൾ, കരാറുകൾ തുടങ്ങിയവയുടെ രേഖകളാണ് ആവശ്യപ്പെട്ടത്. എസ്.എഫ്.ഐ.ഒയ്‌ക്ക് ഷോൺ ജോർജ് നൽകിയ പരാതിയുടെ പകർപ്പ് നേരത്തെ ഇ.ഡി ശേഖരിച്ചിരുന്നു. വ്യക്തവും വിശദവുമായ തെളിവുകൾ മുന്നിൽവച്ച് വീണയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണ് രേഖകൾക്കായി കോടതിയെ സമീപിച്ചതെന്ന് ഇ.ഡി വൃത്തങ്ങൾ സൂചിപ്പിച്ചു. കഴിഞ്ഞദിവസം ഡയറക്‌ടർ പങ്കെടുത്ത യോഗത്തിലെ തീരുമാനപ്രകാരമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |