
തിരുവനന്തപുരം :ബ്രഹ്‌മപുരം അഴിമതി കേസിലെ ഒന്നാം പ്രതി കെ. എസ്. ഇ. ബി മുൻ ചെയർമാൻ ആർ.നാരായണനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട വിജിലൻസിന് കോടതിയുടെ രൂക്ഷ വിമർശനം. പ്രത്യേക വിജിലൻസ് കോടതിയാണ് വിമർശിച്ചത്. ഹർജി ഫയൽ ചെയ്യുന്നതിന് മുമ്പ് പ്രോസിക്യൂട്ടർക്ക് സാമാന്യ ബുദ്ധി ഉപയോഗിക്കാമായിരുന്നുവെന്ന് കോടതി പറഞ്ഞു. പ്രതി വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. വിജിലൻസ് ഹരജി തള്ളി.
പ്രതിക്കുവേണ്ടി വിജിലൻസ് തന്നെ കോടതിയെ സമീപിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്.
പ്രോസിക്യൂട്ടറുടെ നീക്കം പൊതുതാത്പര്യം സംരക്ഷിക്കാനോ നീതിവാഴ്ച ഉറപ്പ് വരുത്താനോ ഉള്ളതല്ല, മറിച്ച് അഴിമതി കേസിലെ പ്രതിയെ സംരക്ഷിക്കാനാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിജിലൻസ് നടപടി അഴിമതി നിരോധന നിയമത്തിന്റെ ഉദ്ദേശ്യശുദ്ധിയെ തകിടം മറിക്കും.പ്രതിക്കെതിരെ പ്രഥമ ദൃഷ്ട്യ കുറ്റം നിലനിൽക്കേ കേസിൽനിന്ന് ഒഴിവാക്കണം എന്ന ഹർജി ഫയൽ ചെയ്ത വിജിലൻസിന് സദുദ്ദേശ്യം അല്ലെന്ന് വ്യക്തമാണെന്ന് കോടതി വിലയിരുത്തി.
പ്രതിയെ കേസിൽ നിന്ന് ഒഴിവാക്കാൻ 11വർഷമായി സർക്കാർ വിചാരണ അനുമതി നൽകിയില്ലെന്ന വിജിലൻസ് വാദം അംഗീകരിക്കാൻ ആകില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. ബ്രഹ്‌മപുരത്ത് ഡീസൽ പവർ ജനറേറ്റർ സ്ഥാപിക്കുന്നതിനായി ഫ്രഞ്ച് കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ കോടികളുടെ അഴിമതി നടന്നെന്നാണ് വിജിലൻസ് കേസ്. മുൻ വൈദ്യുതി മന്ത്രിയായിരുന്ന സി.വി. പത്മരാജൻ , കെ.എസ്.ഇ.ബി മുൻ ചെയർമാൻ ആർ. നാരായണൻ, വൈ.ആർ. മൂർത്തി, മുൻ ചീഫ് എൻജിനീയർ സി.ജെ. ബർട്രാം നെറ്റോ, ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യൻ ഏജന്റ് ദേബാശിഷ് മജുംദാർ എന്നിവരുൾപ്പെടെ 12 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇതിൽ രണ്ടു പ്രതികളുടെ വിടുതൽ ഹർജി മുമ്പ് കോടതി അംഗീകരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |