
വിഴിഞ്ഞം: മീൻപ്രതീക്ഷയിൽ വലവലിച്ചാൽ കിട്ടുന്നത് നിറയെ പ്ലാസ്റ്റിക്കുകൾ. വിഴിഞ്ഞം മതിപ്പുറം മേഖലയിലെ വലപ്പണിക്കാർ, 25മീറ്റർ ആഴമുള്ള കടലിന്റെ അടിത്തട്ടിൽ വലവിരിച്ച് രാവിലെ വലിച്ചെടുക്കുമ്പോൾ മത്സ്യങ്ങൾക്ക് പകരം പ്ലാസ്റ്റിക് ബോട്ടിലുകൾ, ബാഗുകൾ, നാപ്കിനുകൾ തുടങ്ങിയ മാലിന്യങ്ങളാണ് കിട്ടുന്നത്. ഇവ മത്സ്യബന്ധന വലകൾ കേടാക്കുന്നതാണ്.
മഴക്കാലപൂർവ്വ ശുചീകരണം കഴിയുമ്പോൾ ഓടകളിലും കാനാലുകളിലും കായലുകളിലും അടിഞ്ഞുകൂടി കിടക്കുന്ന മാലിന്യങ്ങൾ മുഴുവൻ പൊഴികൾ വഴി കടയിലേയ്‌ക്കെത്തുന്നു. ഈ പ്ലാസ്റ്റിക്കുകൾ കടപ്പുറത്ത് തന്നെ ഉപേക്ഷിക്കപ്പെടുന്നതിനാൽ അവ വീണ്ടും കടലിലേക്ക് തന്നെ പോകാൻ സാദ്ധ്യതയുണ്ട്.
കോർപ്പറേഷൻ അടിയന്തരമായി ഇടപെട്ട് വിഴിഞ്ഞം മതിപ്പുറത്ത് കടലിൽ നിന്നെത്തുന്ന പ്ലാസ്റ്റിക്കുകൾ അന്നന്നു തന്നെ നീക്കം ചെയ്യുകയും, പൊഴിമുഖങ്ങളിൽ വലകെട്ടി പ്ലാസ്റ്റിക്കുകൾ കടലിലേക്ക് പോകാൻ അനുവദിക്കാതിരിക്കുകയും വേണമെന്ന് ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് ആവശ്യപ്പെട്ടു. എഫ്.എം.എല്ലിന്റെ തീരസന്ദർശനത്തിൽ റോബർട്ട് പനിപ്പിള്ള, മുഹമ്മദ് സാദിഖ്,അബുസാലി,ഗോഡ്ഫ്രിൻ ബിജു,രവി പനക്കൽ,ഫൈസൽ എന്നിവർ പങ്കെടുത്തു.
തീരാതെ പ്ലാസ്റ്റിക് മുത്തുകൾ
കഴിഞ്ഞ വർഷം ആലപ്പുഴ തോട്ടപ്പള്ളിയിൽ അപകടത്തിൽപ്പെട്ട എം.എസ്.സി എൽസ3 എന്ന ചരക്കു കപ്പലിൽ നിന്നും കടലിലകപ്പെട്ട പ്ലാസ്റ്റിക് പെല്ലറ്റുകൾ കോവളം തീരത്ത് വർദ്ധിച്ച അളവിൽ കരയ്ക്കടിയുകയാണ്. ഒരു വർഷം മുമ്പ് കടലിലകപ്പെട്ട പ്ലാസ്റ്റിക് പെല്ലറ്റുകളുടെ വലിപ്പത്തിലും നിറത്തിലും ഇപ്പോൾ മാറ്റം വന്നിരിക്കുന്നുവെന്നത് ഗുരുതരമായ പ്രശ്നമാണെന്ന് എഫ്.എം.എൽ പറയുന്നു
.പ്ലാസ്റ്റിക് തരികൾ കടൽ വെള്ളത്തിൽ അലിഞ്ഞുചേരുകയോ അവയിൽ സൂക്ഷ്മജീവികളും മറ്റും വളരുകയോ ചെയ്യുന്നുവെന്നും ഇത് കടൽ പരിസ്ഥിതിയിൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ഇവർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |