SignIn
Kerala Kaumudi Online
Tuesday, 09 June 2026 1.14 AM IST

'ഒരു കമ്മീഷണർ മാത്രം വിചാരിച്ചാൽ പൂരം കലക്കാൻ ആവില്ല': എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് തള്ളി വി എസ് സുനിൽകുമാർ

READ ENGLISH VERSION
sunilkumar

തൃശൂർ: പൂരം കലക്കിയ സംഭവത്തിൽ ഗൂഢാലോചനയോ ബാഹ്യ ഇടപെടലോ ഇല്ലെന്ന എഡിജിപി എംആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി വി എസ് സുനിൽകുമാർ. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഇടതുസ്ഥാനാർത്ഥിയായിരുന്നു വി എസ് സുനിൽകുമാർ.

'റിപ്പോർട്ട് ഔദ്യോഗികമായി കാണാതെ പരസ്യമായി പ്രതികരിക്കുന്നത് ശരിയല്ല. പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്.എനിക്കു മനസിലായ കാര്യങ്ങൾ അനുസരിച്ചിട്ടുള്ളത് ആ റിപ്പോർട്ടിൽ വന്നു കൊള്ളണമെന്നില്ല. ബാഹ്യ ഇടപെടൽ ഇല്ല എന്ന റിപ്പോർട്ട് അംഗീകരിക്കാൻ ആവില്ല. രാഷ്ട്രീയ കുപ്പായം അഴിച്ചു വച്ചിട്ടു വരുന്ന സ്ഥലമാണ് തൃശൂർ പൂരം. ജനങ്ങളുടെ പൂരം ആ രീതിയിൽ തന്നെ നടക്കണം.മേലിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത് എന്നാണാഗ്രഹം.ആ സംഭവത്തിൽ പഴി കേൾക്കേണ്ടി വന്ന ആളാണ് താൻ. ഒരു കമ്മീഷണർ മാത്രം വിചാരിച്ചാൽ പൂരം കലക്കാൻ ആവില്ല. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ കിട്ടിയതിനു വിശദമായി പ്രതികരിക്കാം'- അദ്ദേഹം പറഞ്ഞു.

തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന അന്വേഷണ റിപ്പോർട്ടാണ് എഡിജിപി എംആർ അജിത് കുമാർ ഇന്നലെ ഡിജിപിക്ക് സമർപ്പിച്ചത്. പൂരം അലങ്കോലപ്പെട്ടതിൽ ബോധപൂർവമായ അട്ടിമറിയോ ഗൂഢാലോചനയോ ഇല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ഏകോപനത്തിലും അനുനയത്തിലും സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകിന് വീഴ്ച ഉണ്ടായെന്നും പറയുന്നുണ്ട്. ചിത്രങ്ങളടക്കം റിപ്പോർട്ടിലുണ്ട്. പൂരദിവസം രാത്രിയുണ്ടായ സംഭവങ്ങളുടെ വിവരണമാണ് റിപ്പോർട്ടിൽ കൂടുതൽ ഉള്ളതെന്നാണ് സൂചന.

എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് പരിശോധിക്കും. അഞ്ചുമാസത്തെ അന്വേഷണം പൂർത്തിയാക്കി ഇന്നലെയാണ്

എഡിജിപി എം ആർ അജിത് കുമാർ റിപ്പോർട്ട് നൽകിയത്. ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ആദ്യം നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇന്നലെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.

പൂരം കലക്കൽ സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ഒരാഴ്ച സമയം നീട്ടി നൽകിയെന്നും 24ന് റിപ്പോർട്ട് ലഭിക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഇതുകഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ അജിത് കുമാർ റിപ്പോർട്ട് ഡിജിപിക്ക് കൈമാറുകയായിരുന്നു.

തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയ്ക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കാൻ സർക്കാർ പൊലീസിനെ ഉപയോഗിച്ച് പൂരം അലങ്കോലമാക്കിയെന്ന ആക്ഷേപങ്ങളും ഉയർന്നിരുന്നു. പൊലീസ് നടപടിക്കെതിരെ വിഎസ്.സുനിൽകുമാർ ഉൾപ്പെടെ കടുത്ത അമർഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തൃശൂർ പൂരം അലങ്കോലപ്പെടുത്തുന്നതിൽ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോയെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് അന്വേഷണം നടന്നില്ലെന്ന് മറുപടി നൽകിയ പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എംഎസ് സന്തോഷിനെ കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: INVESTIGATION REPOR, TRISSUR POORAM, VS SUNILKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA