
തിരുവനന്തപുരം: കെ.എസ്.ഹംസ അദ്ധ്യക്ഷനായ വഖഫ് ബോർഡ് പിരിച്ചു വിടാൻ സർക്കാർ നീക്കം തുടങ്ങി. അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന് വിലയിരുത്തിയും ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് കണക്കിലെടുത്തുമാണ് നീക്കം.
ഇടതു സർക്കാരിന്റെ കാലത്ത് നിയമിച്ച ചെയർമാനും അംഗങ്ങളും അടങ്ങിയ ബോർഡിൽ സമഗ്രമായ അഴിച്ചുപണിക്കാണ് തീരുമാനം. ചെയർമാൻ കെ.എസ്.ഹംസയുടെ ഹർജി പരിഗണിക്കുന്നതിനിടെ, ബോർഡിന്റെ പുന:സംഘടന ആവശ്യമുണ്ടെങ്കിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നാലര വർഷത്തെ കാലാവധി ബോർഡിന് ബാക്കിയുണ്ട്. വഖഫ് ബോർഡിലെ ഉമർ ഫൈസി മുക്കം അടക്കമുള്ള നാല് അംഗങ്ങളുടെ യോഗ്യതയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ഹൈക്കോടതി സർക്കാരിന് അനുമതി നൽകിയിരുന്നു. ഈ 30ന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും. അതിന് ശേഷം ബോർഡിനെ പിരിച്ചുവിട്ട് പുതിയ ബോർഡിനെ നിയമിക്കാനാണ് നീക്കം.
പുന:സംഘടനയുടെ ഭാഗമായി മുസ്ലിമിതര വിഭാഗത്തിൽ നിന്നുള്ള രണ്ട് പേരെ നിയമിക്കണമെന്ന കേന്ദ്ര സർക്കാർ ശുപാർശ ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |