
പ്രതിപക്ഷകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി വരിഞ്ഞുമുറുക്കിയാണ്, കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാർ ഭരണഘടന ഉറപ്പുനൽകുന്ന സഹകരണാത്മക ഫെഡറലിസത്തെ അട്ടിമറിക്കാൻ ശ്രമിച്ചത്. ഇതിനെതിരെ ശക്തമായ നിലപാടെടുത്തു പോന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും സർക്കാരുകളെ നയിച്ച മുന്നണികൾ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന നിലയുണ്ടായി.
ദേശീയതലത്തിൽ ബി.ജെ.പിയുടെ പ്രധാന തിരഞ്ഞെടുപ്പ് എതിരാളിയായ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയാണ് കേരളത്തിൽ അധികാരത്തിലെത്തിയതെങ്കിലും, സംസ്ഥാനങ്ങൾക്കെതിരെ സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുന്നതും രാഷ്ട്രീയ വിവേചനം കാട്ടുന്നതുമായ കേന്ദ്രസക്കാരിന്റെ ജനാധിപത്യ‐ഫെഡറൽ വിരുദ്ധ നയങ്ങൾക്കെതിരെ ചെറുപ്രതിഷേധമെങ്കിലും ഉണ്ടായോ? ഇനി ഉണ്ടാവുമോ?. ഉണ്ടായിട്ടില്ല, ഉണ്ടാവില്ല എന്നാണ് കൃത്യമായ ഉത്തരം.
കഴിഞ്ഞദിവസം നിയമസഭയുടെ മേശപ്പുറത്തുവച്ച വൈറ്റ് പേപ്പർ എന്ന വിളിപ്പേരുള്ള ധനകാര്യ സ്റ്റാറ്റസ് റിപ്പോർട്ട് ഇതിന്റെ സാക്ഷ്യപത്രമാണ്. കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്നതിനെതിരെ ഒറ്റവരി പ്രതിഷേധംപോലും ഇതിലില്ല. കാലഹരണപ്പെട്ട, അങ്ങേയറ്റം യാഥാസ്ഥിതിക പൊതുധനകാര്യ കാഴ്ചപ്പാടിലൂടെയാണ് വൈറ്റ് പേപ്പർ വസ്തുതകളെ വിശകലനം ചെയ്യുന്നത്. കേരളത്തിന്റെ ആകെ കടം-ആഭ്യന്തര വരുമാന അനുപാതം 39ശതമാനം ആയിരുന്നത് കഴിഞ്ഞ 5 വർഷംകൊണ്ട് 33.6 ശതമാനമായി കുറയുകയാണ് ചെയ്തതെന്ന കാര്യം വൈറ്റ്‌പേപ്പർ ബോധപൂർവം തമസ്കരിക്കുന്നു.
കിഫ്ബിവഴി നടത്തിയ മൂലധനച്ചെലവും ത്രിതല പഞ്ചായത്തുകൾവഴി നടത്തുന്ന മൂലധനച്ചെലവും കണ്ടില്ലെന്നു നടിച്ചാണ് കേരളത്തിന്റെ മൂലധനച്ചെലവ് കുറവാണെന്ന, വസ്തുതകളുടെ പിൻബലമില്ലാത്ത വിധിപ്രസ്താവം ധവളപത്രത്തിൽ എഴുതിച്ചേർത്തിരിക്കുന്നത്.
എന്നാൽ വസ്തുത മറ്റൊന്നാണ്. 2022‐23ൽ യഥാർത്ഥ മൂലധനച്ചെലവ് 21,635 കോടിയായിരുന്നത് 2026‐ 27ൽ 30,969 കോടിയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2026 മാർച്ച് 31ൽ സർക്കാർ കൊടുത്തുതീർക്കേണ്ട കുടിശിക 48,733 കോടിയാണെന്ന പരാമർശം വൈറ്റ് പേപ്പറിലുണ്ട്.
ഇതിലെ സപ്ലൈകോ, യു.ജി.സി, എസ്.സി-എസ്.ടി സ്കോളർഷിപ്പ് എന്നിവയുടെ കുടിശികയായ 4,770 കോടിയിൽ വലിയ അളവും കേന്ദ്രത്തിൽനിന്നും ലഭിക്കാനുള്ളതാണ്. ബി.ഡി.എസ് കുടിശികയായി പറയുന്ന 3,431കോടി എല്ലാ ആറുമാസം കൂട്ടുമ്പോഴും ഷെഡ്യൂൾ അനുസരിച്ചു ബാങ്കുകൾക്ക് നൽകിവരുന്ന തുകയാണ്. പിന്നെയുള്ളത് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള കുടിശികയായ 36,057 കോടിയാണ്. ഇപ്പോഴുള്ള കുടിശിക കൊടുത്തു തീർക്കാൻ കൃത്യമായ പദ്ധതി തയ്യാറാക്കി ബഡ്ജറ്റിൽ തുക വകയിരുത്തിയ ശേഷമാണ് എൽ.ഡി.എഫ് സർക്കാർ അധികാരമൊഴിഞ്ഞത്. പഞ്ചായത്തുകൾക്ക് നൽകേണ്ട മൂന്നാം ഗഡുവായ 1,982 കോടി മുടങ്ങിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലമാണ്.
5 വർഷംകൊണ്ട്
50,000കോടി
കേന്ദ്ര നികുതിവിഹിതം കുറയുമ്പോഴും തനത് നികുതി വരുമാനം കൂട്ടിയാണ് എൽ.ഡി.എഫ് സർക്കാർ മുന്നോട്ടുപോയിരുന്നത്. അയ്യായിരത്തി നാനൂറ് കോടിയിലേറെ ഖജനാവിൽ നീക്കിയിരുപ്പ് വച്ചുകൊണ്ടാണ് സർക്കാർ അധികാരമൊഴിഞ്ഞത്. എൽ.ഡി.എഫ് സർക്കാർ നടത്തിയ നിരന്തര സമ്മർദ്ദങ്ങളുടെകൂടി ഫലമായി പതിനാറാം ധനകാര്യ കമ്മിഷൻ കേരളത്തിനുള്ള കേന്ദ്രവിഹിതത്തിൽ വർദ്ധനവ് വരുത്തിയിട്ടുമുണ്ട്.
ഡിവിസിബിൾ പൂളിന്റെ 1.92% ആയിരുന്ന കേരളത്തിന്റെ വിഹിതം ഇപ്പോൾ 2.38% ആയി വർദ്ധിച്ചിരിക്കുകയാണ്. ഓരോവർഷവും ചുരുങ്ങിയത് 10,000ത്തിലധികം കോടിയാണ് ഇതിലൂടെ സംസ്ഥാന ഖജനാവിൽ അധികമായി വരാൻ പോകുന്നത്. 2026 മുതൽ 2031 വരെയുള്ള ഈ നിരക്ക് വർദ്ധനയുടെ ഗുണഭോക്താക്കൾ പുതിയ യു.ഡി.എഫ് സർക്കാരാണ്. അഞ്ചുവർഷംകൊണ്ട് 50,000കോടി ഇതിലൂടെ അധികമായി ഖജനാവിലെത്തുന്ന നിലയാണ്. അതുകൊണ്ട് പണമില്ല എന്നുപറഞ്ഞുകൊണ്ട് ഓടിയൊളിക്കാൻ ഈ സർക്കാരിന് കഴിയില്ല. എന്നാൽ, അപ്പോഴും ഖജനാവ് കാലിയാണെന്ന വ്യാജപ്രചാരണം നടത്തുകയാണ് യു.ഡി.എഫ് സർക്കാർ. അതിനുള്ള സൈദ്ധാന്തിക വ്യായാമമാണ് വൈറ്റ് പേപ്പർ.
സ്വകാര്യവത്കരണ
അജണ്ട
കേരളത്തിന്റെ ഇന്നത്തെ പരിമിത ധനകാര്യ സ്ഥിതിക്കു കാരണക്കാരായ കേന്ദ്ര നയങ്ങളെ വൈറ്റ് വാഷ് ചെയ്യുന്നു എന്നുമാത്രമല്ല സംസ്ഥാനത്തെ കൂടുതൽ അപകടങ്ങളിലേക്ക് തള്ളിവിടുന്ന ചികിത്സാവിധികളാണ് വിദഗ്ദ്ധരുടെ കുറിപ്പടികളിലുള്ളത്. 'സാമ്പത്തിക പ്രതിസന്ധി' മറികടക്കാൻ ഇവർ നിർദ്ദേശിക്കുന്ന മറുമരുന്ന് പരിപൂർ
ണമായ സ്വകാര്യവത്കരണ അജണ്ടയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |