
തിരുവനന്തപുരം: തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാൻ പോഷ് ആക്ട് പ്രകാരം സംസ്ഥാനത്തെ 95 സർക്കാർ വകുപ്പുകളിലെ പത്തിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചതായി മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
ഐ.ടി പാർക്കുകൾ,സ്വകാര്യ സ്ഥാപനങ്ങൾ,പൊതുമേഖലാ സ്ഥാപനങ്ങൾ,വ്യവസായ സ്ഥാപനങ്ങൾ എന്നിവയും ഇന്റേണൽ കമ്മിറ്റികളുള്ള സ്ഥാപനങ്ങളാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി ജെ.ചിഞ്ചു റാണി വനിതാരത്ന പുരസ്‌കാരങ്ങൾ നൽകി. ടി.ദേവി,കെ.വാസന്തി,ഷെറിൻ ഷഹാന,കേദാരം എ.എൻ.വിനയ,ഡോ.നന്ദിനി കെ.കുമാർ,പി.കെ.മേദിനി എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.
വനിതാ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ്,സ്‌പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള,ഡയറക്ടർ ഹരിത വി.കുമാർ,വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ കെ.സി.റോസക്കുട്ടി,എം.ഡി വി.സി.ബിന്ദു,ആസൂത്രണ ബോർഡ് അംഗം മിനി സുകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ശ്രദ്ധേയമായി കനലാട്ടം
നടനും നാടക സംവിധായകനും സെന്റർ ഫോർ പെർഫോമിംഗ് ആർട്സ് മുൻ മേധാവിയുമായ ഡോ.രാജാ വാര്യർ സംവിധാനം ചെയ്‌ത കനലാട്ടം എന്ന ഏകാംഗ നാടകവും ശ്രദ്ധേയമായി. പ്രധാന കഥാപാത്രമായ പാൽക്കാരിയായെത്തിയ പ്രശസ്‌ത നടി ഗിരിജ സുരേന്ദ്രന്റെ പ്രകടനവും മികച്ചതായി. പാൽക്കാരി എന്ന കഥാപാത്രത്തിന്റെ ഭൂതകാല ജീവിതത്തെ അനാവരണം ചെയ്യുന്നതോടൊപ്പം സ്ത്രീത്വത്തിന്റെ നിസഹായതയും നാടകത്തിൽ തുറന്നുകാട്ടി. കവി പ്രഭാവർമ്മയുടെ കനൽചിലമ്പ് എന്ന കവിതയെ ആസ്‌പദമാക്കിയുള്ളതാണ് നാടകം. യുവനാടകകൃത്തും നടനുമായ ഡോ.ആരോമലാണ് നാടകാവിഷ്‌കാരം നൽകിയത്. കാവാലം സജീവാണ് ആലാപനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |