
കൊച്ചി: കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകിയ ആദ്യ ഉത്തരവിലെ ഹൈക്കോടതിയെ കുറ്റപ്പെടുത്തുന്ന വിവാദ പരാമർശങ്ങൾ നീക്കി സർക്കാർ പുതിയ ഉത്തരവിറക്കി. സുപ്രീംകോടതിയെ സമീപിക്കാനുള്ള അവകാശം സംരക്ഷിച്ചുകൊണ്ടാണ് വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു തിങ്കളാഴ്ച ഉത്തരവ് ഇറക്കിയത്.
ഈ മാസം രണ്ടിലെ ആദ്യ ഉത്തരവിൽ, ഹൈക്കോടതി വിചാരണക്കോടതിയെ പോലെ പ്രവർത്തിച്ചെന്നും പ്രോസിക്യൂഷൻ അനുമതി നൽകാൻ സർക്കാർ നിർബന്ധിതമായെന്നും മറ്റുമുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നു. അപ്പീൽ നൽകാനുള്ള അവകാശം നിലനിർത്തിയാണ് പ്രതികളെ വിചാരണ ചെയ്യാനുള്ള അനുമതി നൽകുന്നതെന്നും പറഞ്ഞിരുന്നു. ഈ പരാമർശങ്ങൾ കോടതി അലക്ഷ്യമാണെന്ന് ആരോപിച്ച്, വ്യവസായ സെക്രട്ടറി കെ. ബിജുവിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതിക്കാരനായ കടകംപള്ളി മനോജ് ഉപഹർജി നൽകി. ഇതിനിടെയാണ് പുതുക്കിയ ഉത്തരവ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് ഇന്ന് പരിഗണിക്കും.
ഈ മാസം രണ്ടിന് വിഷയം ഹൈക്കോടതി പരിഗണിച്ചപ്പോൾ പ്രോസിക്യൂഷന് അനുമതി നൽകാൻ തീരുമാനിച്ചെന്നും ഉത്തരവിൽ വ്യക്തത വരുത്തേണ്ടതിനാൽ സാവകാശം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.
പ്രോസിക്യൂഷൻ അനുമതി മൂന്ന് തവണ നിഷേധിച്ചതിനെ തുടർന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെതിരെ ഫയൽ ചെയ്ത കോടതി അലക്ഷ്യ ഹർജിയാണ് കോടതിയിലുള്ളത്. ഇപ്പോൾ കശുഅണ്ടി വകുപ്പിന്റെ ചുമതല കെ. ബിജുവിനാണ്. കോർപ്പറേഷൻ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി നേതാവുമായ ആർ.ചന്ദ്രശേഖരനും മുൻ മാനേജിംഗ് ഡയറക്ടർ കെ.എ. രതീഷുമാണ് കേസിലെ മുഖ്യപ്രതികൾ. 2006-2015 കാലഘട്ടത്തിൽ അസംസ്കൃത കശുഅണ്ടി ഇറക്കുമതി ചെയ്തതിൽ 80 കോടി രൂപയുടെ ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |