
തിരുവനന്തപുരം: തനിക്കെതിരായ വ്യാജ വാർത്തകൾ തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം നിറഞ്ഞ പ്രതികരണം. കേന്ദ്രമന്ത്രിസഭയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി ബിജെപി കേന്ദ്രനേതൃത്വത്തെ സമീപിച്ചതായി നേരത്തേ ചില മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇതിനെതിരെയാണ് പ്രതികരണം.
'സുരേഷ് ഗോപി രാജിസന്നദ്ധത അറിയിച്ചു, നിങ്ങൾ അറിഞ്ഞിരുന്നോ? ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ. സത്യം അറിയാൻ ഒരൊറ്റ ക്ലിക്ക് മതി. അതുകൊണ്ട് ഇത്തരം സിനിമാ കഥകൾ വിശ്വസിച്ച് ആരും സമയം കളയരുത്. വ്യാജവാർത്തകൾ ചമയ്‌ക്കുന്നവരോട്.. ലത് ശരിയല്ല. ഇനിയെങ്കിലും മാറ്റണം ', എന്നാണ് പരിഹാസം നിറഞ്ഞ വാക്കുകളിലൂടെ അദ്ദേഹം കുറിച്ചിരിക്കുന്നത്.
മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളെ കണ്ടുവെന്നാണ് വാർത്ത വന്നത്. മന്ത്രിയായ ശേഷം സിനിമകൾ ചെയ്യാൻ സാധിക്കുന്നില്ലെന്നും തന്റെ വരുമാനം കുറഞ്ഞെന്നുമാണ് കാരണങ്ങളായി വാർത്തകളിൽ വ്യക്തമാക്കിയിരുന്നത്. ഈ മാസം മന്ത്രിസഭാ പുനഃസംഘടന നടക്കുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ നീക്കമെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ, ഈ വാർത്തകളിൽ അൽപ്പംപോലും സത്യമില്ലെന്നാണ് സുരേഷ് ഗോപിയുടെ പോസ്റ്റിലൂടെ വ്യക്തമാകുന്നത്. രണ്ട് വകുപ്പുകളുടെ സഹമന്ത്രിസ്ഥാനമാണ് സുരേഷ് ഗോപി വഹിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |