SignIn
Kerala Kaumudi Online
Sunday, 04 October 2026 4.07 PM IST

'രാജി വാർത്ത ശരിയല്ല', ആർ ശ്രീലേഖ ആശുപത്രിയിൽ: സന്ദ‌ർശിച്ച് ബിജെപി നേതാക്കൾ

READ ENGLISH VERSION

s-suresh-sreelekha
ആശുപത്രിയിലെത്തി ആർ ശ്രീലേഖയെ സന്ദർശിക്കുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ ശ്രീലേഖ രാജിവച്ചെന്ന വാർത്ത തള്ളി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ശ്രീലേഖ ആശുപത്രിയിലാണെന്ന് അവരെ സന്ദർശിക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ പങ്കുവച്ചുകൊണ്ട് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശാരീരിക അസ്വാസ്ഥ്യം ശ്രീലേഖയെ അലട്ടുന്നുവെന്നും അതുകാരണം ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതല വേണ്ടവണ്ണം നിർവഹിക്കാൻ കഴിയില്ലേ എന്ന ചിന്തയും ഉത്കണ്ഠയും അവർക്കുണ്ടെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ശ്രീലേഖ രാജിവച്ചു എന്ന വാർത്ത ശരിയല്ല. അവർ മറ്റു രാഷ്ട്രീയപാർട്ടികളിൽ ചേർന്നേക്കും, എന്തോ പോസ്റ്റ് കിട്ടാത്തതുകൊണ്ടാണ്, പാർട്ടിയുമായി വിലപേശുകയാണ് എന്ന നിലയിലൊക്കെ ചിലമാദ്ധ്യമങ്ങൾ കഥകളുണ്ടാക്കിയത് സാമാന്യമര്യാദക്ക് നിരക്കുന്നതല്ലെന്നും എസ് സുരേഷ് വിമർശിച്ചു.

അതേസമയം, കൗൺസിലർ സ്ഥാനം രാജിവച്ച തീരുമാനം ആർ ശ്രീലേഖ പിൻവലിച്ചേക്കുമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. നേതാക്കളുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനമെന്നാണ് വിവരം. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ശ്രീലേഖയുമായി ചർച്ച നടത്തിയിരുന്നു. കോർപ്പറേഷനുമായുള്ള തർക്കങ്ങളാണ് രാജിയിലേക്ക് നയിച്ചത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രീലേഖയെ ബോദ്ധ്യപ്പെടുത്താനായിട്ടുണ്ടെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശ്രീലേഖ ചേച്ചിയെ ആശുപത്രിയിൽ സന്ദർശിച്ചു.. കുറച്ചു ദിവസങ്ങളായി ശാരീരിക അസ്വാസ്‌ഥ്യം അവരെ അലട്ടുന്നു. അതുകാരണം ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതല വേണ്ടവണ്ണം നിർവ്വഹിക്കാൻ കഴിയില്ലേ എന്ന ചിന്ത യും ഉത്കണ്ടയും ഉണ്ട്, അത് ഏറ്റവും വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി എന്നു മാത്രം, ദൗർഭാഗ്യവശാൽ അത് മാധ്യമ ചർച്ചക്ക് കാരണമായി. ആർ. ശ്രീലേഖ രാജിവച്ചു എന്ന വാർത്ത ശരിയല്ല.


അവർ മറ്റു രാഷ്ട്രീയപാർട്ടികളിൽ ചേർന്നേക്കും, എന്തോ പോസ്റ്റ് കിട്ടാത്തതുകൊണ്ടാണ് , പാർട്ടിയുമായി വിലപേശുകയാണ് എന്ന നിലയിലൊക്കെ ചിലമാധ്യമങ്ങൾ കഥകളുണ്ടാക്കിയത് സമാന്യമര്യാദക്ക് നിരക്കുന്നതല്ല. ചിലർ ബിജെപി യുടെ കോർപ്പറേഷൻ ഭരണം ഇപ്പോതാഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടുതുടങ്ങി.. ആ വെള്ളം വാങ്ങിവച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബിജെപി തന്നെ ഭരിക്കും. കേരളത്തിലെ ആദ്യവനിത ഐപിഎസ് കാരിയും ഡിജിപി യും എന്ന നിലക്ക് അവരെ ശ്രീ. കെ. സുരേന്ദ്രൻ ആണ് ബിജെപിയിൽ ചേർത്തത്. തുടർന്ന് പാർട്ടിയോടുള്ള പ്രതിബദ്ധത അവർ എപ്പോഴും കാത്ത് സൂക്ഷിച്ചിട്ടുണ്ട്.

പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്ന നിലയിൽ മികവുറ്റ പ്രവർത്തനമാണ് നടത്തുന്നത്. പാർട്ടി ആവശ്യപ്പെട്ടപ്പോൾ കൗൺസിലർ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറായതും അവർക്ക് പാർട്ടിയോടുള്ള വിധേയത്വം തെളിയിക്കുന്നു. പാർട്ടിയുടെ മൂന്ന് ദിവസം നീണ്ടു നിന്ന ജില്ലാതല പഠനശിബിരത്തിൽ ഒരു സാധാരണ പ്രവർത്തകയെ പോലെ ശ്രീലേഖയുണ്ടായിരുന്നു അഴിമതിക്കെതിരെ എന്നും പോരാടിയിട്ടുള്ള ആർ .ശ്രീലേഖക്ക് അനധികൃത സമ്പാദ്യമൊന്നുമില്ല, സ്വന്തം പെൻഷൻ പണമെടുത്താണ് അവർ വാർഡിലെ ജനങ്ങളെ സേവിക്കുന്നത്.


പരമ്പരാഗത രാഷ്ട്രീയക്കാരിയല്ല ആ ശ്രീലേഖ, അവർ ഒരു സ്ത്രീയാണ് , ഒരു അമ്മയാണ്... അവർ എന്നും ജനങ്ങൾക്കൊപ്പം സേവനനിരതയായി നിലകൊള്ളും...എത്രയും പെട്ടന്ന് ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ആശംസിക്കുന്നു..എന്നോടൊപ്പം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമൻ ഉണ്ടായിരുന്നു. ജില്ലാ പ്രസിഡന്റ് കരമന ജയനും , മേയർ വി.വി. രാജേഷും അവരെ അശുപത്രിയിലെത്തി കണ്ടു.

English Summary

BJP State General Secretary S Suresh denied reports of Thiruvananthapuram Corporation Councilor R Sreelekha's resignation. Suresh clarified that Sreelekha is hospitalized due to health issues and is not resigning, dismissing media speculation about her political future or party bargaining. He emphasized her continued dedication to the BJP, with party leaders visiting her.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP, R SREELEKHA, SURESH, THIRUVANANTHAPURAM CORPORATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA