
കൊച്ചി: ടീച്ചർ ബഷീറിന്റെ പാത്തുമ്മയായി. ഒപ്പം ആടും ഉണ്ട്. അതുകണ്ട് കുട്ടിക്കൂട്ടം തുള്ളിച്ചാടി. പാത്തുമ്മയുടെ ആടിനെ താലോലിക്കാൻ കുട്ടികൾ തിരക്കുകൂട്ടി. ടീച്ചറുടെ മടിയിലിരുന്ന ആടിനെ അവർ മുത്തംവച്ചു.
മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള പഠിച്ച ഇടപ്പള്ളി ദേവൻകുളങ്ങര എൽ.പി സ്കൂളിലായിരുന്നു കൗതുകരംഗങ്ങൾ. കവിയുടെ ആത്മസുഹൃത്തായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണമായിരുന്നു ഇന്നലെ.
ബഷീറിന്റെ കഥാപാത്രമായ പാത്തുമ്മയുടെ വേഷമണിഞ്ഞത് അദ്ധ്യാപികയും വിദ്യാരംഗം കോ- ഓർഡിനേറ്ററുമായ എം.എസ്.ദീപ്തി ജീവൻ. ബഷീറിന്റെ മറ്റു കഥാപാത്രങ്ങളായ മണ്ടൻ മുത്തപ്പ, രാമൻ നായർ, സാറാമ്മ, ഒറ്റക്കണ്ണൻ പോക്കർ, സുഹറാ മജീദ്, നാരായണൻ തുടങ്ങിയവരുടെ വേഷങ്ങൾ അണിഞ്ഞ് 48 കുട്ടികളും രംഗത്തെത്തി. കുട്ടികൾക്ക് കഥ മനസിലാകുന്നതിനായി അറയ്‌ക്കൽ അബുവിന്റെയും ഷാജി പാപ്പന്റെയും വേഷത്തിൽ അതേ വളപ്പിലെ ഗവ. ടി.ടി.ഐ വിദ്യാർത്ഥികളും വന്നു. വായിച്ചും കേട്ടും മാത്രം അറിയുന്ന കഥാപാത്രങ്ങൾ കൺമുന്നിൽ എത്തിയപ്പോൾ കുട്ടികൾക്ക് ആവേശമായി.
കഴിഞ്ഞ ദിവസം ക്ളാസിൽ പാത്തുമ്മയുടെ ആടിന്റെ കഥ പറഞ്ഞ ശേഷം വിദ്യാർത്ഥികളോട് അതിലെ ഇഷ്ടപ്പെട്ട വേഷം ധരിച്ച് തിങ്കളാഴ്ച സ്കൂളിൽ എത്താൻ നിർദ്ദേശിച്ചിരുന്നു. ഇടപ്പള്ളിയിലെ മേപ്പനത്ത് ഹരികുമാറിന്റെ കുഞ്ഞുമണി എന്ന ആട് സ്കൂൾ പിരിയും വരെ കുട്ടികൾക്കിടയിൽ താരമായി. ദീപ്തി ടീച്ചർക്ക് സപ്പോർട്ടുമായി ഹെഡ്മിസ്ട്രസ് ബി.എസ്.മിനി ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |