
കൊച്ചി: ഗൾഫ് രാജ്യങ്ങളിൽ സാധാരണക്കാരുടെ ആശ്രയമായ 'ബെഡ് സ്‌പേസ് " സംവിധാനം കേരളത്തിലും വ്യാപകമാകുന്നു. തിരുവനന്തപുരവും കൊച്ചിയും ഉൾപ്പെടെ നഗരങ്ങളിലാണ് 'കോ-ലിവിംഗ് ഹോസ്റ്റലുകൾ" എന്ന പേരിൽ ഇവ ഒരുങ്ങുന്നത്. മികച്ച സൗകര്യം, നല്ല ഭക്ഷണം എന്നിവയോടെ താമസിക്കാം.
ഒരു മുറിയിൽ രണ്ടു പേർക്കാണ് സൗകര്യം. പുരുഷന്മാർക്കും വനിതകൾക്കും ഒരേ അപ്പാർട്ട്മെന്റാണ്. എങ്കിലും, പ്രത്യേക മുറികൾ തിരഞ്ഞെടുക്കാം. സൗകര്യങ്ങൾ അനുസരിച്ചാണ് വാടക.
ടെക്കികൾ, ബിസിനസ് ആവശ്യങ്ങൾക്കായി തങ്ങുന്നവർ, ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് കോ-ലിവിംഗ് ഹോസ്റ്റലുകൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. സുരക്ഷിതത്വം കണക്കിലെടുത്ത് ധാരാളം വനിതകൾ ഇതു തെരഞ്ഞെടുക്കുന്നതായി നടത്തിപ്പുകാർ പറയുന്നു.
കൊച്ചിയിൽ വീടുകളിൽ പേയിംഗ് ഗസ്റ്റായി താമസിക്കണമെങ്കിൽ 10,000 വരെയാണ് മാസവാടക. സൗകര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ന്യൂജെൻ ഇഷ്ടപ്പെടുന്നത് കോ-ലിവിംഗ് സെന്ററുകളാണ്.
12,500 രൂപയ്ക്ക് സൂപ്പർ കിടപ്പിടം
കൊച്ചിയിലെ ഒരു ആഡംബര കോ-ലിവിംഗ് ഹോസ്റ്റലിൽ ബെഡ് സ്‌പേസിന് 12,500 രൂപയാണ് പ്രതിമാസ വാടക. രണ്ടുപേർക്കുള്ള മുറിക്ക് 25,000, ഒരു മുറിയും ഹാളും അടുക്കളയുമുള്ള (ബി.എച്ച്.കെ) അപ്പാർട്ട്‌മെന്റിന് 35,000, രണ്ട് ബി.എച്ച്.കെ 50,000 എന്നിങ്ങനെ. വൈഫൈ, ഫ്രിഡ്ജ്, ടി.വി, വാഷിംഗ് മെഷീൻ, സോഫ, ഇലക്ട്രിക് കെറ്റിൽ എന്നിവയുണ്ടാകും. ഗ്യാസ് കണക്ഷൻ വേണമെങ്കിൽ മാസം 300 രൂപ വേറെ നൽകണം. ഇൻഡക്ഷൻ കുക്കർ ഉപയോഗിച്ചാൽ 1,500 രൂപയും. മെസ് സൗകര്യവുമുണ്ട്. മൂന്നു നേരത്തേക്ക് പ്രതിമാസം 6,000 രൂപ, രണ്ടു നേരം 4,000, ഒരുനേരം 2,000. ജിം, സ്‌പോർട്‌സ് മേഖല, ഉല്ലാസമേഖല എന്നിവയുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |