SignIn
Kerala Kaumudi Online
Friday, 23 October 2026 1.48 AM IST

എംപ്ലോ. എക്‌സ്‌ചേഞ്ച് നോക്കുകുത്തി: ജോലി കാത്ത് 30 ലക്ഷം പേർ

READ ENGLISH VERSION
psc

തൃശൂർ: നോക്കുകുത്തിയായ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് ജോലി കാത്തിരിക്കുന്നത് 30 ലക്ഷത്തിലധികം പേർ. 2021 മുതൽ 2024 നവംബർ വരെ 47,390 നിയമനങ്ങൾ മാത്രമാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ നടന്നത്. വർഷം ശരാശരി 33,000 ഒഴിവുണ്ടാകുമ്പോൾ 3000 നിയമനം മാത്രമാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ നിയമനം കിട്ടുന്നത്. പലർക്കും ആറ് മാസമോ അതിലധികമോ ആണ് ജോലി ലഭിക്കാറ്.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടത്തുന്ന പാർട്ട്‌ടൈം നിയമനങ്ങൾ വേണ്ടെന്നുവയ്‌ക്കാൻ നടപടി തുടങ്ങിയെന്നും സൂചനയുണ്ട്. സർക്കാർ വേതനം നൽകുന്ന താത്കാലിക നിയമനങ്ങളെല്ലാം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ നടത്തണമെന്ന് 2004ൽ ഉത്തരവിറക്കിയിരുന്നു. ഇത് മറച്ചാണ് പാർട്ടിക്കാർക്കും ഇഷ്ടക്കാർക്കുമായി പിൻവാതിൽ നിയമനം നടത്തുന്നത്.

 പേര് രജിസ്റ്റർ ചെയ്യാതെ പുതുതലമുറ

ജോലികിട്ടില്ലെന്നുറപ്പിച്ച് പുതുതലമുറ പേര് രജിസ്റ്റർ ചെയ്യാനും മടിക്കുന്നുണ്ട്. ഇതേത്തുടർന്ന് എംപ്ലോയ്‌മെന്റ് ഉദ്യോഗസ്ഥർ സ്‌കൂളുകളിലെത്തി എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളുടെ കോപ്പി വാങ്ങി പേര് രജിസ്റ്റർ ചെയ്യുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജോലിക്ക് സ്വകാര്യ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ആയിരക്കണക്കിന് പേർ രജിസ്റ്റർ ചെയ്യുന്നുണ്ട്. ഇവിടെ രജിസ്റ്റർ ചെയ്യാൻ 250 മുതൽ 500 രൂപ വരെ നൽകണം. ജോലി കിട്ടിയാൽ ആദ്യത്തെ ശമ്പളത്തിൽ നിന്ന് നിശ്ചിത തുക വാങ്ങുന്ന സ്ഥാപനങ്ങളുമുണ്ട്.


സർക്കാർ ഓഫീസുകളിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികയുണ്ടോയെന്ന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പരിശോധിക്കാറുണ്ട്. ഇതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി കണക്കെടുക്കും. വർഷങ്ങളായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ജോലി കൊടുക്കാൻ അവസരമുണ്ടാക്കുന്നതിനായാണ് ഈ നടപടി.

- റെക്‌സ് തോമസ്,
എംപ്ലോയ്‌മെന്റ് ഓഫീസർ തൃശൂർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA