
69 കോടി മൂന്നു നാൾക്കകം കൈമാറും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള 9.5കി.മീ തുരങ്കറെയിൽപ്പാത അടുത്ത 45 മാസത്തിനകം കൊങ്കൺറെയിൽവേ പൂർത്തിയാക്കും. 960 കോടിയാണ് നിർമ്മാണച്ചെലവ്. ആദ്യഗഡുവായ 69 കോടി മൂന്നു ദിവസത്തിനകം കൊങ്കൺ റെയിൽവേക്ക് കൈമാറും. അതോടെ ടെൻഡർ നടപടിയിലേക്ക് കടക്കും.
ബാലരാമപുരത്തു നിന്ന് ഒറ്റപ്പാതയാണ്. ദിവസം 21ട്രെയിനുകളോടിക്കാനാവും. യാർഡ് വരെ 10.7കി.മീ താണ്ടാൻ 23 മിനിറ്റെടുക്കും. നബാർഡിന്റെ 2100കോടി വായ്പയിൽ നിന്നാണ് ആദ്യഗഡു നൽകുന്നത്. ഗതിശക്തി, സാഗർമാല, റെയിൽസാഗർ കേന്ദ്രപദ്ധതികളിൽ നിന്ന് ഫണ്ടിന് ശ്രമിക്കുന്നുണ്ട്.
രാജ്യത്തെ വലിയ മൂന്നാമത്തെ റെയിൽവേടണലായിരിക്കും വിഴിഞ്ഞത്തേത്. 6 കേന്ദ്രഇൻസ്റ്റിറ്റ്യൂട്ടുകൾ പഠിച്ചശേഷമാണ് പാരിസ്ഥിതികാനുമതി നൽകിയത്.
500 കിലോമീറ്ററിലേറെ ദൂരത്തേക്കുള്ള കണ്ടെയ്നറുകളാണ് ട്രെയിനിൽ കൊണ്ടുപോവുന്നത്. 2028ൽ തുറമുഖ പ്രവർത്തനം പൂർണതോതിലാകുന്നതോടെ ചരക്കുനീക്കത്തിന് റെയിൽ ഇടനാഴി അനിവാര്യമായി മാറും. ഗുജറാത്തിലെ മുന്ദ്രതുറമുഖത്തു നിന്ന് റെയിൽ ഇടനാഴിയുണ്ട്.
സുരക്ഷിത നിർമ്മാണരീതി
ന്യൂ ഓസ്ട്രിയൻ ടണലിംഗ് മെത്തേഡ് ഉപയോഗിച്ചാണ് തുരങ്കനിർമ്മാണം. വീടുകൾക്ക് അടിയിലൂടെ തുരന്നാലും അപകടഭീഷണിയില്ലാത്ത നിർമ്മാണ രീതിയാണിത്. സ്ഫോടനത്തിലൂടെ പാറയുംമണ്ണും പൊട്ടിച്ചല്ല നിർമ്മാണം. പ്രതിദിനം പരമാവധി 6 മീറ്ററേ തുരക്കാനാവൂ. തുരക്കുന്നിടത്ത് അപ്പപ്പോൾ കോൺക്രീറ്റ്ചെയ്യും. പാതയുടെ മദ്ധ്യഭാഗത്തു നിന്നുകൂടി തുരക്കാനുള്ള സാദ്ധ്യത പരിശോധിക്കുന്നുണ്ട്. തുരങ്കത്തിന് കോൺക്രീറ്റ് ചുമരടക്കം 10മീറ്റർ വ്യാസമുണ്ടാവും. ദീർഘവൃത്താകൃതിയായിരിക്കും. മുകളിൽ റോഡും നിർമ്മാണങ്ങളുമാവാം. കോൺക്രീറ്റ് മിക്സിംഗിന് നാലേക്കർ സ്ഥലത്ത് പ്ലാന്റ് വേണ്ടിവരും.
വിശാല യാർഡ്, രണ്ട്
സമാന്തര ട്രാക്ക്
ബാലരാമപുരം സ്റ്റേഷനിൽ യാർഡ്, രണ്ട് സമാന്തരട്രാക്കുകൾ എന്നിവയും തുരങ്കപാത പദ്ധതിയുടെ ഭാഗമാണ്. തിരുവനന്തപുരം-കന്യാകുമാരി പാതയ്ക്ക് സമാന്തരമായി രണ്ട് ട്രാക്കുകളുണ്ടാക്കണം
ഇതിനെ പ്രധാനലൈനുമായും തുരങ്കപാതയുമായും ബന്ധിപ്പിക്കണം. നെയ്യാറ്റിൻകര ഭാഗത്തേക്ക് ഇതിനായി 11.5 ഏക്കർ ഏറ്റെടുക്കണം. 170 കോടി ജില്ലാകളക്ടർക്ക് തിങ്കളാഴ്ച കൈമാറും
കണ്ടെയ്നർ നീക്കം സുഗമമാക്കാൻ ബാലരാമപുരം സ്റ്റേഷൻ ഉയരത്തിലാക്കണം. ട്രെയിനുകൾ പിടിച്ചിടാനടക്കം സൗകര്യത്തോടെ യാർഡ് വികസിപ്പിക്കണം. ഇതിനായി 243 കോടി റെയിൽവേയ്ക്ക് അടുത്തയാഴ്ച നൽകും
4.5 ലക്ഷം
വിഴിഞ്ഞത്ത് എത്തിച്ച
കണ്ടെയ്നറുകൾ
220
ഇതുവരെ എത്തിയ
കപ്പലുകൾ
തുരങ്കറെയിൽപ്പാത ചരക്കുനീക്കം ഏറെ സുഗമമാക്കും
-വി.എൻ.വാസവൻ,
തുറമുഖമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |