
കൊല്ലം: സംസ്ഥാനത്ത് റോഡ് അപകടങ്ങൾ വർദ്ധിക്കവേ,മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ ജില്ലാതല ഏകോപന ചുമതലയുള്ള ആർ.ടി.ഒമാരുടെ പത്ത് കസേരകളിൽ ആളില്ല. പി.എസ്.സി അംഗം,ഗതാഗത സെക്രട്ടറി,കമ്മിഷണർ എന്നിവർ അടങ്ങിയ ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി (ഡി.പി.സി) കൃത്യസമയത്ത് കൂടാത്തതാണ് കാരണം. എട്ട് ജോ. ആർ.ടി.ഒ തസ്തികകളിലും ആളില്ല.
റോഡിലെ പരിശോധനകൾ,എ.ഐ ക്യാമറകളുടെ മേൽനോട്ടം,എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകേണ്ട ആർ.ടി.ഓമാരില്ലാത്ത ഓഫീസുകളിൽ തൊട്ടടുത്ത സീനിയർ ജോയിന്റ് ആർ.ടി.ഓമാർക്കാണ് നിലവിൽ ചുമതല. എന്നാൽ,ഇവർക്ക് നിയമപരമായ പരിമിതിയുണ്ട്. ഓഫീസിലെ ദൈനംദിന കാര്യങ്ങളിലും ഫണ്ട് വിനിയോഗത്തിലുമാണ് ഇവർക്ക് ഇടപെടൽ നടത്താനാവുക.
ജീവനക്കാരുടെ സ്ഥലംമാറ്റം,കടുത്ത അച്ചടക്ക നടപടികൾ എന്നിവയ്ക്ക് ഇവർക്ക് അധികാരമില്ല. പ്രത്യേക അന്തർസംസ്ഥാന പെർമിറ്റുകളിൽ അന്തിമ ഒപ്പുവയ്ക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണറുടെ പ്രത്യേക അനുമതിയും തേടേണ്ടി വരും. റോഡപകടങ്ങളുണ്ടായാൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷനും സാദ്ധ്യതയുണ്ട്. എന്നാൽ,മുകളിൽ സ്ഥിരം നേതൃത്വമില്ലെന്ന വിഷയം പരിഹരിക്കാൻ യാതൊരു നടപടിയുമില്ലാത്തതാണ് ഉദ്യോഗസ്ഥരെ നിരാശപ്പെടുത്തുന്നത്.
ഡി.പി.സി കൂടിയിട്ട്
രണ്ടുവർഷം
ചട്ടപ്രകാരം എല്ലാ വർഷവും ഡി.പി.സി കൂടി പ്രൊമോഷൻ ലിസ്റ്റ് തയ്യാറാക്കണം
സാധാരണ നവംബർ,ഡിസംബർ മാസങ്ങളിലാണ് കൂടിയിരുന്നത്
ഒടുവിൽ കൂടിയത് 2024ൽ
2025ൽ കൂടേണ്ടിയിരുന്ന ഡി.പി.സി,അജ്ഞാത കാരണങ്ങളാൽ 2026 ജൂണിലുണ്ടായില്ല
ഇരട്ടിഭാരം
ജോ.ആർ.ടി.ഒമാർക്ക് സ്വന്തം ഓഫീസിൽ ലൈസൻസ്,രജിസ്ട്രേഷൻ,ഫിറ്റ്നസ് ടെസ്റ്റ് ചുമതല വഹിക്കണം
ആർ.ടി.ഒമാർ ഇല്ലാത്ത ജില്ലകളിൽ ജില്ലാ ഓഫീസിന്റെ അധിക ചുമതലയേൽക്കണം
ശമ്പളക്കൂടുതൽ ഇല്ല,ആർ.ടി.ഒ ഓഫീസുകളിൽ ജീവനക്കാരും കുറവ്
ഒഴിവുള്ള ഇടങ്ങൾ
1.കെ.എസ്.ആർ.ടി.സി ആർ.ടി.ഒ തിരുവനന്തപുരം
2.ആലപ്പുഴ ആർ.ടി.ഒ
3.കോട്ടയം എൻഫോഴ്സ്‌മെന്റ്
4.ഇടുക്കി എൻഫോഴ്സ്‌മെന്റ്
5.ഇടുക്കി ആർ.ടി.ഒ
6.കോഴിക്കോട് ആർ.ടി.ഒ
7.കോഴിക്കോട് എൻഫോഴ്സ്‌മെന്റ്
8.വടകര ആർ.ടി.ഒ
9.കണ്ണൂർ ആർ.ടി.ഒ
10.കാസർകോട് ആർ.ടി.ഒ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |