
കൊല്ലം: തന്റെ നെൽപ്പാടത്തിനരികെ മൂന്നേക്കർ ഭൂമി വാങ്ങി, അതിലെ അക്കേഷ്യമരങ്ങൾ നീക്കി വയലാക്കി വിത്തിറക്കി ഹരിതമാതൃകയാവുകയാണ് ഭൗമശാസ്ത്രജ്ഞനായ ഡോ.ഡി.പദ്മലാൽ. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ ഹൈഡ്രോളജി വിഭാഗം മേധാവിയായി വിരമിച്ച പാളയംകുന്ന് വാഴക്കുടി വീട്ടിൽ ഡോ.പദ്മലാൽ വേങ്കോട് ഏലായിലാണ് മണ്ണ് പൊന്നാക്കിയത്. 1970 വരെ നൂറുമേനി കൊയ്യുന്ന നെൽപ്പാടമായിരുന്നു 25 ഏക്കറോളമുള്ള ഏല. ഗൾഫ് പലായനം ആരംഭിച്ചതോടെ തരിശായി. 2024ൽ വിരമിക്കുന്നതിന് മുമ്പേ തന്നെ ഒരേക്കർ വയലിൽ പദ്മലാൽ കൃഷിയിറക്കി.
പദ്മലാലിന് പിന്നാലെ മറ്റുവയലുടമകളും കൃഷി പുനരാരംഭിച്ചു. വേങ്കോട് പാടശേഖര സമിതി പ്രസിഡന്റ് കൊച്ചുവീട്ടിൽ മോഹനനും സെക്രട്ടറി വി.രാജേന്ദ്രനും കൃഷി വകുപ്പിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കിയും ട്രാക്ടറെത്തിച്ചും പിന്തുണച്ചു. ഏലയിലെ മറ്റു കർഷകരുടെ അടക്കമുള്ള 12ഏക്കറിൽ കൃഷിയിറക്കി കൊയ്തത് പതിനായിരം കിലോഗ്രാമിലേറെ നെല്ലാണ്.
നഷ്ടമായെങ്കിലും കൃഷി നാടിന് ലാഭം
ചെലവും നെൽവിലയും കണക്കുകൂട്ടുമ്പോൾ നഷ്ടമായെങ്കിലും കൃഷി നാടിന് ലാഭമാണെന്ന് പദ്മലാൽ പറയുന്നു. വയലിൽ വെള്ളം സംഭരിച്ചതിനാൽ കിണറുകൾ വറ്റിയില്ല. രണ്ട് പഞ്ചായത്തുകൾക്കുളള കുടിവെള്ള പദ്ധതിയിലും ജലസമൃദ്ധി. വെള്ളം വലിച്ചെടുത്ത് പരിസ്ഥിതിപ്രശ്നമുണ്ടാക്കുന്ന അക്കേഷ്യ നീക്കിയതും ഗുണകരമായി. ഏലായിൽ നീർക്കാക്കകൾ കൃഷി നശിപ്പിച്ചു. കീടങ്ങളുടെ ആക്രമണവുമുണ്ടായി. നീർക്കാക്കകളെ പ്രതിരോധിക്കാനും കീടങ്ങളെ കൊത്തിയെടുക്കാനും കൊക്കുകളെ ആകർഷിക്കാനും അവയ്ക്ക് കൂടൊരുക്കാനുമായി ചാവരുകാവിന്റെ സംരക്ഷണത്തിലും ഡോ.പദ്മലാൽ പങ്കാളിയാണ്.
നെൽച്ചെടികൾ പ്രകാശസംശ്ലേഷണത്തിനായി വലിയഅളവിൽ കാർബൺ ഡയോക്സൈഡ് വലിച്ചെടുത്ത് പ്രാണവായു നൽകുന്നുമുണ്ട്.
-ഡോ.പദ്മലാൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |