SignIn
Kerala Kaumudi Online
Sunday, 25 October 2026 3.30 AM IST

കിലോയ്ക്ക് അഞ്ചുലക്ഷം രൂപ,​ കാശ്മീരിൽ മാത്രമല്ല, കേരളത്തിലും പൂവിടും കുങ്കുമപ്പൂവ്

kashmir-
ജയിംസ്,​ ഭാര്യ ഷീജ

തൃശൂർ: കാശ്മീരിലെ കൊടുംതണുപ്പിൽ മാത്രമല്ല,​ സാങ്കേതികവിദ്യയുടെ കരുത്തിൽ കേരളത്തിലും കുങ്കുമപ്പൂവ് പൂവിടും. തൃശൂരിലെ പുത്തൂരിൽ വീടിന് മുകളിൽ പ്രത്യേകം തയ്യാറാക്കിയ 150 ചതുരശ്ര അടിയുള്ള മുറിയിൽ ലക്ഷങ്ങളുടെ സഫ്രോൺ പൂക്കൾ വിളയിച്ച് ചരിത്രമെഴുതുകയാണ് ജയിംസ് കാപ്പാനിയും കുടുംബവും.

ഒരു കിലോയ്ക്ക് ഏകദേശവില അഞ്ചുലക്ഷമാണ്. ഇൻഡോർ കൺട്രോൾഡ് എൻവയോൺമെന്റ് അഗ്രികൾച്ചർ സാങ്കേതികവിദ്യ, ഇന്റർനെറ്റ് ഒഫ് തിംഗ്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ സഹായത്തോടെ കൃത്രിമ കാലാവസ്ഥാനിയന്ത്രണം സാദ്ധ്യമാക്കിയാണ് വിരിയിച്ചെടുത്തത്. തുടർച്ചയായ രണ്ടാം വർഷമാണ് ജയിംസിന്റെ ചെറുകൃഷിയിടത്തിൽ കുങ്കുമപ്പൂ വിരിയുന്നത്. പൂക്കൾക്ക് പുറമേ, സാഫ്രോൺ കോംസുകൾ (വിത്തുകൾ) വിജയകരമായി വിളയിച്ചെടുക്കാനും ഇക്കുറി കഴിഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇതാദ്യമാണെന്നാണ് കേരള കാർഷിക സർവകലാശാലയുടെയും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സാക്ഷ്യപ്പെടുത്തൽ. പൂനെ നാഷണൽ കെമിക്കൽ ലബോറട്ടറിയിലെ മുതിർന്ന ശാസ്ത്രജ്ഞനും കൃഷി നേരിട്ടെത്തി വിലയിരുത്തിയിരുന്നു.വിദേശരാജ്യങ്ങളിലെ വിദ്യാർത്ഥികളും കൃഷി പഠിതാക്കളും ജയിംസിന്റെ അരികിലെത്തുന്നുണ്ട്. ജയിംസ്,​ ഭാര്യ ഷീജ,​ മക്കളായ അക്കിലാസ്, ഫെലിക്‌സ് എന്നിവർ ഉൾപ്പെടുന്ന കുടുംബം 'ഓർഹ്യൂസ്' എന്ന ബ്രാൻഡിലാണ് കുങ്കുമപ്പൂവും മൂല്യവർദ്ധിത ഉത്പന്നങ്ങളും വിൽക്കുന്നത്.

കൃഷിയും മുറിയും

പോളി എത്തിലിൻ ഫോം ഉപയോഗിച്ചാണ് മുറിയുടെ ഭിത്തികൾ മറച്ചിരിക്കുന്നത്. അക്രോഫോം ട്രേകളിലാണ് വിത്തുകൾ സൂക്ഷിക്കുക. ഈർപ്പം ക്രമീകരിക്കാനുള്ള ഹ്യുമിഡിഫയർ, താപനില അളക്കാൻ തെർമോമീറ്റർ, പ്രകാശത്തിന്റെ അളവ് പരിശോധിക്കുന്ന ലക്‌സ് മീറ്റർ എന്നിവയുമുണ്ട്. നിരീക്ഷണത്തിന് ക്യാമറയും. 24 മണിക്കൂറും എയർകണ്ടിഷൻ ചെയ്ത മുറിയിലെ ട്രേകളിൽ മെഡിക്കേഷൻ ചെയ്ത വിത്തുകളാണ് നിക്ഷേപിക്കുക. എയ്റോപോണിക്‌സ് കൃഷിരീതിയാണ് പിന്തുടരുന്നത്. യുവി ഗ്രോ ലൈറ്റുകളാണ് മുറിയിലുള്ളത്. 150സ്‌ക്വയർ ഫീറ്റിൽ ഒരു കിലോയോളം കുങ്കുമപ്പൂവാണ് വിളയിച്ചെടുക്കുക. ഒരു ചെടി നട്ടാൽ വർഷത്തിൽ രണ്ടുതവണ വിളവെടുക്കാം. സഫ്രോൺ ഓയിൽ,തേൻ,ആൽമണ്ട് ഓയിൽ തുടങ്ങിയ മൂല്യവർദ്ധിത ഉത്പന്നങ്ങളും തയ്യാറാക്കുന്നുണ്ട്. പ്രകൃതിദത്ത കൃഷിരീതി പൊതുജനങ്ങളിലേക്കും വിദ്യാർത്ഥികളിലേക്കും എത്തിക്കുന്നതിനായി പുത്തൂർ സുവോളജിക്കൽ പാർക്കിലും ഒരു പ്രത്യേക പ്രദർശന/കൃഷി സെന്റർ ജയിംസും കുടുംബവും പ്രവർത്തിപ്പിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAFFRON, KASHMIRI SAFFRONE, SAFFRON CULTIVATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA