
7എണ്ണം പിന്നാലെ
കമ്മിഷൻ അംഗങ്ങൾ ഉൾപ്പെടെ പ്രതികളാവും
തിരുവനന്തപുരം: യോഗ്യതയില്ലാത്തവരെയും പാർട്ടിക്കാരെയും നിയമിച്ചെന്നും ഒരേ ഗൈഡിൽ നിന്ന് 47ചോദ്യങ്ങൾ അതേപടി പകർത്തിയെന്നും കണ്ടെത്തിയ പശ്ചാത്തലത്തിൽ പി.എസ്.സി ഉദ്യോഗസ്ഥരെയും അഭിമുഖംനടത്തിയ കമ്മിഷൻ അംഗങ്ങളെയുമടക്കം പ്രതിയാക്കി മൂന്ന് കേസുകൾകൂടി ഉടൻ രജിസ്റ്റർ ചെയ്യും.
ക്രൈംബ്രാഞ്ച് ഐ.ജി എസ്.അജിതാബീഗത്തിന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടിക്ക് ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കടേശ് ഇതിന് അനുമതി നൽകി.
മോട്ടോർവാഹന വകുപ്പിലെ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ഫിഷറീസ് വകുപ്പിലെ എക്സ് റ്റഷൻ ഓഫീസർ, ഖാദി ബോർഡിലെ വില്ലേജ് ഓയിൽ ഇൻസ്പെക്ടർ പരീക്ഷകളിലും നിയമനങ്ങളിലുമാണ് ഗുരുതര ക്രമക്കേട്. ചോദ്യംചോർത്തിയെന്നും സാമ്പത്തികയിടപാടുകൾ നടന്നതായും സംശയിക്കുന്നു.മൂന്നു കേസുകൂടി വരുമെന്ന് 'കേരളകൗമുദി' ഒക്ടോബർ എട്ടിന് റിപ്പോർട്ട് ചെയ്തിരുന്നു.
ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ മറ്റ് ഏഴു കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉടൻ ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി തേടും.പ്ലാനിംഗ്ബോർഡ് നിയമനത്തട്ടിപ്പിൽ നിലവിൽ കേസുണ്ട്.
2022ൽവിജ്ഞാപനം ചെയ്ത അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയിലെ 100ചോദ്യങ്ങളിൽ 47എണ്ണവും ഒരു ഗൈഡിൽ നിന്ന് അതേപടി കോപ്പിയടിച്ചതായിരുന്നു. ഇത് ചോദ്യം ചോർത്തിക്കൊടുക്കുന്നതിന് സമാനമാണെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തി. ആരുടെയൊക്കെ അറിവോടെയാണ് ചോദ്യങ്ങൾ പകർത്തിയതെന്നും ആർക്കൊക്കെയാണ് പ്രയോജനം ലഭിച്ചതെന്നും കണ്ടെത്തണം. നിയമനത്തിലും വൻക്രമക്കേടുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമനത്തിനുള്ള റാങ്ക്പട്ടികയിലെ ആദ്യത്തെ 110 പേരിൽ 93 പേരും ഫിഷറീസ് സർവകലാശാലയിലെ വിദ്യാർത്ഥികളായിരുന്നു. ആദ്യറാങ്കുകളിൽ ഭൂരിഭാഗവും അവിടത്തെ എസ്.എഫ്.ഐ നേതാക്കളാണ്. നിയമനം ലഭിച്ചതിൽ 42ൽ 38പേരും കുഫോസ് വിദ്യാർത്ഥികളാണ്.കേരള, കാലിക്കറ്റ്, എം.ജി, കുസാറ്റ് സർവകലാശാലകളിലെ വിദ്യാർത്ഥികളടക്കം ഏഴായിരത്തോളം അപേക്ഷകരുണ്ടായിരുന്നു. കുഫോസിലെ അദ്ധ്യാപകർ ചോദ്യപേപ്പർ തയ്യാറാക്കിയെന്നാണ് കണ്ടെത്തൽ. ചോദ്യപേപ്പർ ചോർച്ച അന്വേഷിക്കും. സിലബസിലില്ലാത്ത ചോദ്യങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയതും സംശയനിഴലിലാണ്.
ഖാദി ബോർഡ് വില്ലേജ് ഓയിൽ ഇൻസ്പെക്ടർ തസ്തികയിൽ യോഗ്യത ഇല്ലാത്ത വ്യക്തിയെ നിയമിച്ചെന്നാണ് കണ്ടെത്തൽ. സയൻസിൽ ബിരുദവും ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ അംഗീകരിച്ച സൂപ്പർവൈസറി ട്രെയ്നിംഗ് ഇൻ വില്ലേജ് ഓയിൽ ഇൻഡസ്ട്രി എന്ന സർട്ടിഫിക്കറ്റുമായിരുന്നു യോഗ്യത. ഈ യോഗ്യത ഇല്ലാതിരുന്നിട്ടും പി.എസ്.സിയിലെ ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് നിയമനം നൽകിയെന്നാണ് കണ്ടെത്തൽ.
മഹാരാഷ്ട്രയിലെ നാസിക്കിലെ ബി.ആർ. അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ ടെക്നോളജി ആൻഡ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്നുള്ള വില്ലേജ് ഓയിൽ ടെക്നിഷ്യൻ സർട്ടിഫിക്കറ്റാണ് ഇവർ നൽകിയത്. 15 ദിവസത്തെ കോഴ്സാണിത്. വിജ്ഞാപനപ്രകാരം രണ്ടു മാസത്തെ കോഴ്സായിരിക്കണം.
ഖാദിബോർഡിനു കീഴിൽ ഉൽപാദിപ്പിക്കുന്ന എണ്ണകളുടെ ഗുണനിലവാര പരിശോധനയാണ് ജോലി. യോഗ്യതയില്ലെന്നു കണ്ടെത്തിയതിനാൽ സ്ഥാനക്കയറ്റം തടഞ്ഞതായും വിവരമുണ്ട്.
''അന്വേഷണം ശക്തമായി തുടരുകയാണ്. 3കേസുകൾ അടുത്തയാഴ്ചയുണ്ടാവും''
-എസ്.അജീതാബീഗം,
ഐ.ജി, ക്രൈംബ്രാഞ്ച്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |