SignIn
Kerala Kaumudi Online
Saturday, 24 October 2026 3.51 AM IST

നിയമം പാലിക്കാതെ നടന്നാലും പെറ്റി, റോഡ് യൂസേഴ്സ് ആക്ടിന് നീക്കം

READ ENGLISH VERSION

a

തിരുവനന്തപുരം: വാഹനാപകടങ്ങളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ റോഡ് യൂസേഴ്സ് ആക്ട് എന്ന പുതിയ നിയമം കൊണ്ടുവരാൻ ഗതാഗതവകുപ്പ് നീക്കം തുടങ്ങി. അപകട മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് അലക്ഷ്യമായി റോഡ് ഉപയോഗിക്കുന്ന കാൽനടയാത്രക്കാർ കൂടിയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. റോഡപകടങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ കാൽനടക്കാർക്ക് പങ്കുണ്ടെങ്കിൽ അവരെക്കൂടി പ്രതിയാക്കുന്ന വിധത്തിൽ പുതിയ നിയമം വേണമെന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണർ സി.നാഗരാജുവിന്റെ റിപ്പോർട്ട്. ഗതാഗതവകുപ്പിന്റെ പക്കലുള്ള റിപ്പോർട്ട് ആഭ്യന്തരവകുപ്പിന്റെ പരിഗണനയ്ക്കു വിടാനാണ് തീരുമാനം.

ഡിവൈഡറുള്ള നാലുവരിപ്പാതകൾ, ഫുട്പാത്തുള്ള റോഡുകൾ എന്നിവിടങ്ങളിലായിരിക്കും നിയമം ബാധകമാക്കുക. നിലവിൽ നിരത്തിൽ പിഴ ഈടാക്കുന്നത് മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമാണ്. അത് കാൽനടയാത്രക്കാർക്ക് ബാധകമല്ല. അതിനാലാണ് പിഴ ഈടാക്കുന്നതിന് നിയമനിർമ്മാണം വേണ്ടിവരുന്നത്. സംസ്ഥാനത്ത് റോഡ് യൂസേഴ്സ് ആക്ട് എന്നൊരു നിയമം വരികയാണെങ്കിൽ അതുപ്രകാരം പിഴ ഈടാക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടിലുള്ളത്.

ദുബായ് ഉൾപ്പെടെ ചില വിദേശ രാജ്യങ്ങളിൽ കാൽനടക്കാർ ഗതാഗതനിയമം പാലിച്ചില്ലെങ്കിൽ പിഴ ചുമത്താറുണ്ട്. ആദ്യം ബോധവത്കരണവും പിന്നീട് നടപടികളിലേക്കും കടക്കാൻ കഴിയുന്ന വിധത്തിൽ നിയമം വേണമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ ആവശ്യം. ഇതുസംബന്ധിച്ച് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും നിയമവിദഗ്ദ്ധരും തമ്മിൽ പ്രാഥമിക ചർച്ച നടന്നിരുന്നു.

റോഡ് മുറിച്ചുകടക്കൽ പ്രധാന പ്രശ്നം

പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ കാൽനടക്കാർ റോഡ് മുറിച്ചു കടക്കുമ്പോൾ വാഹനങ്ങൾ ഇടിച്ച് മരണം വരെയുണ്ടാകാം. വാഹനം പെട്ടെന്ന് ബ്രേക്കിടുമ്പോൾ നിയന്ത്രണം വിട്ട് വാഹനത്തിലുള്ളവരുടെ ജീവനും അപകടം ഉണ്ടാകാം. പിറകെ വരുന്ന വാഹനങ്ങൾ വന്നിടിക്കുകയും ചെയ്യും. എൻ.എച്ച് 66ൽ നിർമ്മാണം പൂ‌ർത്തിയായ ഭാഗങ്ങളിൽ ഡിവൈഡറും പിന്നിട്ട് കാൽനടക്കാർ തോന്നുംപടി റോഡ് മുറിച്ചുകടന്നത് നിരന്തര അപകടങ്ങൾക്ക് കാരണമായിരുന്നു. അത് നിയന്ത്രിക്കാനായി ഡിവൈഡറിൽ നാഷണൽ ഹൈവേ അതോറിട്ടിക്ക് വേലികെട്ടേണ്ടി വന്നു. ഫുട്പാത്തുള്ള തിരക്കേറിയ ഇടങ്ങളിലും റോഡിലേക്കിറങ്ങി നടക്കുന്നതും അപകടമുണ്ടാക്കാറുണ്ട്.

ഇൻഷ്വറൻസ് പരിരക്ഷയെ ബാധിക്കുമോ?​

വാഹനങ്ങൾക്ക് പിഴയിടും പോലെ എളുപ്പമല്ല, വഴിയാത്രക്കാർക്കുള്ള പിഴ ചുമത്തൽ. നിരീക്ഷണ ക്യാമറകൾ എല്ലായിടത്തുമില്ല. വാഹനത്തിന്റെ നമ്പർ തിരിച്ചറിഞ്ഞാണ് ക്യാമറ പിഴ ചുമത്തുന്നത്. നേരിട്ട് പിഴ ചുമത്തുമ്പോൾ പ്രതിഷേധത്തിനും സാദ്ധ്യതയുണ്ട്. 'വളരെ വ്യക്തമായ നിയമമാണ് ഇക്കാര്യത്തിൽ വേണ്ടത്. ജനങ്ങളുടെ ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാതാകാൻ പാടില്ല. ഏതൊക്കെ റോഡിൽ എന്തൊക്കെ പാടില്ലെന്ന വ്യക്തമായ ധാരണ ജനത്തിനെ ബോദ്ധ്യപ്പെടുത്തുകയാണ് ആദ്യം വേണ്ടത്' അഭിഭാഷകനായ യു.ജയചന്ദ്രൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAFIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA