SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.30 AM IST

യു.പിയുടെ സ്വന്തം മലയാളി കളക്ടർ

READ ENGLISH VERSION

v
വിശാഖ്

ലക്‌നൗ: വികസനത്തിൽ ഇന്ത്യയിലെ നമ്പർ വൺ നഗരമാകാനുള്ള ഉത്തർപ്രദേശ് തലസ്ഥാനമായ ലക്‌നൗവിന്റെ കുതിപ്പിന് ചുക്കാൻ പിടിക്കുന്നത് ഒരു തൊടുപുഴക്കാരനാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിശ്വസ്തനായ ലക്‌നൗ ജില്ലാ കളക്ടർ വിശാഖ് ജി. അയ്യർ. 2011 ബാച്ച് യു.പി കേഡർ ഐ.എ.എസ് ഓഫീസർ. തൊടുപുഴയിലെ സർക്കാർ സ്കൂളിലും എൻജിനിയറിംഗ് കോളേജിലുമായി വിദ്യാഭ്യാസം. ഇലക്ട്രോണിക്സിൽ ബി.ടെക്കിന് ശേഷം ഓക്സ്ഫോഡിൽ നിന്ന് പബ്ളിക് പോളിസിയിൽ മാസ്റ്റേഴ്സ് ഡിഗ്രി. 2010ൽ ആദ്യ പരിശ്രമത്തിൽ ഐ.പി.എസ്. തൃപ്തനായില്ല. പരിശീലനത്തിനിടെ അടുത്ത വർഷം മലയാളം എെശ്ചിക വിഷയമായെടുത്ത് വീണ്ടും പരീക്ഷയെഴുതി ഐ.എ.എസ്. അലിഗഡ്,​ കാൺപൂർ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ കളക്ടറായശേഷം 2022 മുതൽ മൂന്ന് വർഷം യോഗിയുടെ സ്പെഷ്യൽ സെക്രട്ടറിയായി. ഈ കാലയളവിവാണ് യോഗിയുമായി കൂടുതൽ അടുക്കുന്നത്. 38കാരനായ വിശാഖ് നഗരവികസനത്തിന് മുന്നോട്ടുവച്ച പ്രൊപ്പോസലുകൾ മുഖ്യമന്ത്രിക്ക് നന്നേ ബോധിച്ചു. 2025ൽ തലസ്ഥാന ജില്ലയുടെ ഭരണമേല്പിച്ചു.

കേരളവുമായി താരതമ്യം ചെയ്താൽ യു.പിയിൽ ജില്ലാ കളക്ടർമാർക്ക് ക്രമസമാധാനത്തിലുൾപ്പെടെ കൂടുതൽ അധികാരമുണ്ട്. യോഗി മുഖ്യമന്ത്രിയായ ശേഷം പാസാക്കിയ യു.പി ഗുണ്ടാ അക്ട്, ഗ്യാംഗ്സ്റ്റേഴ്സ് ആക്ട് എന്നിവയിൽ പരമാധികാരി കളക്ടറാണ്. അതുപോലെ തദ്ദേശ സ്ഥാപന വികസന പദ്ധതികൾക്ക് തുക അനുവദിക്കുന്നതും നിർമ്മാണ മേൽനോട്ടം വഹിക്കുന്നതും അതത് ജില്ലാ കളക്ടർമാരാണ്.

അത്യുഗ്രൻ പദ്ധതികൾ

യു.പി ഡെവലപ്മെന്റ് അതോറിട്ടിയുമായി സഹകരിച്ച് ലക്‌നൗ സിറ്റി ഗ്രീൻ കോറിഡോർ, പുതുതായി 150 കിലോമീറ്റർ ഔട്ടർ റിംഗ് റോഡ്, ലക്‌നൗ- കാൺപൂർ എക്സ്പ്രസ് വേ മോഡലിൽ നാല് എക്സ്പ്രസ് വേകൾ, 270 കോടിക്ക് പൈതൃക സാംസ്കാരിക സ്ഥാപനങ്ങളുടെ പുനരുദ്ധാരണം, 1100 കോടിക്ക് ഫ്ലൈ ഓവർ, സമഗ്ര ജലവിതരണം തുടങ്ങി വിവിധ പദ്ധതികളുടെ അഡ്മിനിസ്ട്രേറ്റീവ്, മജിസ്റ്റീരിയൽ ചുമതലക്കാരനാണ് വിശാഖ്. ചിലത് പൂർത്തിയാക്കി. മറ്റുള്ളവ രണ്ടുവർഷത്തിനകം പൂർത്തിയാക്കും.

ഐ.എ.എസ് ദമ്പതികൾ,

മകൻ പിറന്ന സന്തോഷം

2013 ബാച്ച് ഐ.എ.എസ് ഓഫീസർ ഡൽഹിക്കാരി അപൂർവ ദുബെയാണ് വിശാഖിന്റെ പത്നി. പ്രണയിച്ച് 2019ൽ കേരളത്തിൽ വച്ച് വിവാഹിതരായി. യു.പിയിലെ ഫത്തേപുർ, ഉന്നാവോ ജില്ലകളിൽ കളക്ടറായിരുന്നു അപൂർവ. ഇപ്പോൾ കേന്ദ്ര ജലവിഭവ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി. ഇവർക്ക് ആദ്യ കുഞ്ഞ് പിറന്നിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. വിശാഖ് ഭാര്യയെ മലയാളം സംസാരിക്കാനും എഴുതാനും പഠിപ്പിച്ചു. വീട്ടിൽ കഴിവതും മലയാളത്തിലാണ് വർത്തമാനം. മകനും മലയാളിപ്പേരിടാനാണ് തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: U P COLLECTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA