SignIn
Kerala Kaumudi Online
Sunday, 20 September 2026 8.01 PM IST

ഒരുമിച്ച് മണ്ണിനോട് ചേർന്നു; വയനാട് ദുരന്തത്തിൽ തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങൾ സംസ്കരിച്ചു

wayanad

കൽപ്പറ്റ: മണ്ണിന്റെ പ്രഹരത്തിൽ മരണത്തിലേക്ക് വീണുപാേയി തിരിച്ചറിയാൻ കഴിയാതായവർക്ക് ഒരേ മണ്ണിൽ അന്ത്യനിദ്ര. ഉള്ളം നുറുങ്ങിയ വേദനയോടെ അവരിൽ എട്ട് പേർക്ക് വയനാട് യാത്രാമൊഴിയേകി. മുണ്ടക്കെെൽ ഉരുൾപൊട്ടൽ ജീവനെടുത്തവരിൽ തിരിച്ചറിയാത്ത എട്ട് പേരുടെ മൃതദേഹങ്ങളാണ് പുത്തുമലയിലെ ഹാരിസൺ മലയാളത്തിന്റെ ഭൂമിയിൽ സംസ്കരിച്ചത്.

മതത്തിന്റെയും ആചാരങ്ങളുടെയും വേലിക്കെട്ടില്ലാതെ അടുത്തടുത്തായി ഒരുക്കിയ കുഴിമാടങ്ങളിൽ സർവമത പ്രാർത്ഥനയോടെയാണ് സംസ്കാരം നടന്നത്. കുഴിമാടത്തിന് അരികിൽ നിൽക്കുമ്പോഴും അവരിൽ ആരാണ് തന്റെ ബന്ധുവെന്നോ അയൽവാസിയെന്നോ അറിയാതെ നാട്ടുകാർ വിതുമ്പി.

തിരിച്ചറിയാത്ത മൃതദേഹങ്ങൾക്കായി 39 കുഴിമാടങ്ങളൊരുക്കിയെങ്കിലും എട്ടെണ്ണമാണ് അടക്കം ചെയ്തത്. അഴുകിത്തുടങ്ങിയവയായിരുന്നു അവ. ഉറ്റവർക്ക് തിരിച്ചറിയാൻവേണ്ടി മറ്റു മൃതദേഹങ്ങളുടെ സംസ്കാരം അവസാന നിമിഷം മാറ്റിവയ്ക്കുകയായിരുന്നു.

കൂട്ട സംസ്‌കാരത്തിന് കൊണ്ടുവരുംമുമ്പ് മുഹ്‌സില എന്ന യുവതിയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങി. അതുമായി ബന്ധപ്പെട്ട നടപടികൾ കാരണമാണ് സംസ്‌കാര ചടങ്ങുകൾ വൈകിയത്. പുത്തുമലയിൽ കഴിഞ്ഞ തവണ ഉരുൾപൊട്ടൽ ഉണ്ടായ ജനവാസമില്ലാത്ത മേഖലയിൽ റവന്യു ഉദ്യോഗസ്ഥർ സർവേ നടത്തി 64 സെന്റ് സ്ഥലം ഇതിനായി വേർതിരിക്കുകയായിരുന്നു.

മൃതശരീരങ്ങൾക്കു പുറമേ, ഓരോ ശരീര ഭാഗവും ഓരോ മൃതദേഹമായി കണക്കാക്കിയാണ് അടക്കം ചെയ്യുന്നത്. ഡി.എൻ.എ പരിശോധനയിലൂടെ ആരെയെങ്കിലും തിരിച്ചറിഞ്ഞാൽ തുടർ നടപടികളും ചടങ്ങുകളും നടത്തുന്നതിനാണ് വെവ്വേറെ കുഴിമാടങ്ങൾ സജ്ജമാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD LANDSLIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA