SignIn
Kerala Kaumudi Online
Friday, 14 August 2026 3.34 AM IST

160 രൂപയ്ക്ക് വരെ വിറ്റിരുന്ന സാധനത്തിന് ഇപ്പോൾ 50ലും താഴെ,​ പ്രതിസന്ധിക്ക് പിന്നിൽ

beal-leaf-
BETAL LEAF

പത്തനംതിട്ട : ഓണക്കാലം ലക്ഷ്യമിട്ട് നട്ടുവളർത്തിയ വെറ്റിലക്കൊടികൾ പെരുമഴയിൽ നിലംപൊത്തിയതോടെ ജില്ലയിൽ വെറ്റിലക്ഷാമം രൂക്ഷമായി. ഉയർന്ന പരിപാലന ചെലവും ഈറ്റക്ഷാമവും മൂലം നട്ടംതിരിയുന്നതിനി​ടെയാണ് അപ്രതീക്ഷിതമായി എത്തി​യ പെരുമഴയും വെള്ളക്കെട്ടും കർഷകരുടെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞത്. ജില്ലയിൽ രണ്ട് ഹെക്ടറോളം സ്ഥലത്തെ വെറ്റിലക്കൃഷി നശിച്ചുപോയിട്ടുണ്ടെന്നാണ് കൃഷിവകുപ്പിന്റെ ഔദ്യോഗിക കണക്കെങ്കിലും ഇതിന്റെ ഇരട്ടിയുണ്ടെന്ന് കർഷകർ പറയുന്നു. കൃഷിവകുപ്പ് നാശനഷ്ട കണക്ക് ശേഖരിച്ചിട്ടുണ്ടെങ്കിലും നഷ്ടപരിഹാരം എന്നു കിട്ടുമെന്നോ എത്ര കിട്ടുമെന്നോ എന്നതി​ൽ വ്യക്തതയി​ല്ല.

മാസങ്ങളായി 50 - 60 രൂപയായി​രുന്ന ഒരുകെട്ട് വെറ്റിലയ്ക്ക് കർക്കടക മാസവും ആറൻമുള വള്ളസദ്യയും എത്തിയതോടെ 100 - 110 രൂപയായി ഉയർന്നിരുന്നു. വ്യാപാരികൾ 160 രൂപ വരെ ഈടാക്കുന്നുണ്ട്. ചിങ്ങത്തി​ൽ വീണ്ടും വർദ്ധനവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായി​രുന്നു കർഷകർ.

വിവാഹങ്ങളും ഗൃഹപ്രവേശനവും ഉൾപ്പടെയുള്ള നിരവധി മംഗളകർമ്മങ്ങളാണ് ചിങ്ങത്തിൽ നടക്കാൻ പോകുന്നത്. ക്ഷേത്രങ്ങളിലെ വിവിധ ചടങ്ങുകൾക്കും ഔഷധ നി​ർമ്മാണത്തി​നും വെറ്റില വ്യാപകമായി ഉപയോഗിക്കാറുണ്ട്.

വില സ്ഥി​രതയില്ലാതെ

ഒരുകെട്ട് വെറ്റിലയ്ക്ക് പലപ്പോഴും 30 മുതൽ 50 രൂപ വരെ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. നാല് അടുക്കുകളിലായി 20 എണ്ണംവീതം 80 വെറ്റിലയാണ് ഒരു കെട്ടിലുള്ളത്. ഇപ്പോൾ നൂറ് രൂപ വരെ ലഭിച്ചിരുന്നു. കൊവിഡ് കാലത്ത് 240 - 300 രൂപ വരെ ലഭിച്ചിരുന്നു. തൊഴിലാളികുടെ കൂലിയും പരിപാലന ചെലവും നോക്കിയാൽ തങ്ങൾക്ക് ഒന്നും കിട്ടാനില്ലെന്ന് കർഷകർ പറയുന്നു. ഇതിന് പിന്നാലെയാണ് പ്രകൃതി ക്ഷോഭങ്ങളും നാശം വിതച്ചത്.

ജില്ലയിൽ നശി​ച്ച വെറ്റിലക്കൃഷി : 1.83 ഹെക്ടർ

നഷ്ടംനേരിട്ട കർഷകർ : 73

നഷ്ടം : 4.55 ലക്ഷം രൂപ

(കൃഷി വകുപ്പിൽ രജിസ്റ്റർ ചെയ്യാത്ത കർഷകർക്കും വലി​യ നഷ്ടമുണ്ടായി​ട്ടുണ്ട്)

മദ്ധ്യതിരുവിതാംകൂറിലെ പ്രധാന വെറ്റില മാർക്കറ്റ് : അടൂർ പറക്കോട്.

ചെലവേറിയതും തുടക്കം മുതൽ തന്നെ കരുതലും ശ്രദ്ധയും ആവശ്യമായതുമായ കൃഷിയാണ് വെറ്റില. ഈറ്റ ക്ഷാമവും പന്നിശല്യവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വൻ തുക ചെലവാക്കിയാണ് കൃഷി ഇറക്കിയത്. അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം.

സജി കുഴിപറമ്പിൽ, (കർഷകൻ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FINANCE, MARKET CRISIS, COMMODITY PRICE, BETAL LEAF PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY