SignIn
Kerala Kaumudi Online
Tuesday, 09 June 2026 4.32 PM IST

യുപിഐ വഴി അബദ്ധത്തിൽ മറ്റൊരാൾക്ക് പണം അയച്ചോ? തിരികെ ലഭിക്കാൻ എന്ത് ചെയ്യണം?​

upi

ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു തദ്ദേശീയ പണമിടപാട് സംവിധാനമാണ് യുപിഐ (യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ്). പണമിടപാടുകൾക്ക് യുപിഐ സംവിധാനം ആശ്രയിക്കാത്തവരായി ഇപ്പോൾ ആരുമില്ല. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച ഈ സംവിധാനം ബാങ്കുകൾ വഴിയുള്ള പണമിടപാടുകളെ അങ്ങേയറ്റം ലളിതവും സുരക്ഷിതവുമാക്കുന്നു. ബില്ലുകൾ അടയ്ക്കാനും, റീചാർജ് ചെയ്യാനും തുടങ്ങി ദൈനംദിന ഇടപാടുകൾക്ക് പണം കയ്യിൽ കൊണ്ടുനടക്കേണ്ട ആവശ്യം ഇപ്പോഴില്ല.

എന്തിനും ഏതിനും യുപിഐ ഉപയോഗിക്കുന്ന ഈ കാലത്ത് യുപിഐ ആപ്പി‌ൽ പേരോ നമ്പറോ സെർച്ച് ചെയ്ത് പണം അയക്കുമ്പോൾ അബദ്ധത്തിൽ മറ്റൊരാൾക്കായി പോയാൽ എന്തുചെയ്യും? പണം എങ്ങനെ തിരികെ ലഭിക്കും? അബദ്ധത്തിൽ പണം മറ്റൊരാൾക്ക് അയച്ചുപോയാൽ ആദ്യം തന്നെ ആ അക്കൗണ്ട് ഉടമയെ ബന്ധപ്പെടുക. പണം വന്ന കാര്യം അറിയിച്ച് അത് തിരികെ നൽകാൻ അഭ്യർത്ഥിക്കുക. ആ വ്യക്തി പണം തിരികെ തരാൻ തയ്യാറായില്ലെങ്കിൽ ഉപയോഗിച്ച യുപിഐ ആപ്പ് (ഉദാഹരണത്തിന് ജി-പേ, ഫോൺ-പേ) വഴിയോ ബാങ്ക് വഴിയോ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുഖാന്തരമോ പരാതി നൽകാൻ സാധിക്കും.

ഇതിന് പണം അയച്ചതിന്റെ തെളിവ് സ്ക്രീൻഷോട്ടായോ മറ്റേതെങ്കിലും രീതിയിലോ സൂക്ഷിക്കേണ്ടതുണ്ട്. അയച്ച തുക, സമയം, ട്രാൻസാക്ഷൻ നമ്പർ, യുടിആ‌ർ നമ്പ‌ർ, അക്കൗണ്ട് നമ്പർ ഉണ്ടെങ്കിൽ അത് ഉൾപ്പെടെ സൂക്ഷിച്ചുവയ്ക്കേണ്ടതുണ്ട്. യുപിഐ ആപ്പുകളുടെ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ട് കാര്യം പറയുകയാണ് അടുത്ത നടപടി. ട്രാൻസാക്ഷൻ റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷനും ആപ്പുകളിലുണ്ട്. ട്രാൻസാക്ഷൻ റിവേഴ്‌സ് ചെയ്യാൻ സാധിക്കുന്നതാണെങ്കിൽ യുപിഐ ആപ്പിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകും.

വിവിധ യുപിഐ ആപ്പുകളുടെ കസ്റ്റമർ കെയർ നമ്പർ

  • ഗൂഗിൾ പേ - 1800 419 0157
  • ഫോൺ പേ - 080 6872 7374
  • പെയ്ടിഎം - 0120 4456 456

കസ്റ്റമർ കെയറിൽ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെങ്കിൽ യുപിഐ ഇടപാടുകൾ നിയന്ത്രിക്കുന്ന എൻസിപിഐയിൽ ബന്ധപ്പെടണം. '1800 120 1740' ഈ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് തെറ്റായി സംഭവിച്ച ഇടപാടിന്റെ എല്ലാ വിവരങ്ങളും അറിയിക്കാം. എൻസിപിഐ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുകയും അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കണ്ടെത്തിയാൽ പണം തിരികെ ട്രാൻസ്ഫർ ചെയ്യാൻ ബാങ്കിന് നിർദേശം നൽകുകയും ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FINANCE, UPI APPS, MONEY TRANSFER, ANOTHER ACCOUNT, GOOGLE PAY, PAYTM, PHONEPAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY