SignIn
Kerala Kaumudi Online
Saturday, 18 July 2026 6.18 PM IST

കർക്കടകത്തിൽ രോഗങ്ങളെ ചെറുക്കാനും തടി കുറയ്ക്കാനും 'പത്തിലത്തോരൻ', എളുപ്പത്തിൽ തയ്യാറാക്കാം

pathila-thoran
പ്രതീകാത്മക ചിത്രം

കേരളത്തിൽ നല്ല മഴ ലഭിക്കുന്ന കാലമാണ് കർക്കടകം. കർക്കടക മാസത്തിന് നിരവധി പ്രത്യേകതകളാണ് ഉള്ളത്. ഈ സമയത്ത് ദഹനശേഷി കുറയുകയും രോഗങ്ങൾ പടരാനുള്ള സാദ്ധ്യത വർദ്ധിക്കുകയും ചെയ്യുമെന്നാണ് ആയുർവേദത്തിൽ പറയുന്നത്. അതുകൊണ്ട് തന്നെ ഈ മാസത്തിൽ ഭക്ഷണക്രമത്തിനും ഔഷധഗുണമുള്ള ഇലക്കറികൾക്കും പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്.

ആയുർവേദത്തിൽ കർക്കടകത്തെ ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്ന മാസമായാണ് കണക്കാക്കുന്നത്. കർക്കടക മാസത്തിൽ രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും അസുഖങ്ങളെ ചെറുക്കുന്നതിനും നിരവധി വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് പഴമക്കാർ പറയുന്നത്. അതിൽ പ്രധാനമാണ് കർക്കടക കഞ്ഞിയും പത്തിലത്തോരനും.

എന്താണ് പത്തിലത്തോരൻ?

പത്ത് തരത്തിലുള്ള ഔഷധഗുണമുള്ള ഇലകൾ ചേർത്ത് തയ്യാറാക്കുന്ന പരമ്പരാഗത വിഭവമാണ് പത്തിലത്തോരൻ. ഓരോ പ്രദേശത്തും ഉപയോഗിക്കുന്ന ഇലകളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം. സാധാരണയായി ചെറുചീര, തഴുതാമ, മുക്കുറ്റി, കൊടിത്തൂവ, പയറില, പൊന്നാങ്കണ്ണി, തകര, കുപ്പമേനി,​ പനിക്കൂർക്ക,​ താള് (ചേമ്പില)​ തുടങ്ങിയ പ്രാദേശിക ഇലകളാണ് ഉപയോഗിക്കുന്നത്.

പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ദഹനം മെച്ചപ്പെടുത്താനും ഈ വിഭവം സഹായിക്കും. കൂടാതെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഈ ഇലക്കറിയിലുണ്ട്. നാരുകൾ ധാരാളം അടങ്ങിയതിനാൽ ശരീര ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവർക്കും ഇത് ഉത്തമമാണ്.

പത്തിലത്തോരൻ ഉണ്ടാക്കുന്നത് എങ്ങനെ?​

ചേരുവകൾ

  • ഔഷധഗുണമുള്ള 10 ഇലകൾ (പ്രദേശത്തിനനുസരിച്ചും ലഭ്യത അനുസരിച്ചും വ്യത്യാസപ്പെടാം) – ഏകദേശം 5 കപ്പ് (അരിഞ്ഞത്)​

ചെറുചീര, തഴുതാമ, മുക്കുറ്റി, കൊടിത്തൂവ, പയറില, പൊന്നാങ്കണ്ണി, തകര, കുപ്പമേനി,​ പനിക്കൂർക്ക,​ താള് (ചേമ്പില)​ തുടങ്ങിയവ

  • തേങ്ങ ചിരകിയത് – 1 കപ്പ്
  • ചെറിയ ഉള്ളി – 6 എണ്ണം
  • വെളുത്തുള്ളി – 3 അല്ലി
  • പച്ചമുളക് – 2
  • ജീരകം – ½ ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
  • കടുക് – ½ ടീസ്പൂൺ
  • ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ
  • വറ്റൽമുളക് – 2
  • കറിവേപ്പില (ആവശ്യത്തിന്)​

തയ്യാറാക്കുന്ന വിധം

  • എല്ലാ ഇലകളും നന്നായി കഴുകി ചെറുതായി അരിയുക.
  • തേങ്ങ, ചെറിയ ഉള്ളി, വെളുത്തുള്ളി, ജീരകം, പച്ചമുളക് എന്നിവ ചതച്ചെടുക്കുക.
  • ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
  • ഉഴുന്നുപരിപ്പ്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർക്കുക.
  • അരിഞ്ഞ ഇലകൾ, മഞ്ഞൾപ്പൊടി, ഉപ്പ് ചേർത്ത് ചെറുതീയിൽ വേവിക്കുക.
  • അവസാനം തേങ്ങക്കൂട്ട് ചേർത്ത് 3–4 മിനിറ്റ് ഇളക്കി വാങ്ങുക.

English Summary

Pathilathoran is a traditional Kerala dish prepared with ten medicinal leafy greens, commonly eaten during the Malayalam month of Karkidakam. It is believed to boost immunity, improve digestion, and provide essential nutrients. The dish is made by cooking chopped greens with coconut, spices, and a simple seasoning.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARKKADAKAM, KARKKADAKAM SPECIAL RECIPES, PATHILA THORAN, TEN LEAF RECIPE IN KARKKADAKAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY