SignIn
Kerala Kaumudi Online
Saturday, 18 July 2026 3.14 AM IST

സോമരാജന്റെ കൃഷി രീതി വൻവിജയം,​ വർഷം മുഴുവൻ സ്ഥിരവരുമാനം നേടുന്നതിന് പിന്നിൽ

somarajan-
സോമരാജൻ കൃഷി സ്ഥലത്ത്

നാരങ്ങാനം: പതിമൂന്നാം വയസിൽ തുടങ്ങിയതാണ് സോമരാജന് കൃഷിയോടുള്ള ലഹരി. അച്ഛൻ തങ്കപ്പനൊപ്പം കൃഷിക്ക് വെള്ളം കോരാൻ പാടത്തേക്ക് പോയ സോമരാജന് പിന്നീട് കൃഷിയായി ജീവിതം. . സ്കൂളിൽ നിന്ന് വന്നാൽ കൃഷി സ്ഥലത്തായിരുന്നു . അഞ്ചു പതിറ്റാണ്ടായി കൃഷിയെ ജീവനു തുല്ല്യം സ്നേഹിക്കുകയാണ് സോമരാജൻ. ആലുങ്കൽ കണ്ണാറയിൽ വീടിന്റെ പരിസരവും പാടശേഖരവും പാട്ടത്തിനെടുത്ത ഭൂമിയും ഉൾപ്പെടെ നാല് ഏക്കറോളം സ്ഥലത്താണ് കൃഷി.

പ്രദേശത്തെ മാതൃകാ കർഷകരിൽ ഒരാളാണ് സോമരാജൻ. വഴുതന, പയർ, പാവൽ, കോവൽ, പടവലം, പച്ചമുളക്, വെള്ളരി, മത്തൻ, കുമ്പളം, ചീര തുടങ്ങിയ പച്ചക്കറി വിളകൾക്കൊപ്പം ചേന, ചേമ്പ്, കാച്ചിൽ എന്നീ കിഴങ്ങുവർഗങ്ങളും ഇഞ്ചി, മഞ്ഞൾ, ജാതി തുടങ്ങിയ സുഗന്ധവിളകളും തെങ്ങ്, കമുക്, മാങ്കോസ്റ്റീൻ, വാഴ തുടങ്ങിയ ദീർഘകാല വിളകളും കൃഷി ചെയ്യുന്നു.

സംയോജിത കൃഷിരീതിയാണ് സോമരാജൻ വിജയകരമായി നടപ്പാക്കുന്നത്. രണ്ട് സ്വാഭാവിക മത്സ്യക്കുളങ്ങൾ, ഒരു പടുതാക്കുളം, മത്സ്യകൃഷി, താറാവ് വളർത്തൽ, പോത്ത് വളർത്തൽ, തേനീച്ച വളർത്തൽ എന്നിവയുമുണ്ട്. ഇതിലൂടെ വർഷം മുഴുവൻ സ്ഥിരവരുമാനവും പ്രകൃതി സൗഹൃദ കാർഷിക സംവിധാനവും കൈവരിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഭാര്യ ലീലയും മക്കളായ സ്മിതയും ശ്രീകുമാറും പിന്തുണയുമായുണ്ട്. ആവശ്യമുള്ളപ്പോൾ ജോലിക്കാരെ ഉപയോഗിച്ച് കൃഷിചെയ്യും.

കാട്ടുപന്നി ശല്യം വകവയ്ക്കാതെ മുന്നോട്ട്

കാട്ടുപന്നി ശല്യമുണ്ടായിട്ടും കൃഷിവിസ്തൃതി വർദ്ധിപ്പിച്ച് മുന്നോട്ടു പോവുകയാണ് സോമരാജൻ. മറ്റ് കർഷകർക്ക് കൃഷിയിലെ പുതിയ അറിവും അനുഭവങ്ങളും പകർന്നുനൽകും. ഗുണമേന്മയുള്ള വിത്തുകളും തൈകളും കൊടുക്കും. നാരങ്ങാനത്ത് വി.എഫ്.പി.സി.കെ.യുടെ സ്വാശ്രയ കർഷക വിപണിയിലേക്ക് ഏറ്റവും കൂടുതൽ കാർഷിക ഉത്പന്നങ്ങൾ സ്ഥിരമായി എത്തിക്കുന്ന കർഷകരിൽ ഒരാളാണ് സോമരാജൻ. വി.എഫ്.പി.സി.കെ.യുടെ ആദരവ് ലഭിച്ചിട്ടുണ്ട്. കൃഷിരീതികളിലെ മികവു കൊണ്ട് നാരങ്ങാനത്തെ യുവകർഷകർക്കും പ്രചോദനമാണ് ഇൗ കർഷകൻ

----------------------------

കൃഷി ആഘോഷമാക്കണം. ആദായവും ആരോഗ്യവും ലഭിക്കും.

സോമരാജൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOMARAJAN, AGRICULTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY