SignIn
Kerala Kaumudi Online
Saturday, 13 June 2026 6.45 PM IST

ജൂൺ 14 ലോക രക്തദാന ദിനം; രക്തം ദാനം ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

blood

എല്ലാ വര്‍ഷവും ജൂണ്‍ 14ന് ലോകാരോഗ്യ സംഘടന ലോക രക്തദാന ദിനമായി ആചരിക്കുന്നു. സ്വമേധയായി രക്തം ദാനം ചെയ്യുന്നതിന്റെയും സുരക്ഷിതമായി രക്തം സംഭരിക്കുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും പ്രാധാന്യത്തെ പറ്റി സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. എ ബി ഒ രക്തഗ്രൂപ്പിംഗ് സംവിധാനത്തിന് നോബല്‍ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞന്‍ കാള്‍ ലാന്‍ഡ്സ്റ്റീനറിന്റെ ജന്മദിനമാണ് രക്തദാന ദിനം ആചരിക്കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ 2004ലാണ് ആദ്യമായി രക്തദാന ദിനം ആചരിച്ചത്.

'മനുഷ്യത്വത്തിന്റെ ഒരു തുള്ളി, രക്തം ദാനം ചെയ്യൂ, ജീവന്‍ രക്ഷിക്കൂ' (One Drop of Humanity, Give Blood, Save Lives) എന്നതാണ് ഈ വര്‍ഷത്തെ രക്തദാന ദിന വിഷയം. അത്യാസന നിലയില്‍ രക്തം ആവശ്യമായി വരുന്ന രോഗികളെ സംബന്ധിച്ച് രക്തദാനം മഹത്വപരമായ ഒരു പ്രവര്‍ത്തിയാണ്. ഗുരുതര രോഗബാധിതര്‍, അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍, ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവര്‍, പ്രസവസമയത്ത് സ്ത്രീകള്‍ക്ക് തുടങ്ങിയവരെ സംബന്ധിച്ച് രക്തദാനം ഒരു പ്രതീക്ഷ ഉണര്‍ത്തുന്നു.

ആരോഗ്യ പരിപാലനത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത പ്രധാന ഘടകമാണ് രക്തം. അപകടകരമായ മുറിവ്, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, മറ്റു വലിയ ശസ്ത്രക്രിയകള്‍, കാന്‍സര്‍ ചികിത്സ, കൂടാതെ വിളര്‍ച്ച, ശരീരത്തില്‍ അനിയന്ത്രിതമായി ഹീമോഗ്ലോബിന്‍ രൂപപ്പെടുക, തുടങ്ങിയ സാഹചര്യങ്ങളില്‍ ആണ് രക്തം വേണ്ടി വരുന്നത്. ദാനം ചെയ്യുന്ന രക്തം റെഡ് ബ്ലഡ് സെല്‍സ്, പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ്‌സ് എന്നീ ഘടകങ്ങളായി വേര്‍തിരിക്കാം. അതിനാല്‍ ഒരാള്‍ രക്തം ദാനം ചെയ്യുമ്പോള്‍ ഒന്നിലധികം രോഗികള്‍ക്ക് അത് പ്രയോജനകരമാണ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന യോഗ്യതാ മാനദണ്ഡം അനുസരിച്ച് ഏതൊരു ആരോഗ്യവാനും കൃത്യമായ ഇടവേളകളില്‍ രക്തദാനം നടത്താം.

സാധാരണയായി പുരുഷന്മാര്‍ക്ക് മൂന്നുമാസം കൂടുമ്പോഴും സ്ത്രീകള്‍ക്ക് നാലുമാസം കൂടുമ്പോഴും അവരുടെ ആരോഗ്യസ്ഥിതിയുടെയും മെഡിക്കല്‍ വിലയിരുത്തലിന്റെയും അടിസ്ഥാനത്തില്‍ രക്തദാനം സാദ്ധ്യമാകുന്നു. അണുവിമുക്തമാക്കിയ സൂചിയും മറ്റു ഉപകരണങ്ങളും ഉപയോഗിച്ച് ഒരു വിദഗ്ധ ഡോക്ടറുടെയും ടെക്‌നീഷ്യന്റെയും മേല്‍നോട്ടത്തില്‍ നടത്തുകയാണെങ്കില്‍ രക്തദാനം വളരെ സുരക്ഷിതമാണ്. അതുപോലെ തന്നെ ശേഖരിച്ച രക്തം നിരവധി പരിശോധനകള്‍ക്ക് ശേഷം അണുവിമുക്തമാണെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് രോഗികള്‍ക്ക് നല്‍കുന്നത്.

രക്തദാനത്തെ പറ്റി എത്രത്തോളം അറിവുണ്ടെങ്കിലും അത്രയും തന്നെ സംശയങ്ങളും മിഥ്യാധാരണകളും ഈ വിഷയത്തിലുണ്ട്. രക്തദാനം നടത്തുമ്പോള്‍ അധികനാള്‍ ക്ഷീണം നിലനില്‍ക്കുക, പ്രതിരോധശേഷി കുറയുക, മറ്റ് പ്രധാന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുക തുടങ്ങിയ തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നു. എന്നാല്‍ നാം മനസിലാക്കേണ്ട വസ്തുത എന്തെന്നാല്‍ എല്ലാവരിലും 120 ദിവസം കൂടുമ്പോള്‍ പുതിയ രക്തകോശങ്ങള്‍ ഉണ്ടാകുന്നു. ഇതുകൂടാതെ മിക്ക ദാതാക്കളും വളരെ പെട്ടെന്ന് തന്നെ പൂര്‍വസ്ഥിതിയിലായി സാധാരണ പോലെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കുന്നു. അവര്‍ ഒഴിവാക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായിട്ടുള്ള കാര്യങ്ങള്‍ ബ്ലഡ് ബാങ്കിലെ വിദഗ്ധ ഡോക്ടര്‍മാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു.

സ്വമേധയായി രക്തദാനം നടത്തുന്നത് ഒരു ചെറിയ കാര്യമായി തോന്നിയാലും അത് മഹത്വപരമായ ഒരു പ്രവര്‍ത്തിയാണ്. നമ്മള്‍ രക്തദാനത്തിനായി മുന്നോട്ട് വരുമ്പോള്‍ അത് സ്വീകരിക്കുന്ന ആള്‍ക്ക് ജീവിതത്തില്‍ രണ്ടാമത്തെ അവസരമാണ് ലഭിക്കുന്നത്. രക്തദാനം നടത്തുന്നതിനായി നമ്മള്‍ സ്വയം ചെയ്യേണ്ട ഒരു പ്രധാന കാര്യമാണ് ആരോഗ്യകരമായ ജീവിതശൈലി പാലിക്കുക എന്നത്. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ മാത്രമേ ആരോഗ്യം നിലനിര്‍ത്താനും അത്യാവശ്യഘട്ടങ്ങളിലോ അല്ലാതെയോ ഒക്കെ രക്തദാനം നടത്തുവാനോ സാധിക്കുകയുള്ളു. കൃത്യമായ ഇടവേളകളില്‍ രക്തദാനം നടത്തുന്നതിലൂടെ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാനും നമ്മുടെ ആരോഗ്യ പരിപാലന രംഗത്തെയും സമൂഹത്തെയും ശക്തിപ്പെടുത്താനും സാധിക്കുന്നു.

ഡോ. മേരി അലോഷ്യസ്
സീനിയർ കൺസൾട്ടന്റ് പാത്തോളജിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, LIFESTYLE HEALTH, HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY