സൗന്ദര്യ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്നവരാണ് ഇന്ത്യക്കാർ. പ്രത്യേകിച്ച് മലയാളികൾ. ഓരോ ട്രെൻഡ് വരുമ്പോഴും അതിനനുസരിച്ചുള്ള സൗന്ദര്യവർദ്ധക വസ്‌തുക്കൾ പലരും ഉപയോഗിക്കാറുണ്ട്. കൊറിയൻ ബ്യൂട്ടി ക്രീമുകൾ ഇപ്പോഴും നിരവധിപേർ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ പല രാജ്യങ്ങളിൽ നിന്നുമുള്ള സൗന്ദര്യവർദ്ധക വസ്‌തുക്കൾ നമ്മുടെ നാട്ടിൽ ലഭ്യമാണ്. ഇവയിൽ പലതും നല്ല ഫലം നൽകുന്നവയുമാണ്. എന്നാൽ, അനുമതിയില്ലാതെ പാകിസ്ഥാനിൽ നിന്ന് ഗുണനിലവാരമില്ലാത്ത സൗന്ദര്യവർദ്ധക വസ്‌തുക്കൾ ഇന്ത്യയിലെത്തിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
പാക് നിർമിതമായ രണ്ട് സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളെക്കുറിച്ച് ഇന്ത്യയുടെ ഔഷധ നിയന്ത്രണ ഏജൻസിയായ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകി. 'ഗോറി ബ്യൂട്ടി ക്രീം (Goree beauty cream)', ചാന്ദ്‌നി വൈറ്റനിംഗ് ക്രീം (Chandni whitening cream) എന്നിവയാണത്. ഈ ക്രീമുകൾക്കെതിരെ സെപ്‌തംബർ എട്ടിനാണ് ഡ്രഗ്‌സ് കൺട്രോൾ ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകിയത്. ഇവ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നായിരുന്നു മുന്നറിയിപ്പ്.
ഈ ക്രീമുകളിൽ അനുവദനീയമായ അളവിൽ കൂടുതൽ ഹെവി മെറ്റലുകൾ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. കൂടാതെ ഇതിലെ വിഷാംശം മൂലം ശരീരത്തിൽ ആരോഗ്യപ്രശ്‌നങ്ങളും അപകടവും ഉണ്ടാകാനുള്ള സാദ്ധ്യതയും കൂടുതലാണ്. നിലവിൽ വ്യാപാരികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരോട് ഈ ക്രീമുകൾ വിതരണം ചെയ്യരുതെന്നും നിർദേശമുണ്ട്.
ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനും വിൽക്കുന്നതിനും ആവശ്യമായ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഇതിനില്ല. മാത്രമല്ല, പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്കും വിൽപ്പനയ്‌ക്കും നിരോധനമുണ്ട്. ഈ സാഹചര്യത്തിൽ പാക് നിർമിത ക്രീമുകൾ എങ്ങനെ ഇന്ത്യയിലെത്തി എന്ന ചോദ്യമുയരുകയാണ്.
ലാഹോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോറി കോസ്‌മറ്റിക്‌സ്, എസ്‌ജെ എന്റർപ്രൈസസ് എന്നീ കമ്പനികളാണ് ക്രീമുകളുടെ നിർമാതാക്കൾ. റെഗുലേറ്ററി ക്ലിയറൻസ് ഇല്ലാതെ ഇറക്കുമതി ചെയ്‌ത സൗന്ദര്യവർദ്ധക വസ്‌തുക്കൾ ഇന്ത്യയിൽ വിൽക്കാൻ പാടില്ല. 2020ലെ കോസ്‌മെറ്റിക്‌സ് നിയമപ്രകാരം, ഇറക്കുമതി ചെയ്‌ത സൗന്ദര്യവർദ്ധക വസ്‌തുക്കൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് മുമ്പ് സെൻട്രൻ ലൈസൻസിംഗ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം.
ഇക്കഴിഞ്ഞ ജൂലായ് മാസത്തിൽ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ രാജീവ് രഘുവംശി സംസ്ഥാന ഡ്രഗ് റെഗുലേറ്റർമാർക്കും സിഡിഎസ്‌സിഒ ഓഫീസുകൾക്കും നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് ക്രീമുകൾ കണ്ടെത്തിയത്.
2025 മേയ് മാസം മുതൽ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതികൾക്ക് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ഇന്ത്യയിലെ ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോൺ, ഫ്ലിപ്‌കാർട്ട്, മീഷോ, സ്‌നാപ്പ്‌ഡീൽ തുടങ്ങിയ ഈ ക്രീമുകൾ വിൽപ്പനയ്‌ക്കായി ഉള്ളത് കണ്ടെത്തി. ചിലതിൽ മെയ്‌ഡ് ഇൻ ഇന്ത്യ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. മറ്റുചിലതിൽ യാതൊരു വിവരവും ലഭ്യമായിരുന്നില്ല. നേരിട്ട് പാകിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് പകരം യുഎഇ, നേപ്പാൾ തുടങ്ങിയ മറ്റ് രാജ്യത്തിലൂടെയാകാം ഇവ ഇന്ത്യയിലേക്ക് എത്തുന്നതെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തൽ.
വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ ചില പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഈ ഉൽപ്പന്നങ്ങൾ നീക്കം ചെയ്യാൻ നടപടിയെടുത്തിട്ടുണ്ട്. പരിശോധിച്ച ശേഷം ഉൽപ്പന്നങ്ങൾ പൂർണമായും നീക്കം ചെയ്യാമെന്നാണ് മീഷോ ഉൾപ്പെടെയുള്ളവ അറിയിച്ചിരിക്കുന്നത്.
നിർമാതാവിന്റെ വിശദാംശങ്ങൾ, ബാച്ച് നമ്പർ, നിർമാണ - കാലഹരണ തീയതികൾ, ഇറക്കുമതി ചെയ്‌തവയ്‌ക്ക് വേണ്ട രജിസ്‌ട്രേഷൻ നമ്പർ എന്നിവ ഉൾപ്പെടെ പാക്കേജിംഗിലുള്ള കാര്യങ്ങളെല്ലാം ശ്രദ്ധാപൂർവം പരിശോധിച്ച ശേഷം മാത്രം സാധനങ്ങൾ വാങ്ങണമെന്നാണ് ഉപഭോക്താക്കൾക്കുള്ള നിർദേശം. നിർദേശങ്ങൾ പാലിക്കാത്ത ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കും വ്യാപാരികൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
India's Central Drugs Standard Control Organization (CDSCO) issued a warning on September 8 against two unauthorized Pakistani-made beauty creams, 'Goree Beauty Cream' and 'Chandni Whitening Cream.' These products contain unsafe levels of heavy metals and lack necessary import registration, posing health risks. Despite a ban on Pakistani imports, the creams are being sold on Indian e-commerce platforms, prompting official action.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |