SignIn
Kerala Kaumudi Online
Sunday, 12 July 2026 5.17 PM IST

വർഷങ്ങൾക്ക് മുമ്പ് ലക്ഷണങ്ങൾ പ്രകടമാകും; പാർക്കിൻസൺസ് രോഗം നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സിക്കൂ

health

എല്ലാ വര്‍ഷവും ഏപ്രില്‍ 11 ലോക പാര്‍ക്കിന്‍സണ്‍സ് ദിനമായി ആചരിക്കുന്നു. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 1817ല്‍ ഡോ.ജെയിംസ് പാര്‍ക്കിന്‍സണ്‍സ് ആണ് ഈ രോഗത്തെ പറ്റി ആദ്യമായി ഒരു വിവരണം നല്‍കിയത്. നമ്മുടെ ശരീരത്തിലെ ചലനത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പാര്‍ക്കിന്‍സൺ.

തലച്ചോറിലെ നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങള്‍ ആണ് basal ganglia യും subtsantia nigra യും. ഇവിടങ്ങളിലെ ഡോപ്പാമിന്‍ എന്ന പദാര്‍ത്ഥം ഉല്‍പ്പാദിപ്പിക്കുന്ന ഞെരമ്പുകള്‍ നശിച്ചു പോകുന്നതാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ആധാരം. ആയുര്‍വേദത്തില്‍ 4500 വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പവാതം എന്നൊരു രോഗത്തെ പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഇതിന് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ലക്ഷണങ്ങളുടെ സാമ്യം ഉണ്ട്.

സാധാരണയായി 60 വയസിനുമേല്‍ പ്രായമുള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 40 വയസിനുമേല്‍ പ്രായമുള്ളവരില്‍ 0.3 ശതമാനം പേരില്‍ ഈ രോഗം കണ്ടുവരുന്നു. ഇന്ത്യയില്‍ ഏകദേശം ഏഴ് ദശലക്ഷംപേര്‍ക്ക് പാര്‍ക്കിന്‍സണ്‍സ് രോഗം ഉണ്ടെന്ന് കണക്കാക്കപെടുന്നു. 'Bridge the care gap' എന്നതാണ് ഈ വര്‍ഷത്തെ പാര്‍ക്കിന്‍സണ്‍സ് ദിനപ്രമേയം. രോഗികള്‍ക്ക് കൂടുതല്‍ സുഗമമായി നാഡീരോഗ ചികിത്സാവിദഗ്ദ്ധനെ (Neurologist) കാണാനും കൃത്യമായ ചികിത്സ ലഭിക്കാനുമുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

രോഗകാരണങ്ങള്‍
ചലനത്തെ നിയന്ത്രിക്കുന്ന ഞെരമ്പുകള്‍ നശിച്ചു പോകുന്നതിന് വ്യക്തമായ ഒരു കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ജനിതകവും പാരിസ്ഥിതികവുമായ പല കാരണങ്ങള്‍ കൊണ്ടും പാര്‍ക്കിന്‍സണ്‍സ് രോഗം ഉണ്ടാകാം. 40 വയസില്‍ താഴെയുള്ള ചെറുപ്പക്കാരില്‍ രോഗം വരികയാണെങ്കില്‍ അത് കൂടുതലും ജനിതക കാരണങ്ങള്‍ കൊണ്ടായിരിക്കും. താഴെ പറയുന്ന കാരണങ്ങള്‍ പാര്‍ക്കിന്‍സണ്‍സ് രോഗം വരാനുള്ള സാദ്ധ്യത പതിന്മടങ്ങ് കൂട്ടുന്നവയാണ്.

1. അടിക്കടി തലയ്ക്ക് ക്ഷതം ഏല്‍ക്കുന്നത്.

2. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജീവിക്കുന്നവര്‍, പ്രത്യേകിച്ചു കോപ്പര്‍, manganese, lead എന്നിവ കൂടുതലായി ഉപയോഗിക്കുമ്പോള്‍.

3. കീടനാശിനികള്‍ ഉപയോഗിക്കുന്നവര്‍.
4. അമിതവണ്ണം, diabetes രോഗം ഉള്ളവര്‍.

5. Tricholoroethylene രാസവസ്തു ഉപയോഗിക്കുന്ന ഫാക്ടറിയില്‍ ജോലി ചെയ്യുന്നവര്‍.

6. വിറ്റാമിന് ഡിയുടെ അഭാവം ഉള്ളവര്‍.

7. Iron കൂടുതലുള്ള ആഹാരസാധനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നവര്‍.

8. കുടുംബത്തില്‍ പാര്‍ക്കിന്‍സണ്‍ രോഗം ഉള്ളവര്‍ ഉണ്ടെങ്കില്‍.

രോഗലക്ഷണങ്ങള്‍
പ്രാധനമായും നാല് ലക്ഷണങ്ങള്‍ ആണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ളത്.

1. വിറയല്‍
സാധാരണയായി വിറയല്‍ ഏതെങ്കിലും ഒരു വശത്തെ കയ്യിലോ കാലിലോ ആയിരിക്കും ആദ്യം തുടങ്ങുന്നത്. ഇത് വിശ്രമിക്കുന്ന അവസ്ഥയിലായിരിക്കും കൂടുതലായി കാണുന്നത്. എന്തെങ്കിലും കയ്യില്‍ പിടിക്കുമ്പോഴോ അല്ലെങ്കില്‍ ജോലി ചെയ്യുമ്പോഴോ വിറയല്‍ കുറവായിരിക്കും. രോഗത്തിന്റെ കാലദൈര്‍ഖ്യം കൂടുന്നത് അനുസരിച്ചു വിറയലിന്റെ തീവ്രതയും അതോടൊപ്പം എത്തുന്നു മറ്റു കൈ കാലുകളിലേക്കും പടരുകയും ചെയ്യും. കൂടുതല്‍ ടെന്‍ഷന്‍ ഉള്ളപ്പോഴോ ക്ഷീണാവസ്ഥയിലോ വിറയലിന്റെ തീവ്രത കൂടുതലായിരിക്കും.

2. പേശികളുടെ ദൃഢത
എല്ലാ സന്ധികളും ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ടു അനുഭവപ്പെടുകയും മൊത്തത്തില്‍ ഒരു stiffness അനുഭവപ്പെടുകയും ചെയ്യും. ഇത് ആദ്യമേതെങ്കിലും ഒരു വശത്തെ കൈകാലുകളില്‍ ആയിരിക്കും ആദ്യം വരുന്നത്. പിന്നീട് കാലക്രമേണ എല്ലാ കൈകാലുകളെയും ബാധിക്കും. ഒടുവില്‍ കഴുത്തിലെയും നട്ടെലിലെയും പേശികളെ ബാധിക്കുമ്പോള്‍ കൂനു ഉണ്ടാകാം.

3. പ്രവര്‍ത്തികളില്‍ വേഗത കുറയുന്നു
പഴയൊരു സ്പീഡില്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതാകുക, നടത്തത്തിന്റെ സ്പീഡ് കുറയുക ഒക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആണ്. ഇത് ചിലപ്പോള്‍ കൂടെ ഉള്ളവരായിരിക്കും ആദ്യം ശ്രദ്ധിക്കുന്നത്. സംസാരത്തിലും ഈ വേഗതക്കുറവ് കാലക്രമേണ പ്രകടമാകും.


4. ബാലന്‍സ് ഇല്ലായ്‌മ
പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ വീഴ്ചകള്‍ സാധാരണമാണ്. കിടന്നിട്ടു എഴുന്നേല്‍ക്കുമ്പോഴോ പെട്ടന്ന് തിരിയുമ്പോഴോ നിരപ്പില്ലാത്ത തറയിലൂടെ നടക്കുമ്പോഴോ, പടികള്‍ ഇറങ്ങുമ്പോഴോ ഒക്കെ ബാലന്‍സ് തെറ്റി വീഴാനുള്ള സാദ്ധ്യത കൂടുതലാണ്.

മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ കൂടാതെ മറ്റുചില കാര്യങ്ങളിലും മാറ്റങ്ങള്‍ പ്രകടമാകാം. കൈയക്ഷരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ആണ് അതിലൊന്ന്. അക്ഷരങ്ങളുടെ വലിപ്പം എഴുതുമ്പോള്‍ കുറഞ്ഞു കുറഞ്ഞു വരുകയും പിന്നീട് തീരെ എഴുതാന്‍ പറ്റാത്ത അവസ്ഥയും ഉണ്ടാകാം. അത് പോലെ മുഖത്തെ പേശികളുടെ ദൃഢത കാരണം മുഖത്ത് ഭാവമാറ്റങ്ങള്‍ കൊണ്ടുവരാന്‍ രോഗിക്ക് ബുദ്ധിമുട്ടായിരിക്കും. അത് കൊണ്ട് തന്നെ ദുഖമായാലും സന്തോഷമായാലും മുഖത്ത് ഒരേ ഭാവം ആയിരിക്കും.

സാധാരണയായി നമ്മള്‍ നടക്കുമ്പോള്‍ കൈകള്‍ വീശിയാണ് നടക്കുന്നത്. എന്നാല്‍ പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ നടക്കുമ്പോള്‍ കൈകള്‍ വീശാന്‍ സാധിക്കുകയില്ല. അവരുടെ സംസാരവും വളരെ പതിഞ്ഞതും ഒരേ ടോണില്‍ ഉള്ളതുമായിരിക്കും. അവരുടെ ആമാശയത്തിന്റെ ചലനങ്ങളും പതുക്കെ ആയതിനാല്‍ മലബന്ധം ഇത്തരം രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ശരീരം മൊത്തത്തിലുള്ള വേദന, പ്രത്യേകിച്ച് തോളുകളുടെ വേദന കൂടുതലായിരിക്കും. ഉറക്കമില്ലായ്മയും ഇവരെ അലട്ടുന്ന ഒരു പ്രശ്നമാണ്. പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ വിഷാദരോഗം വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

രോഗനിര്‍ണയം
പ്രധാനമായും ലക്ഷണങ്ങള്‍ അപഗ്രഥിച്ചും ഒരു ന്യൂറോളജസ്റ്റിന്റെ സഹായത്തോടെ ക്ലിനിക്കല്‍ പരിശോധനകള്‍ നടത്തിയുമാണ് പാര്‍ക്കിന്‍സണ്‍ രോഗം സ്ഥിതികരിക്കുന്നത്. കാലുകളുടെ ചലനത്തെ മാത്രമാണ് കൂടുതലായി ബാധിക്കുന്നതെങ്കില്‍ അത് ചിലപ്പോള്‍ തലച്ചോറിലെ ചെറു രക്തധമനികളുടെ അടവ് മൂലമോ (വാസ്‌കുലര്‍ പാര്‍ക്കിന്‍സോണിസം) അല്ലെങ്കില്‍ തലച്ചോറിനുള്ളിലെ ഫ്ലൂയിഡിന്റെ അളവ് കൂടുന്നത് മൂലമോ (normal pressure hydrocephalus) ആകാം. ഇതിനായി തലച്ചോറിന്റെ സ്‌കാനിംഗ് ആവശ്യമായി വരാം. അതുപോലെ പ്രവര്‍ത്തികളില്‍ മന്ദത ഉണ്ടാകുന്ന മറ്റു രോഗങ്ങള്‍ ഉണ്ടോ എന്ന് അറിയാന്‍ ചില രക്തപരിശോധനകളും നടത്തേണ്ടി വരും.

ചികിത്സാ രീതികള്‍
പാര്‍ക്കിന്‍സണ്‍സ് രോഗം പൂര്‍ണമായും ഭേദമാക്കാന്‍ പറ്റുന്ന ഒരു അസുഖം അല്ല. എന്നാല്‍ നേരത്തെ തന്നെ മരുന്നുകള്‍ ഉപയോഗിച്ച് തുടങ്ങിയാല്‍ അസുഖത്തിന്റെ തീവ്രത കൂടുന്നത് വലിയൊരു അളവ് വരെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കും. അതോടൊപ്പം രോഗിക്ക് പരസഹായം ഇല്ലാതെ സ്വന്തം കാര്യങ്ങള്‍ നോക്കാനും സാധിക്കും. കൃത്യമായ ചികിത്സായില്ലെങ്കില്‍ ഒരു 7 - 10 വര്‍ഷം ഇത് തന്നെ രോഗി കിടപ്പിലാകുകയും മരണത്തിലേക്ക് എത്തിപ്പെടുകയും ചെയ്യും. എന്നാല്‍ നല്ല ചികിത്സാ ലഭിക്കുകയാണെങ്കില്‍ 25 - 30 വര്‍ഷം വരെ ആയുര്‍ദൈര്‍ഖ്യം ഉണ്ടാകും.


തുടക്കത്തില്‍ ചെറിയ ഡോസിലുള്ള മരുന്നുകളോട് തന്നെ നല്ലപോലെ പ്രതികരിക്കുമെങ്കിലും വര്‍ഷം കൂടുന്നത് അനുസരിച്ചു മരുന്നിന്റെ ഡോസ് കൂട്ടി കൂട്ടി കൊണ്ടുവരേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ചിലപ്പോള്‍ മരുന്നിന്റെ പാര്‍ശ്വഫലങ്ങളും രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കാം. അപ്പോള്‍ മരുന്ന് നിര്‍ത്തുക അല്ല വേണ്ടത്, മറിച്ച് ഡോക്ടറുടെ നിര്‍ദേശാനുസരണം ഓരോ സമയത്തുമുള്ള ഡോസ് കുറച്ചു പല നേരമായി മരുന്ന് കഴിക്കണം.

ശസ്ത്രക്രിയാ മാര്‍ഗം

മരുന്നുകള്‍ കൊണ്ട് ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റിയില്ലെങ്കില്‍ ശസ്ത്രക്രിയാ മാര്‍ഗം സ്വീകരിക്കാവുന്നതാണ്. തലച്ചോറിനുള്ളില്‍ പേസ്‌മേക്കര്‍ പോലുള്ള എലെക്ട്രോഡ്‌സ് വച്ച് തലച്ചോറിനെ ഉദ്ധീപിപ്പിക്കുന്ന (deep brain stimulation) ചികിസതരീതി ഇന്ന് ലഭ്യമാണ്. രോഗം മൂര്‍ച്ഛിക്കുന്നതിന് മുമ്പ് രോഗിക്ക് നടക്കാന്‍ സാധിക്കുന്ന അവസ്ഥയിലാണ് ഇത് ചെയ്യുന്നത്.


മരുന്നുകളോടൊപ്പം തന്നെ പ്രധാനമാണ് ദിവസേനയുള്ള വ്യായാമം. ഇത് പേശികളുടെ ദൃഢത കുറച്ചുകൊണ്ട് വേദനയും, ക്ഷീണവും മാറ്റി നടത്തം ഒക്കെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. സൈക്ലിംഗ് ആണ് പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്ക് ഏറെ അഭികാമ്യം ആയ വ്യായാമം. രോഗാവസ്ഥയുടെ അന്ത്യഘട്ടത്തില്‍ ഭക്ഷണം കഴിക്കുന്നത് വളരെ അധികം കുറയുകയും പെട്ടെന്ന് ന്യൂമോണിയ പോലുള്ള അണുബാധ ഉണ്ടാകുകയും ചെയ്യുന്നു. ഇതാണ് സാധാരണയായി മരണത്തിനു കാരണം ആകുന്നത്. നേരത്തെ തന്നെ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിച്ചാല്‍ വലിയൊരു പരിധിവരെ ഇതിന്റെ വൈഷമ്യതകള്‍ കുറച്ച് രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും.


Dr. Susanth M J MD, DM
Consultant Neurologist
SUT Hospital, Pattom

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, LIFESTYLE HEALTH, HEALTH, PARKINSONS, TREATMENT, SYMPTOMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY