SignIn
Kerala Kaumudi Online
Tuesday, 07 July 2026 7.08 PM IST

ചൊറിച്ചിൽ മാറും, പക്ഷേ രോഗാണു മാറില്ല: വട്ടച്ചൊറി വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

itching
പ്രതീകാത്മക ചിത്രം

വളരെ സാധാരണയായി നമ്മള്‍ കേള്‍ക്കുന്ന ഒന്നാണ് വട്ടച്ചൊറി. തൊലിപ്പുറമെ ഉണ്ടാകുന്ന പൂപ്പല്‍ ബാധയാണിത് (fungal infection).

ആര്‍ക്കാണ് വട്ടച്ചൊറി ഉണ്ടാകുന്നത്?

· രോഗപ്രതിരോധ ശക്തി കുറഞ്ഞവരില്‍.
· വരണ്ട ചര്‍മ്മം ഉള്ളവരില്‍.
· എപ്പോഴും വിയര്‍ക്കുന്നവരില്‍.
· ഇറുകിയ വസ്ത്രം, ചെരുപ്പ് എന്നിവ ധരിക്കുന്നവരില്‍.
· ശരീരം തുടര്‍ച്ചയായി നനഞ്ഞിരിക്കുന്ന ജോലികള്‍ ചെയ്യുന്നവരില്‍.

ഫംഗല്‍ രോഗബാധ എങ്ങനെ തിരിച്ചറിയാം?

സാധാരണയായി മടക്കുകളില്‍ അതായത് കക്ഷം, തുടയുടെ ഇടയില്‍, വിരലിന്റെ ഇടയില്‍ എന്നിങ്ങനെ ഈര്‍പ്പം നിലനില്‍ക്കുന്ന ശരീരഭാഗങ്ങളിലാണ് ഫംഗല്‍ അണുബാധ കാണുന്നത്. ചുവപ്പ് നിറത്തില്‍ വട്ടത്തില്‍ ചൊറിച്ചിലും പൊരിച്ചിലുമായി പ്രത്യക്ഷപ്പെടാം. പലരും ചിലന്തി വിഷം എന്ന് വിചാരിക്കുന്നത് ഫംഗല്‍ രോഗത്തെയാണ്.

ഫംഗല്‍ ബാധ പ്രതിരോധിക്കുന്നത് എങ്ങനെ?

· എപ്പോഴും നനയുന്ന ജോലി ചെയ്യുന്നവര്‍ സംരക്ഷിത ഷൂസ്, ഗ്ലൗസ്, ഏപ്രണ്‍ എന്നിവ ധരിക്കുക.

· നനഞ്ഞ അല്ലെങ്കില്‍ വിയര്‍പ്പു പറ്റിയ വസ്ത്രങ്ങള്‍ ഉടനെ മാറ്റുക.

· മടക്കുകളിലും കൈകളിലും കാലുകളിലും മോയിസ്ചറൈസര്‍ ക്രീം പുരട്ടുക, കൂടാതെ അണുബാധ ഉണ്ടായ ഭാഗം കാറ്റുകൊള്ളിക്കുകയും പൗഡര്‍ ഇടുകയും വേണം.

· ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുക.

· പ്രമേഹം, തൈറോയ്ഡ് രോഗികള്‍ കൃത്യമായി രക്ത പരിശോധന ചെയ്യുക. കാരണം ഇവ നിയന്ത്രണാധീതമായ രോഗികളില്‍ ഫംഗല്‍ ബാധ വരാനുള്ള സാദ്ധ്യത കൂടുതലാണ്.

· ആഹാരത്തില്‍ പച്ചക്കറികള്‍, ഫലവര്‍ഗ്ഗങ്ങള്‍ മീന്‍ മുതലായവ ഉള്‍പ്പെടുത്തുക.

എങ്ങനെ ചികിത്സിക്കാം?

ഫംഗല്‍ അണുബാധയ്ക്ക് ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്. പക്ഷെ ഫംഗല്‍ ബാധ വരുന്ന ഒരാള്‍ക്ക് അത് വീണ്ടും വീണ്ടും വരാനുള്ള സാദ്ധ്യതയും ഉണ്ട്. നമ്മുടെ രോഗപ്രതിരോധ ശക്തി മുതല്‍ നമ്മള്‍ ചെയ്യുന്ന ജോലികള്‍ വരെ അതിന് ഒരു കാരണമാകാം.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക. സ്വയം ചികിത്സ അരുത്. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ സാധാരണയായി ഫംഗസിന് ഉപയോഗിക്കുന്ന പല മരുന്നുകളിലും സ്റ്റിറോയ്ഡ് അടങ്ങിയിരിക്കുന്നു. ഇതിന്റെ ഉപയോഗം മൂലം ചൊറിച്ചില്‍, ചുവപ്പുനിറം, മൊരിച്ചില്‍ എന്നിവ കുറയാം, പക്ഷേ ഫംഗസ് രോഗാണു നശിക്കില്ല. അതുകൊണ്ടുതന്നെ സ്റ്റിറോയ്ഡ് അടങ്ങിയ ക്രീം നിര്‍ത്തുമ്പോള്‍ രോഗബാധ അധികരിക്കുന്നു. ഇത് പലപ്പോഴും ചികിത്സയോടും പ്രതികരിക്കാത്ത ശക്തമായ ഫംഗല്‍ ആണുബാധയിലേക്ക് നയിക്കുന്നു.

ചികിത്സിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

· ഡോക്ടറുടെ നിര്‍ദ്ദേശം കൃത്യമായി പാലിക്കുക.

· രോഗ ലക്ഷണങ്ങള്‍ മാറിയാലും മരുന്നുകള്‍ രണ്ടുമാസം തുടര്‍ച്ചയായി ഉപയോഗിക്കുക.

· പൂപ്പല്‍ രോഗം ആവര്‍ത്തിച്ച് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക.

Dr. Shalini V R
Consultant Dermatologits and Cosmetologist
SUT Hospital, Pattom, TVM

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RINGWORM SYMPTOMS, RINGWORM TREATMENT, FUNGAL SKIN INFECTION, VATTACHORI, SKIN CARE TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY