SignIn
Kerala Kaumudi Online
Monday, 17 August 2026 8.57 PM IST

ഭക്ഷണം വിളമ്പും, സെൽഫിയും നൽകും; ഹോട്ടലിൽ എത്തുന്നവർക്ക് പ്രിയങ്കരിയായി 'ഐഷ'

aisha-robot
പ്രതീകാത്മകചിത്രം

ചണ്ഡീഗഡ്: ഭക്ഷണത്തിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കൗതുകം കൂടി സമ്മാനിക്കുകയാണ് ഹരിയാനയിലെ ഒരു ഹോട്ടൽ. നാടൻ വിഭവങ്ങൾക്ക് പേരുകേട്ട മുർത്തയിലെ രേഷം ധാബയിലാണ് ആ കൗതുകമൊരുക്കിയിരിക്കുന്നത്. ഇവിടെ ഭക്ഷണം വിളമ്പുന്നതിനായി ജീവനക്കാരെ സഹായിക്കാൻ മറ്റൊരാളുകൂടിയുണ്ട്. 'ഐഷ' എന്ന് പേരിട്ടിരിക്കുന്ന റോബോട്ടാണ് ആ സഹായി.

ഓർഡർ നൽകി കാത്തിരിക്കുന്നവരുടെ മേശയിലേക്ക് റോബോട്ടാണ് ഭക്ഷണവുമായെത്തുന്നത്. നാവിഗേഷൻ സംവിധാനത്തിന്റെ സഹായത്തോടെ നിശ്ചയിച്ചിട്ടുള്ള പാതയിലൂടെയാണ് റോബോട്ട് സഞ്ചരിക്കുന്നത്. ഓർഡർ തയ്യാറായാൽ ഭക്ഷണം റോബോട്ടിന്റെ കൈകളിലുള്ള ട്രേയിൽവച്ച ശേഷം നാവിഗേഷൻ സംവിധാനം പ്രവർത്തിപ്പിക്കും. തുടർന്ന് നിർദേശിച്ച മേശയിലേക്ക് ഓർഡറുമായി റോബോർട്ടെത്തും.

സോഫ്‌റ്റ്‌വെയറും റിമോട്ട് കൺട്രോൾ സംവിധാനവും ഉപയോഗിച്ചാണ് റോബോട്ടിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. കണ്ണുകളിൽ എൽഇഡി ലൈറ്റുകളുണ്ട്. ഫൈബറിൽ നിർമ്മിച്ച പുറംഭാഗവും ചുവന്ന ലൈറ്റുകളും റോബോട്ടിന് ആകർഷകമായ രൂപം നൽകുന്നു. ഒറ്റത്തവണ ചാർജ് ചെയ്‌താൽ ഒന്നരമുതൽ രണ്ടുമണിക്കൂർവരെ റോബോട്ടിന് പ്രവർത്തിക്കാനാകും.

ഐഷാ‌ റോബോട്ടിനെ കാണാനും അതിനൊപ്പം സെൽഫിയെടുക്കാനും വീഡിയോ പകർത്താനും നിരവധി ഉപഭോക്താക്കളാണ് ഇവിടേക്കെത്തുന്നത്. ബംഗളൂരുവിൽ നിന്നുള്ള സംഘത്തിന്റെ സഹായത്തോടെയാണ് റോബോട്ടിനെ വികസിപ്പിച്ചതെന്ന് ഹോട്ടൽ മാനേജർ സഞ്ജയ് പറയുന്നു. മുർത്തലിലെത്തുന്നവർക്ക് ഭക്ഷണത്തിന്റെ രുചിക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനുഭവംകൂടി പകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

റോബോട്ടിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി പ്രത്യേകം ആളുകളെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമായ സമയങ്ങളിൽ റിമോട്ട് ഉപയോഗിച്ചാണ് റോബോട്ടിനെ നിയന്ത്രിക്കുന്നത്. കുട്ടികൾക്കാണ് റോബോട്ടിനോട് കൂടുതൽ കൗതുകമെന്ന് സഞ്ജയ് പറയുന്നു.

English Summary

Aisha, an AI-powered robot at Resham Dhaba in Murthal, Haryana, serves food to customers and has become a popular attraction for selfies and videos. Developed with support from a Bengaluru-based team, the robot uses navigation and remote-control systems to deliver orders to tables.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROBOT, ROBOT SERVING FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE