SignIn
Kerala Kaumudi Online
Friday, 04 September 2026 1.42 PM IST

പണം വാങ്ങി ചൊറിഞ്ഞുനൽകും; വേറിട്ട ബിസിനസ് ആശയവുമായി ചൈന

itchy-skin
പ്രതീകാത്മക ചിത്രം

ബീജിംഗ്: ശരീരത്തിലെ ചൊറിച്ചിലുള്ള ഭാഗങ്ങൾ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് ചൊറിഞ്ഞുനൽകുന്ന വേറിട്ട ബിസിനസ് ആശയം ചൈനയിൽ ശ്രദ്ധനേടുന്നു. 'ഇച്ച്-റീലീഫ്-ഷോപ്' എന്ന പേരിൽ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഷെൻഷെനിലാണ് ഈ സേവനം ആരംഭിച്ചത്.

മേയ്‌ മാസത്തിൽ ഷാങ്‌ ഷിയോവോ ചിയോവയെന്നയാളാണ് ആദ്യത്തെ 'ഇച്ച്-റിലീഫ് ഷോപ്പ്' ആരംഭിച്ചത്. വെറും 40 ദിവസങ്ങൾക്ക് ശേഷം മറ്റൊരു സ്ഥലത്തും സേവനം ആരംഭിച്ചു. 'നിങ്ങൾക്ക് സംതൃപ്‌തി നൽകുന്ന വിധത്തിൽ പുറം ചൊറിഞ്ഞുനൽകാം' എന്നതാണ് സ്ഥാപനത്തിന്റെ പ്രചാരണ വാചകം. ചൊറിച്ചിൽ അനുഭവപ്പെടുന്ന ശരീരഭാഗങ്ങളിലെ അസ്വസ്ഥത ശമിപ്പിക്കുന്നതിനൊപ്പം മാനസികമായി ആശ്വാസം നൽകാനാണ് സേവനം ലക്ഷ്യമിടുന്നത്. വിരലുകൾക്ക് സമാനമായി രൂപകൽപ്പന ചെയ്‌ത പ്രത്യേക ഉപകരണങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.

സേവനത്തിന്റെ ദൈർഘ്യത്തിനും തിരഞ്ഞെടുക്കുന്ന ശരീരഭാഗങ്ങൾക്കും അനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 60 മിനിറ്റ് ദൈർഘ്യമുള്ള അപ്പർ ബോഡി സെഷന് ഏകദേശം 200 യുവാനും (2800 രൂപ) 30 മിനിറ്റ് ദൈർഘ്യമുള്ള തലയും പുറവും ചൊറിഞ്ഞുനൽകുന്ന സേവനത്തിന് ഏകദേശം 100 (1400 രൂപ) യുവാനുമാണ് നിരക്ക്.

എന്നാൽ, ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും ജനപ്രിയമായത് 80 മിനിറ്റ് ദൈർഘ്യമുള്ള ഫുൾ-ബോഡി സെഷനാണെന്നാണ് വിവരം. ഇതിന് 289 മുതൽ 299 (4200) യുവാൻ വരെയാണ് നിരക്ക്. ഷാങിന്റെ അഭിപ്രായത്തിൽ ഏകദേശം 70 ശതമാനം ഉപഭോക്താക്കളും ഈ പാക്കേജാണ് തിരഞ്ഞെടുക്കുന്നത്. ചൊറിച്ചിൽ മാറ്റുന്നതിൽ മാത്രം ഈ സേവനത്തിന്റെ പ്രത്യേകത ഒതുങ്ങുന്നില്ലെന്നാണ് ഷാങ് പറയുന്നത്. ശരിയായ രീതിയിൽ ചൊറിഞ്ഞുനൽകുന്നത് ശരീരത്തെ വിശ്രമിപ്പിക്കാനും സമ്മ‌ർദം കുറയ്‌ക്കാനും സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. പത്ത് പേരെയെടുത്താൽ അതിൽ ആറ് പേരും സേവനത്തിനിടെ ഉറങ്ങിപ്പോകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നഗരങ്ങളിലെ ഓഫീസുകളിൽ ജോലി ചെയ്യുന്ന പുരുഷന്മാരാണ് സ്ഥാപനത്തിലെ പ്രധാന ഉപഭോക്താക്കൾ. മുഴുവൻ ഉപഭോക്താക്കളിൽ 60 മുതൽ 70 ശതമാനംവരെയും ഇവരാണെന്നാണ് ഷാങിന്റെ കണക്ക്. ഇത്തരമൊരാശയം ഒറ്റ ദിവസം കൊണ്ട് രൂപപ്പെട്ടതല്ലെന്ന് ഷാങ്‌ പറയുന്നു. ശരീരത്തിലെ ഏത് ഭാഗങ്ങളിലാണ് സാധാരണയായി ചൊറിച്ചിൽ അനുഭവപ്പെടുന്നതെന്നും എങ്ങനെയാണ് അതിനെ ഫലപ്രദമായി ശമിപ്പിക്കേണ്ടതെന്നും മനസിലാക്കാൻ ഷാങ് വിശദമായ ഗവേഷണം നടത്തി.

മനുഷ്യശരീരത്തിൽ പ്രധാനമായും ചൊറിച്ചിൽ അനുഭവപ്പെടുന്ന അഞ്ചിടങ്ങളും 30ലധികം വിശാലമായ ഭാഗങ്ങളുമുണ്ടെന്ന് അദ്ദേഹം പറയുന്നു. സ്വന്തം പരിചയക്കാരിലും മറ്റും ഏകദേശം നാല് മാസത്തോളം പരീക്ഷണം നടത്തിയ ശേഷമാണ് അദ്ദേഹം ബിസിനസ് ആരംഭിച്ചത്. ചൊറിച്ചിലുള്ള ഭാഗങ്ങളിൽ നൽകേണ്ട ശരിയായ സമ്മർദം, ക്രമം, വേഗത എന്നിവയെക്കുറിച്ചും അദ്ദഹം സ്വയം പഠിച്ചു. തുടർന്നാണ് ആദ്യ ഒട്ട്‌ലെറ്റ് ആരംഭിച്ചത്. തുടർന്ന് രണ്ടാമത്തെ ഔട്ട്‌ലെറ്റും തുറന്നു. ഇരു സ്ഥാപനങ്ങളിൽനിന്നായി പ്രതിമാസം ഏകദേശം 1.6 ലക്ഷം യുവാൻ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് ഷാങ്‌ പറയുന്നത്.

English Summary

A unique “itch-relief shop” in Shenzhen, China, offers paid body-scratching services, with full-body sessions costing up to 299 yuan. The unusual business has quickly gained popularity.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ITCH RELIEF SHOP, BACK SCRATCHING BUSINESS, ITCH RELIEF BUSINESS, BODY SCRATCH SHOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY