നാലുവയസുകാരി പിഹു എന്ന ശ്രീ സായ്‌വിയെ ഫോട്ടോഗ്രഫി ആരും പഠിപ്പിച്ചതല്ല, അവൾ തന്നേ പഠിച്ചതാണ്. പാലക്കാട് കല്ലേക്കാട് കുറിച്ചാംകുളം സ്വദേശികളായ വിപിൻ ദാസിന്റെയും ശ്രീഷ്മ ശ്രീധരന്റെയും മൂത്തമകളാണ് ഇൻസ്റ്റാഗ്രാമിൽ 'പിഹു ബേബി' എന്ന ഓമനപ്പേരുള്ള കൊച്ചുമിടുക്കി. 18 മാസം മാത്രം പ്രായമുള്ളപ്പോഴാണ് പിഹു മൊബൈലിൽ ആദ്യ ഫോട്ടോ എടുത്തത്.
രണ്ടാം വയസിൽ ഡി.എസ്.എൽ.ആർ കാമറയിൽ ചിത്രങ്ങളെടുത്തു. മൂന്നു വയസുള്ളപ്പോൾ സ്വന്തം അമ്മയുടെ മെറ്റേണിറ്റി ഷൂട്ടെടുത്തു. ഇന്നിപ്പോൾ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ എന്ന റെക്കാഡിലേക്ക് നടന്നടുക്കുകയാണ് നാലുവയസുകാരി.
ചക്കാന്തറസെന്റ് റാഫേൽ കത്തീഡ്രൽ സ്കൂളിൽ എൽ.കെ.ജിയിൽ പഠിക്കുന്ന പിഹുവിന്റെ കാമറ കണ്ണിലൂടെ കൽപ്പാത്തി രഥോത്സവം, മണപ്പുള്ളിക്കാവ് വേല, കാളപൂട്ട് എന്നിങ്ങനെ നൂറോളം ചിത്രങ്ങൾ ലോകം കണ്ടു. കഴിഞ്ഞ നവംബറിൽ ഷാഫി പറമ്പിൽ എം.പി ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് പിഹു വൈറലായത്.
ഫോട്ടോ എടുക്കാൻ കാമറ റെഡിയാക്കി കൊടുക്കുന്നത് പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ അച്ഛൻ വിപിൻ ദാസാണ്. സാങ്കേതിക വശങ്ങളെ കുറിച്ച് അറിവില്ലെങ്കിലും കാമറയുടെ അപ്പർച്ചർ, ഷട്ടർ സ്പീഡ്, ഐ.എസ്.ഒ എന്നിവ ക്രമീകരിക്കാനും ലൈറ്റ് നോക്കി ഫ്രെയിം സെറ്റ് ചെയ്യാനും പോസ് പറഞ്ഞുകൊടുക്കാനും ലെൻസ് ഫോക്കസ് ചെയ്യാനും അവൾക്കറിയാം.
രണ്ട് വയസുള്ളപ്പോഴാണ് പിഹു ആദ്യമായി പ്രൊഫഷണൽ കാമറ ഉപയോഗിച്ചത്. 'ഒരു സുഹൃത്തിന്റെ കുട്ടിയുടെ ബർത്ത്‌ഡേ പാർട്ടിയുടെ അന്നാണ് മകൾക്ക് വിപിൻ കാമറ കൊടുത്തു നോക്കിയത്. ആദ്യ ശ്രമത്തിൽ ഏകദേശം പത്ത് നല്ല ചിത്രങ്ങളാണ് അവൾ പകർത്തിയത്. അച്ഛനോടൊപ്പം ഉള്ള ഓരോ യാത്രകളും പീഹുവിന് ഫോട്ടോഗ്രാഫിയോടുള്ള താല്പര്യം കൂട്ടിക്കൊണ്ടേയിരുന്നു. കാര്യങ്ങൾ നന്നായി നിരീക്ഷിക്കാനുള്ള പീഹുവിന്റെ കഴിവാണ് ഫോട്ടോഗ്രാഫി നന്നായി കൈകാര്യം ചെയ്യാൻ അവളെ പ്രാപ്തയാക്കിയത്.
Four-year-old Pihu, Sree Saivi, is becoming Kerala's youngest professional photographer. Self-taught, she captured her first mobile photo at 18 months and her mother's maternity shoot at three. Pihu displays advanced camera skills, adjusting settings and directing poses. Having photographed over a hundred events, her talent gained significant attention, including from an MP.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |