SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.54 AM IST

കറിക്കത്തിക്ക് തീരെ മൂർച്ചയില്ലേ? കഷ്‌ണങ്ങൾ പൂ പോലെ മുറിച്ചെടുക്കാൻ ഈ ടെക്‌നിക്കുകൾ പ്രയോഗിച്ച് നോക്കൂ

knife

അടുക്കളയിൽ പെരുമാറുന്നവർക്ക് തലവേദനയുണ്ടാക്കുന്ന ഒന്നാണ് കറി കഷ്‌ണങ്ങളരിയാൻ ഉപയോഗിക്കുന്ന കത്തിയുടെ മൂർച്ച. പാകത്തിന് മൂർച്ചയില്ലാതെ വരുമ്പോൾ കൂടുതൽ ബലം കത്തിയിൽ നൽകിയാൽ അത് കത്തി ഒടിയുന്നതടക്കം കുഴപ്പങ്ങളിലേക്ക് നയിച്ചേക്കാം. മൂ‌ർച്ചയുള്ള കത്തിയിൽ അധികം ബലം നൽകാതെ തന്നെ പച്ചക്കറികളോ മാംസമോ എന്ത് വസ്‌തുക്കളും അരിഞ്ഞെടുക്കാം. എന്നാൽ മൂർ‌ച്ച കുറയുമ്പോൾ കത്തിയിൽ ബലം നൽകിയാൽ ചിലപ്പോൾ മുറിക്കേണ്ട വസ്‌തു കൈയിൽ നിന്ന് തെന്നിമാറാനും കൈമുറിയാനോ മുറിക്കാനുപയോഗിക്കുന്ന പ്രതലം മുറിയാനോ ഒക്കെ ഇടയാകും. വളരെ മൃദുലമായ പഴങ്ങളോ മറ്റോ ആണ് അരിയാൻ ശ്രമിക്കുന്നതെങ്കിൽ അതുവച്ച പാത്രത്തിലാകെ പഴച്ചാറ് വീണ് ബുദ്ധിമുട്ടുണ്ടാകാം.

ഈ പ്രശ്‌നങ്ങളകറ്റി നല്ല മൂർച്ചയുള്ള കത്തിയാകാൻ വീട്ടിൽ നിന്നുതന്നെ ചില വഴികളുണ്ട്. വീട്ടിൽ നാം ഉപയോഗിക്കുന്നതും ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കുന്നതുമായ വസ്‌തുക്കളാണ് ഇതിനുവേണ്ടത്. ഒന്നിലധികം കത്തികളില്ലാത്ത വീട് ഉണ്ടാകില്ല. കത്തികളിൽ മൂർച്ചയും ബലമേറിയതുമായവയിൽ മൂർ‌ച്ച കുറഞ്ഞ കത്തി ഉരയ്‌ക്കുന്നത് പഴയകാലം മുതൽ തന്നെ മൂർച്ചകൂട്ടാനുപയോഗിക്കുന്ന മാർഗമാണ്. എന്നാൽ അമിതമായി ബലം പ്രയോഗിച്ചാൽ കത്തി തകരാതിരിക്കാൻ നോക്കണം.

പണ്ടുകാലം മുതൽ തന്നെ എല്ലാ വീടുകളിലും കാണുന്ന ഉപകരണമാണ് അരം. സാധാരണഗതിയിൽ ഉരുക്കുകൊണ്ട് നിർമ്മിച്ച ഇതിൽ ശരിയായി ഉരച്ചാൽ കത്തിയ്‌ക്ക് നല്ല മൂർച്ച ലഭിക്കും. ഇപ്പോൾ കൈപ്പിടിയോടുകൂടിയ അരം കടയിൽ ലഭിക്കാറുണ്ട്. ഇത് ഉപയോഗിക്കുന്നത് നല്ലതാണ്.

മൂന്നാമതൊരു വഴി താരതമ്യേന എളുപ്പമാണ്. കത്തി അടുപ്പിനുമുകളിൽ കാണിച്ച് ചൂടാക്കണം. ഇനി പൊട്ടിയ സെറാമിക് കപ്പിന്റെയോ പാത്രത്തിന്റെയോ ഭാഗം വീട്ടിലുണ്ടെങ്കിൽ അതിൽ കത്തിയുടെ വശങ്ങൾ ശക്തിയായി ഉരയ്‌ക്കുക. കൃത്യമായി ചെയ്‌താൽ അൽപനേരംകൊണ്ടുതന്നെ മൂർച്ചയേറിയ കത്തി ലഭിക്കും.

കത്തിയ്‌ക്ക് മൂർച്ചയുണ്ടോ എന്നറിയാൻ അതിന്റെ മുറിക്കുന്ന ഭാഗത്ത് മെല്ലെ വിരലോടിച്ചാൽ മതിയാകും. കൈയിൽ തടയുന്ന തരമാണ് തോന്നുന്നതെങ്കിൽ കത്തിക്ക് മൂർച്ച കുറവാണ് എളുപ്പം വിരലിനെ കടന്നുപോയാൽ നല്ല മൂർച്ചയുണ്ടെന്ന് മനസിലാക്കാം. കത്തിക്ക് മൂർച്ച കൂട്ടാൻ ഷാർപ്‌നറുകൾ ഇപ്പോൾ ലഭ്യമാണ്. ഇത് വാങ്ങി ഉപയോഗിക്കാം. വിവിധ അളവിലുള്ള ഷാർപ്‌നറുകളുള്ളതുകൊണ്ട് ഏത് വലുപ്പമുള്ള കത്തിയും മൂർച്ച കൂട്ടാം.

വീട്ടിൽ പണിക്കുപയോഗിക്കുന്ന സാന്റ് പേപ്പറുകളും കത്തി മൂർച്ചകൂട്ടാൻ നല്ലതാണ്. കത്തിയുടെ മൂർച്ചയേറിയ ഭാഗം സാന്റ്പേപ്പറിലുരച്ച് മൂർച്ച കൂട്ടാവുന്നതാണ്. ഈ മാർഗങ്ങൾ ഉപയോഗിച്ചാൽ വീട്ടിലുപയോഗിക്കുന്ന കത്തികൾ ഏറെനാൾ ഉപയോഗിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KNIFE, SHARPENING, TECHNICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY