SignIn
Kerala Kaumudi Online
Friday, 19 June 2026 6.04 PM IST

'മാധവിക്കുട്ടിക്കുശേഷം പ്രണയത്തെയും സ്ത്രീമനസിലെ കാമനകളെയും ഇത്രമേൽ സത്യസന്ധമായി ആവിഷ്കരിച്ച മറ്റൊരാളില്ല'

brinda

കൊല്ലം: സഞ്ചരിക്കുന്ന വഴികളുടെ പ്രത്യേകതയിലൂടെയാണ് കവയി​ത്രി​ ബൃന്ദ എഴുത്തുകാർക്കിടയിൽ നി​റഞ്ഞു നി​ൽക്കുന്നത്. പേജുകളുടെ എണ്ണത്തിലല്ല, എഴുത്തിന്റെ വേഗത്തി​ലും ആഴത്തിലുമാണ് കാര്യമെന്ന് ബൃന്ദ പുനലൂർ തെളി​​യി​ക്കുന്നു. ഒരൊറ്റ പ്രണയകാവ്യത്തിന് 2064 പേജുകൾ! രണ്ട് വർഷത്തിനുള്ളിൽ 39 പുസ്തകങ്ങൾ! മൂന്ന് സംസ്ഥാനങ്ങളി​ലെ ഗവർണർമാർ രാജ്ഭവനുകളിൽ വിളിച്ചുവരുത്തി ആദരിച്ച എഴുത്തുകാരി. വീണ്ടുമൊരു വായനാ ദിനത്തിൽ ബൃന്ദയുടെ അക്ഷരയാത്ര റെക്കാഡുകൾക്കും അപ്പുറത്തേക്ക് പായുകയാണ്.

'ഭൂമിയിലെ ഏറ്റവും മധുരമുള്ള കവിത' എന്ന 2064 പേജുള്ള പ്രണയകാവ്യത്തിലൂടെ ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംനേടിയ ബൃന്ദ, എഴുത്തിന്റെ സപര്യയിൽ ഇതിനകം 77 പുസ്തകങ്ങളാണ് പൂർത്തിയാക്കിയത്. കൊവിഡുകാലത്ത് 17 പുസ്തകങ്ങൾ ഒന്നിച്ച് പുറത്തിറക്കി ഏഷ്യൻ ഇന്റ‌ർനാഷണൽ ബുക്ക് ഒഫ് റെക്കാഡ്സിലും ഇടംനേടി. കേരളം, ഗോവ, പശ്ചിമബംഗാൾ ഗവർണർമാർ രാജ്ഭവനുകളിൽ വച്ച് ബൃന്ദയുടെ കൃതികൾ പ്രകാശനം ചെയ്തത് മലയാളത്തിലെ ഒരു എഴുത്തുകാരിക്ക് ലഭിക്കുന്ന അപൂർവ ബഹുമതിയുമായി.

മാധവിക്കുട്ടിക്ക് ശേഷം

കവിതയ്ക്ക് പുറമെ നോവൽ, ബാലസാഹിത്യം, പുരാണം, ജീവചരിത്രം തുടങ്ങി സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും ബൃന്ദയുടെ കൈയൊപ്പുണ്ട്. ജയദേവന്റെ 'ഗീതാ ഗോവിന്ദ'ത്തിന് മലയാളത്തിൽ ആദ്യമായി സ്വതന്ത്ര ഗദ്യപരിഭാഷ നൽകിയതും 1001 വരികളുള്ള 'ലിപ് ലോക്' എന്ന കവിത മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിലൂടെ ഇംഗ്ളീഷിലേക്ക് മൊഴിമാറ്റപ്പെട്ടതും സർഗ വൈഭവത്തിന്റെ മാറ്റുകൂട്ടി.

മാധവിക്കുട്ടിക്ക് ശേഷം പ്രണയത്തെയും സ്ത്രീ മനസിലെ കാമനകളെയും ഇത്രമേൽ സത്യസന്ധമായി ആവിഷ്കരിച്ച മറ്റൊരാളില്ലെന്ന് പ്രശസ്ത എഴുത്തുകാരൻ യു.എ.ഖാദർ നിരീക്ഷിച്ചിരുന്നു. മോഹൻലാൽ, കൈതപ്രം, പ്രഭാവർമ്മ, നെടുമുടി വേണു തുടങ്ങിയ പ്രമുഖരെല്ലാം ബൃന്ദയുടെ വരികളിലെ മാന്ത്രികതയെ പ്രശംസിച്ചിട്ടുണ്ട്. പത്തനാപുരം ഗാന്ധിഭവൻ ചെയർമാനായിരുന്ന പുനലൂർ കലയനാട് ജൂനാമഹലിൽ (അക്ഷരം, ഐക്കരക്കോണം) പരേതനായ അഡ്വ.എൻ.സോമരാജന്റെയും സുലോചനയുടെയും മകളാണ് ബൃന്ദ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRINDA, POET, AUTHOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY