SignIn
Kerala Kaumudi Online
Monday, 17 August 2026 3.40 AM IST

ആർക്കും വേണ്ടാതെ വലിച്ചെറിഞ്ഞിരുന്ന സാധനം,​ രൂപം മാറ്റി കയറ്റിഅയക്കുമ്പോൾ ലഭിക്കുന്നത് കോടികൾ

cash

കൊച്ചി: തേങ്ങച്ചിരട്ടയിൽ നിന്നുള്ള ആക്ടിവേറ്റഡ് കാർബണിന്റെ(ചിരട്ടക്കരി) കയറ്റുമതിയിൽ ഇന്ത്യയ്ക്ക് തങ്കത്തിളക്കം. കയറ്റുമതി അളവിൽ നേരിയ വർദ്ധന മാത്രമാണെങ്കിലും ആഗോള വിപണിയിലെ വിലക്കുതിപ്പിനാൽ വരുമാനം ഇരട്ടിയിലേറെ ഉയർന്നുവെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഒഫ് കൊമേഴ്‌സ്യൽ ഇന്റലിജൻസ് ആൻഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ പ്രതികൂല കാലാവസ്ഥ മൂലം തേങ്ങ ഉത്പാതനം കുറഞ്ഞതോടെ അസംസ്‌കൃതസാധനങ്ങളുടെ ലഭ്യത കുറഞ്ഞു. ഇതോടെ ആക്‌ടിവേറ്റഡ് കാർബണിന്റെ ഉത്പാദനവും ഇടിഞ്ഞു. ആഗോള ആവശ്യം കൂടിയതാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്. സ്വർണ വില കൂടിയതിനാൽ ഖനനമേഖലയിൽ ചിരട്ടക്കരിയുടെ ആവശ്യമേറി​. കുടിവെള്ളത്തിലെ രാസവസ്തുക്കൾ നീക്കണമെന്ന യൂറോപ്പിലെയും അമേരിക്കയിലെയും നിയമങ്ങൾ കാരണം വാട്ടർ ഫിൽട്ടർ കമ്പനികൾ ചിരട്ടക്കരി​ വാങ്ങിക്കൂട്ടി. അസംസ്‌കൃത വസ്തുക്കളുടെ കുറവ് കാരണം ആക്ടിവേറ്റഡ് കാർബൺ ഫാക്ടറികളിൽ ഉത്പാദനം 50 മുതൽ 60% വരെ കുറഞ്ഞു. ഇതാണ് വിലക്കയറ്റം രൂക്ഷമാക്കിയത്.

വർഷം :കയറ്റുമതി : വരുമാനം

2024-25: 1,76,436 ടൺ: 2,800 കോടി രൂപ

2025-26: 1,79,473 ടൺ: 4,689 കോടി രൂപ

 ചിരട്ട കരിയാക്കുന്നത്
ഉണങ്ങിയ ചിരട്ട വായുസഞ്ചാരം നിയന്ത്രിച്ച ഡ്രമ്മുകളിലോ ചൂളകളിലോ കരിച്ചാണ് ചിരട്ടക്കരി നിർമ്മിക്കുന്നത്. വായുസാന്നിദ്ധ്യം പരിമിതപ്പെടുത്തി ഉയർന്ന താപനിലയിൽ ചൂടാക്കുമ്പോൾ ഈർപ്പവും വാതകങ്ങളും പുറന്തള്ളും. കാർബൺ അവശേഷിക്കും. ഇത് തണുപ്പിച്ച് കഷണങ്ങളാക്കും.

 കർഷകർക്ക് ഗുണമി​ല്ല

ചി​രട്ടവി​ലക്കയറ്റത്തിന്റെ ഗുണം കൊപ്രമി​ല്ലുകാർക്കും ഗാർഹി​ക ഉപഭോക്താക്കൾക്കുമാണ്. കി​ലോഗ്രാമിന് 40 രൂപയ്ക്ക് വരെ ചി​രട്ടയെടുക്കാൻ ആക്രി​ക്കച്ചവടക്കാർ വീട്ടുമുറ്റത്തെത്തുന്നുണ്ട്. തേങ്ങ വി​റ്റ കർഷകർക്ക് ഇതിന്റെ ഗുണം കിട്ടുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FINANCE, COCONUT SHELL, COCOCONUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY