SignIn
Kerala Kaumudi Online
Monday, 08 June 2026 5.55 PM IST

ഹിറ്റായി മലയാളി പെൺകൊടികളുടെ തെലുങ്ക് ട്രാവൽ വ്ളോഗ്; ഇനിയുള്ള യാത്ര 2.4 കോടിയുടെ ഡിഫെൻഡറിൽ

vloggers

കൊച്ചി: നാലു മലയാളി പെൺകൊടികൾ വെന്നിക്കൊടി പാറിച്ച തെലുങ്ക് ട്രാവൽ വ്ളോഗിന്റെ യാത്ര ഇനി 2.4 കോടിയുടെ ലാൻഡ് റോവർ ഡിഫെൻഡ‌ർ കാറിൽ. തെലുങ്കിലേക്കുള്ള ചുവടുവയ്പിന് വഴിതെളിച്ചത് ആന്ധ്ര ഗുണ്ടൂർ സ്വദേശി നികിത റെഡ്ഢി. നികിത കൂടി ഉൾപ്പെട്ട അഞ്ചംഗത്തിലെ അമരത്തുള്ള മലയാളികൾ പാലക്കാട് സ്വദേശികളായ ശില്പ സുമേഷ്, കെ.എ.ഹംന, ബംഗളൂരു മലയാളി സേറ മാത്യൂസ്, തേഞ്ഞിപ്പലത്തെ അനീറ്ര എലിസബത്ത് ജോസ്.

ബംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജിയിലെ പഠനം കഴിഞ്ഞിറങ്ങിയ അഞ്ചുപേരും സ്വന്തം ബിസിനസ് സംരംഭത്തിനായി കൈകോർക്കുകയായിരുന്നു. അഞ്ചു വർഷം മുമ്പ് ബംഗളൂരുവിൽ ഇവർ തുടങ്ങിയ 'ലൈഫ് ഡിസൈനർ പ്രൈവറ്റ് ലിമിറ്റഡ്" പച്ചപിടിച്ചതോടെ ബിസിനസ് യാത്രകൾ അനിവാര്യമായി. അത്തരം യാത്രകളിലാണ് വ്ളോഗർമാരുടെ മേലങ്കിയണിഞ്ഞത്.

യാത്രാനുഭവങ്ങൾ യുട്യൂബിൽ പങ്കുവച്ചുതുടങ്ങി. തുടക്കത്തിൽ ഇംഗ്ലീഷിലും മലയാളത്തിലുമായിരുന്നു വ്ലോഗുകൾ. ഡൽഹി യാത്രയ്‌ക്കിടെ ഗംഗ ബ്രിഡ്ജിൽ വച്ചാണ് തെലുങ്ക് പരീക്ഷിച്ചത്. ആന്ധ്രക്കാരി നികിതയും കൂട്ടുകാരി ദിവിസയും സഹായിച്ചു. വീഡിയോ വൈറലായി. തെലുഗോ ചാനലിന് ഇപ്പോൾ മൂന്നര ലക്ഷം വരിക്കാരുണ്ട്. വ്ലോഗിൽ ഇയോ, ഗ്രേ, സോ, ലിറ്റ്, ഡ്രിക്സ് എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. ഹംന വിവാഹിതയാണ്. അഭിനേത്രി കൂടിയാണ് സേറ.

റോഡുമാർഗം അഞ്ചുതവണ ഇന്ത്യ കറങ്ങിയിട്ടുണ്ട്. യാത്ര നേപ്പാളിലും ഭൂട്ടാനിലുമെത്തി. ലണ്ടൻ യാത്രയാണ് ഡിഫെൻഡറിൽ പ്ലാൻ ചെയ്യുന്ന വലിയ ദൗത്യം. ഫോർച്ച്യൂണർ, ഓഡി ക്യു-7 കാറുകളുമുണ്ട് സംഘത്തിന്. ആദ്യ വാഹനങ്ങൾ കർണാടക രജിസ്ട്രേഷനായതിനാൽ പുതിയത് കൊച്ചിയിൽ നിന്നാക്കുകയായിരുന്നു. ലഡാക്കിലേക്കാണ് ഡിഫെൻഡറിലെ ആദ്യ ട്രിപ്പ്.

ഭക്ഷണം ഒരുപാത്രത്തിൽ

ഐക്യമാണ് വിജയമെന്ന് അഞ്ചംഗ സംഘം പറയുന്നു. ഭക്ഷണം ഒരുമിച്ചു കഴിക്കാൻ ഓഫീസിൽ വലിയൊരു പ്ലേറ്റുണ്ട്. താമസവും കഴിയുന്നത്ര ഒരുമിച്ചാണ്. ലഹരിക്കെതിരായ സന്ദേശമാണ് യാത്ര. 2021ലാണ് 'ലൈഫ് ഡിസൈനറി" എന്ന സ്ഥാപനം ആരംഭിക്കുന്നത്. ഇന്ന് അഞ്ചുകോടി വിറ്റുവരവും 40 ജീവനക്കാരുമുണ്ട്. സംരംഭകർക്കുള്ള മാർഗനിർദ്ദേശങ്ങൾ, വെബ്സൈറ്റ്, സോഫ്‌റ്റ്‌വെയറുകൾ എന്നിവയുടെ രൂപകല്പന, ബ്രാൻഡ് പ്രൊമോഷൻ, മാർക്കറ്റിംഗ് തുടങ്ങിയ സേവനങ്ങളാണ് നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VLOGGERS, MALAYALI VLOGGERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY