SignIn
Kerala Kaumudi Online
Thursday, 03 September 2026 11.36 PM IST

റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

malayali-girls
നവികയും കാത്‌ലിനും ട്രെയിനർമാർക്കൊപ്പം

നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ സംരക്ഷിക്കാനും ഡിജിറ്റൈസ് ചെയ്യാനും അത്യാധുനിക റോബോട്ടിക് സംവിധാനമൊരുക്കി ദേശീയശ്രദ്ധ നേടി മലയാളി പെൺകുട്ടികൾ. ഓഗസ്റ്റ് 26 മുതൽ 28 വരെ ഹൈദരാബാദിൽ നടന്ന വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് (ഡബ്ല്യു.ആർ.ഒ) ഇന്ത്യ നാഷണൽസിൽ ഒന്നാം സ്ഥാനം നേടിയാണ് 14 വയസ്സുകാരായ കാത്‌ലിൻ മേരി ജീസൻ, നവിക ഡി നായർ എന്നീ വിദ്യാർഥിനികൾ അന്താരാഷ്ട്ര മത്സരത്തിന് യോഗ്യത നേടിയത്. ഫ്യൂച്ചർ ഇന്നൊവേറ്റേഴ്‌സ് -സീനിയർ വിഭാഗത്തിലാണ് ഇവരുടെ യു.ഡബ്ല്യു.ആർ സിനർജി ടീം ദേശീയ ചാമ്പ്യന്മാരായത്. ഈ വർഷം ഡിസംബറിൽ പ്യൂർട്ടോറിക്കയിൽ നടക്കുന്ന ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇവർ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

'പ്രാചീന വിജ്ഞാനം ഭാവി സാങ്കേതികവിദ്യയെ കണ്ടുമുട്ടുമ്പോൾ' എന്ന വിഷയത്തിലാണ് 'ഡബ്ല്യു.ആർ.ഒ ഇന്ത്യ'യിൽ യു.ഡബ്ല്യു.ആർ സിനർജി ടീം മത്സരിച്ചത്. ഇന്ത്യയിലെ ഗണിത ജ്യോതിശാസ്ത്ര ആചാര്യന്മാർ സമ്മാനിച്ച അറിവുകൾ നൂറ്റാണ്ടുകളായി അതിലോലമായ താളിയോലകളിലാണ് സംരക്ഷിച്ചുപോരുന്നത്. കാലപ്പഴക്കവും പ്രകൃതിക്ഷോഭങ്ങളും ഈ അമൂല്യ രേഖകളെ നശിപ്പിക്കുമ്പോൾ മഹത്തായ അറിവുകളും പൈതൃകവുമാണ് നഷ്ടമാകുന്നത്. ഇത്തരം പ്രാചീന ഡാറ്റകളും അറിവുകളും വീണ്ടെടുക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് കാത്‌ലിനും നവികയും ഈ പ്രോജക്റ്റിലേക്ക് എത്തിയത്.

പരമ്പരാഗതമായി മാസങ്ങൾ വേണ്ടിവരുന്ന അതിസൂക്ഷ്മമായ പ്രവൃത്തിയാണ് താളിയോല സംരക്ഷണം. ഈ പ്രതിസന്ധിക്ക് റോബോട്ടിക്സിന്റെയും നിർമിത ബുദ്ധിയുടെയും സാധ്യതകളിലൂടെ പരിഹാരം കണ്ടെത്തുകയാണ് ഇവർ. ഇവർ വികസിപ്പിച്ച 'സ്മൃതി 1.0' എന്ന ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ മിനിറ്റുകൾക്കുള്ളിൽ സുരക്ഷിതമായി താളിയോല സംരക്ഷണം പൂർത്തിയാക്കാൻ സാധിക്കും.

പൂർണമായും ഓട്ടോമേറ്റഡ് ആയ റോബോട്ടിക് സംവിധാനം, കസ്റ്റം ട്രെയിൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഒസിആർ സാങ്കേതികവിദ്യ എന്നിവ കോർത്തിണക്കിയാണ് 'സ്മൃതി' പ്രവർത്തിക്കുന്നത്. ഇതിൽ താളിയോലകൾക്ക് കേടുപാട് വരാത്ത വിധം പ്രത്യേക കൺവെയർ സംവിധാനത്തിലൂടെ പൊടിയും അഴുക്കും നീക്കം ചെയ്യുകയും, തുടർന്ന് ദീർഘകാല സംരക്ഷണത്തിനായുള്ള ലേപനങ്ങൾ പുരട്ടുകയും ചെയ്യുന്നു. ഹൈ റസല്യൂഷൻ ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് താളിയോലകളുടെ ഓരോ സൂക്ഷ്മ വശവും ഡിജിറ്റലായി ഒപ്പിയെടുക്കുന്നുണ്ട്. താളിയോലകളിലെ പ്രാചീന ലിപികളെ വായിച്ചെടുത്ത് എഡിറ്റ് ചെയ്യാവുന്ന കംപ്യൂട്ടർ ടെക്സ്റ്റ് ഫയലാക്കി മാറ്റാൻ ഇതിലെ എ.ഐ എൻജിനു സാധിക്കും. കൂടാതെ സ്കാൻ ചെയ്ത വിവരങ്ങൾ ക്ലൗഡ് അധിഷ്ഠിത ആപ്ലിക്കേഷനിലൂടെ ലോകമെമ്പാടുമുള്ള ചരിത്ര ഗവേഷകർക്കും വിദ്യാർത്ഥികൾക്കും തത്സമയം ലഭ്യമാക്കുകയും ചെയ്യും.

യുണീക് വേൾഡ് റോബോട്ടിക്സിലെ(യുഡബ്ല്യുആർ) മെന്റർമാരായ ഡിക്സൺ എം.ഡി, ശക്തിപ്രിയ ഇ.കെ, ജയശങ്കർ വി.എ, കോച്ച് അഖില ആർ. ഗോമസ് എന്നിവരുടെ മേൽനോട്ടത്തിലാണ് ഈ പ്രൊജക്റ്റ് വികസിപ്പിച്ചെടുത്തത്. ഇരുവരും മൂന്ന് വർഷമായി യുഡബ്ല്യുആറിൽ പഠിക്കുന്നുണ്ട്. കുട്ടികൾക്കും പ്രൊഫഷണലുകൾക്കും റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ പരിശീലനം നൽകുന്ന ദുബായ് ആസ്ഥാനമായ പ്രമുഖ ആഗോള വിദ്യാഭ്യാസ സ്ഥാപനമാണ് യുഡബ്ല്യുആർ.

ഇന്നൊവേറ്റർ, റോബോട്ടിക്സ്, പുസ്തക രചന എന്നിവയാണ് മാള ഹോളി ഗ്രേയ്‌സ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ കാത്‌ലിൻ്റെ ഇഷ്ടമേഖലകൾ. ഡിസൈൻ, ഹാർഡ്വെയർ ആർക്കിടെക്ചർ, ഗവേഷണം എന്നിവയിൽ മികവ് പുലർത്തുന്നയാളാണ് കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിലെ ഒൻപതാം ക്ലാസുകാരിയായ നവിക. ഇരിങ്ങാലക്കുട മാനുസ്ക്രിപ്റ്റ് റിസർച്ച് ആൻഡ് പ്രിസന്റേഷൻ സെന്റർ ഡയറക്ടർ ലിറ്റി ചാക്കോ റിസർച്ച് ചെയ്തിരുന്ന സംഗമഗ്രാമ മാധവനെക്കുറിച്ചുള്ള വിവരങ്ങളും ഗവേഷണങ്ങളും പങ്കുവെച്ചതാണ് പ്രോജക്റ്റിൽ കുട്ടികൾക്ക് പ്രചോദനമായത്.

"കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ച് വിജയം നേടാൻ യു.ഡബ്ല്യു.ആറിൽ നിന്ന് ലഭിച്ച മികച്ച പരിശീലനം ഞങ്ങളെ ഏറെ സഹായിച്ചു. അന്താരാഷ്ട്ര വേദിയിൽ സ്വർണ്ണം നേടുന്നതിനോടൊപ്പം, ഇത് കൂടുതൽ വിദ്യാർത്ഥികൾക്ക് പ്രചോദനമാകണമെന്നും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സമൂഹത്തിന് ഉപകാരപ്രദമായ കണ്ടുപിടുത്തങ്ങളുമായി കൂടുതൽ പേർ ഈ മേഖലയിലേക്ക് കടന്നുവരണമെന്നുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്" എന്ന് കാത്‌ലിനും നവികയും പറഞ്ഞു.

English Summary

Two 14-year-old Malayali girls, Kathleen Mary Jeeson and Navika D. Nair, developed an advanced robotic system named "Smriti 1.0" for preserving and digitizing ancient palm-leaf manuscripts. This AI and OCR-powered innovation secured them first place at the World Robot Olympiad India Nationals. They will now represent India at the international competition in Puerto Rico this December.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALAYALI GIRLS ROBOTICS, PALM LEAF MANUSCRIPT PRESERVATION, KERALA STUDENTS ROBOTICS, INDIA ROBOTICS COMPETITION, THALIYOLA SAMRAKSHANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY