SignIn
Kerala Kaumudi Online
Thursday, 03 September 2026 4.45 AM IST

ഓണം കഴിഞ്ഞിട്ടും വില കുറയാതെ ഞാലിപ്പൂവനും ഏത്തനും,​ കിലോയ്ക്ക് 100 രൂപ വരെ

banana-

വൈപ്പിൻ: ഓണം കഴിഞ്ഞിട്ടും വിപണിയിൽ വിലയിടിയാതെ ഞാലിപ്പൂവനും നേന്ത്രപ്പഴത്തിനും ഡിമാൻഡേറുന്നു. കിലോയ്ക്ക് 90 മുതൽ 100 രൂപ നിരക്കിലാണ് ഗ്രാമീണ മേഖലകളിൽ ഞാലിപ്പൂവൻ വിറ്റുപോകുന്നത്. നഗരങ്ങളിൽ ഇത് 120 രൂപ വരെയുണ്ട്.
ഓണക്കാലത്ത് ഞാലിപ്പൂവൻ പഴങ്ങൾ കിട്ടാനില്ലാത്ത സാഹചര്യമുണ്ടായിരുന്നുവെന്ന് നായരമ്പലത്തെ വ്യാപാരി പി.കെ. ഹരി പറഞ്ഞു. സീസൺ അല്ലാത്തതിനാലുള്ള ലഭ്യതക്കുറവാണ് ഓണശേഷവും ഞാലിപ്പൂവന് വില കുറയാത്തതിന് കാരണം. ചിങ്ങമാസമെത്തിയതോടെ വിവാഹസദ്യകളിലും ഞാലിപ്പൂവന് സ്ഥാനമേറി.
മാള ഭാഗത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രധാനമായും ആലുവ,പറവൂർ, വൈപ്പിൻ മേഖലകളിൽ ഇവ വിപണിയിലെത്തുന്നത്. നാടൻ ഞാലിപ്പൂവൻ കുലകളേക്കാൾ, തമിഴ്‌നാട്ടിൽ നിന്നെത്തുന്നവയിൽ ഇടതൂർന്ന പടലകളാണ് കാണപ്പെടുന്നത്. അതിനാൽ തമിഴ്‌നാട് പഴങ്ങൾക്ക് വിപണിയിൽ ആവശ്യക്കാരേറെയാണ്.

ഞാലിപ്പൂവൻ വില - 90 - 100 രൂപ

നേന്ത്രപ്പഴം - 65 - 75 രൂപ

പച്ചക്കറികൾക്കും കുറവില്ല

ഞാലിപ്പൂവന് പുറമെ നേന്ത്രപ്പഴത്തിനും വിപണിയിൽ ഉയർന്നവില തുടരുകയാണ്. ചിപ്‌സ് നിർമ്മാണത്തിന് പച്ചക്കായയും നേന്ത്രപ്പഴവും വലിയതോതിൽ ഉപയോഗിക്കുന്നതാണ് ഇതിനുകാരണം. നേന്ത്രക്കായയുടെ കാര്യത്തിൽ നാടൻ ഇനങ്ങൾക്കാണ് ആവശ്യക്കാരേറെ. രുചിയിലും ഗുണത്തിലും ഇവ മറുനാടൻ പഴങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ്.
നിലവിൽ കിലോയ്ക്ക് 65 മുതൽ 75 രൂപ വരെയാണ് നേന്ത്രപ്പഴവില. റോബസ്റ്റായ്ക്ക് 40 രൂപയും പാളയംകോടന് 40 രൂപയും പൂവന് 50 രൂപയുമാണ് ഇപ്പോഴത്തെ ശരാശരിവില. വരുംമാസങ്ങളിൽ കൂടുതൽ പഴങ്ങൾ വിപണിയിലെത്തുന്നതോടെ മാത്രമേ വിലയിൽ കാര്യമായ കുറവുണ്ടാകൂ എന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. തക്കാളി ഒഴികെയുള്ള പച്ചക്കറികൾക്കും ഓണവിപണിയിലെ വിലയിൽ കുറവ് വന്നിട്ടില്ല. സവാളയ്ക്ക് വിലയേറുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FINANCE, BANANA PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE